|    Oct 16 Tue, 2018 1:45 pm
FLASH NEWS

ആനന്ദത്തിന്റെ തിരികക്കയം… അപകടത്തിന്റെയും

Published : 18th September 2017 | Posted By: fsq

 

വാണിമേല്‍: പഞ്ചായത്തിലെ കരുകുളത്ത് തിരികക്കയം വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്നു. ദിനേന നൂറുകണക്കിന് സന്ദര്‍ശകരാണ് വിദൂരങ്ങളില്‍നിന്നടക്കം ഇവിടെയെത്തുന്നത്. മഴ കനത്തതോടെ അപകട സാധ്യത കൂടിയിരിക്കുകയാണ്. പ്രദേശവാസികളുടെ മുന്നറിയിപ്പിനെ അവഗണിച്ച് ചെങ്കുത്തായ പാറയില്‍ നുഴഞ്ഞുകയറി അപകടം വരുത്തുന്നത് സ്ഥിരം കാഴ്ചയാണ്. ഉരുള്‍ പൊട്ടാന്‍ സാധ്യതയേറെയുള്ള ഇവിടം മുന്‍പ് നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ട്. വാഹനമിറങ്ങി കുറേദൂരം സഞ്ചരിക്കേണ്ടതിനാല്‍ അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വളരെ പ്രയാസപ്പെടുന്നു. വൈകുന്നേരങ്ങളില്‍ ഇവിടെ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടുന്നതായും പരാതിയുണ്ട്. പലപ്പോഴും പ്രദേശവാസികളും സന്ദര്‍ശകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കൈയാങ്കളിയില്‍ കലാശിക്കുകയും ചെയ്യുന്നു. അപകടങ്ങള്‍ വര്‍ഷകാലങ്ങളില്‍ നിത്യസംഭവമായ തിരികക്കയം വെള്ളച്ചാട്ടത്തിനടുത്ത് പോലിസിനോ ഫയര്‍ എഞ്ചിനോ എത്താനുള്ള റോഡുമില്ല. അപകടം സംഭവിച്ച് ഒരുപാട് സമയം കഴിഞ്ഞാണ് അധികൃതരും പുറംലോകവും സംഭവം അറിയാറ്. അപകട മുന്നറിയിപ്പ് നല്‍കുന്ന സൂചനാ ബോര്‍ഡുകളോ സുരക്ഷഗാര്‍ഡിന്റെ സാന്നിധ്യമോ ഇവിടെയില്ല. സഞ്ചാരികള്‍ക്കായി ഫസിലിറ്റേഷന്‍ സെന്ററിന്റെയും ടോയ്‌ലറ്റ് ബ്ലോക്കിന്റെയും ടൂറിസ്റ്റുകള്‍ക്ക് വിശ്രമിക്കാനും  വെള്ളച്ചാട്ടവും പ്രകൃതിഭംഗിയും ആസ്വദിക്കാനുമുള്ള പവലിയന്റേയും നിര്‍മാണം അടിയന്തരമായി നടക്കേണ്ടിയിരിക്കുന്നു. വടകര താലൂക്കില്‍ വൈദ്യുതി ഉല്‍പാദനത്തിന് സാധ്യതയുള്ളതായി തിരികക്കയം ചൂണ്ടിക്കാണിക്കപ്പെടുന്നു. വിലങ്ങാട് മലയില്‍ നിന്ന് ഉത്ഭവിച്ച് മയ്യഴിപ്പുഴയില്‍ ചേരുന്ന വാണിമേല്‍ പുഴയുടെ കൈവരിയാണ് തിരികക്കയം. ഏതാണ്ട് 50 അടി ഉയരത്തില്‍ നിന്നാണ് ഇവിടെ വെള്ളം പതിക്കുന്നത്. അണകെട്ടാന്‍ സൗകര്യമുള്ള രീതിയിലുള്ള ഈ പ്രദേശം വടക്കേ മലബാറിലെ വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ ഒരളവുവരെ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇക്കോ ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് പഞ്ചായത്ത് അധികൃതര്‍ ഉന്നതാധികൃതര്‍ക്ക്് അപേക്ഷ നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss