|    Nov 20 Mon, 2017 4:58 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ആനത്താര പദ്ധതി അട്ടിമറിച്ചു

Published : 7th August 2017 | Posted By: fsq

 

ഷാനവാസ് കാരിമറ്റം

അടിമാലി: സംസ്ഥാനത്തെ വനാതിര്‍ത്തികളില്‍ കോടികള്‍ മുടക്കിയിട്ടും ആനത്താര പദ്ധതി യാഥാര്‍ഥ്യമാവാത്തത് ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനയുടെ ആക്രമണം വര്‍ധിക്കാന്‍ കാരണമാവുന്നു. കാട്ടാനകളുടെ സംരക്ഷണത്തിനും ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിനുമായി തയ്യാറാക്കിയതാണ് ആനത്താര പദ്ധതി. ആനത്താരയുടെ വീണ്ടെടുപ്പിന് കോടിക്കണക്കിനു രൂപയുടെ പദ്ധതിക്കാണ് കേന്ദ്രമന്ത്രാലയം അംഗീകാരം നല്‍കിയത്. ആദ്യഘട്ടം നടത്തിപ്പിന് 2008ല്‍ പണം അനുവദിച്ചിരുന്നു. എന്നാല്‍, സംസ്ഥാന വനംവകുപ്പ് ഈ പദ്ധതിക്കുമേല്‍ അടയിരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. സംസ്ഥാന വനംവകുപ്പിന്റെ താല്‍പര്യമില്ലായ്മയാണ് ഈ ജനക്ഷേമ പദ്ധതിക്ക് തടസ്സമാവുന്നത്. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍, ആനയിറങ്കല്‍, മറയൂര്‍ മേഖലകളില്‍ വന്യജീവി ആക്രമത്തില്‍ രണ്ടു വര്‍ഷത്തിനിടെ അഞ്ച് കര്‍ഷകരാണ് കൊല്ലപ്പെട്ടത്. ആനയുടെ ആക്രമണങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ആനത്താര വീണ്ടെടുക്കല്‍ പദ്ധതിയുടെ പ്രാധാന്യം ഏറെയാണ്. വനം-വന്യജീവി വകുപ്പ് വയനാട് ജില്ലയിലെ ചില പ്രദേശത്ത് മാത്രമാണ് ഇതു പൂര്‍ത്തിയാക്കിയത്. എന്നാല്‍, കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പലയിടത്തും ഈ പദ്ധതി പാതിവഴിയിലാണ്.  പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്തകര്‍ഷകര്‍ക്ക് വനംവകുപ്പിന്റെ കടുത്ത അവഗണന തീരാദുരിതമായി മാറുകയാണ്. ഒരു വനമേഖലയില്‍നിന്നു മറ്റൊരു വനമേഖലയിലേക്കുള്ള കാട്ടാനകളുടെ പരമ്പരാഗത സഞ്ചാരമാര്‍ഗങ്ങളില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ നിരവധി ജനവാസകേന്ദ്രങ്ങളാണ് രൂപംകൊണ്ടത്. ഈ ജനവാസകേന്ദ്രങ്ങളിലാണ് കാട്ടാനകളുടെ ആക്രമണം കൂടുതലായുണ്ടാവാറുള്ളത്. കാട്ടാന ഉള്‍െപ്പടെയുള്ളവ കാടിറങ്ങി കൃഷിയും മറ്റു സ്വത്തുക്കളും നശിപ്പിക്കുകയും ജീവന് ഭീഷണി ഉയര്‍ത്തുകയുമാണ്. ഇതിനു പരിഹാരമായി വിദഗ്ധര്‍ ശുപാര്‍ശ ചെയ്തതാണ് ആനത്താര പദ്ധതി. കൈവശഭൂമിക്ക് അര്‍ഹമായ വിലയും നഷ്ടപരിഹാരവും നല്‍കി ഒഴിപ്പിച്ചെടുക്കുന്ന ജനവാസകേന്ദ്രങ്ങള്‍ നൈസര്‍ഗിക വനമായി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇടുക്കിയിലെ ആനയിറങ്കല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ആനത്താര പദ്ധതി ആരംഭിക്കാനുള്ള പ്രാരംഭ പരിശോധനകള്‍പോലും നടത്തിയിട്ടില്ല. മറയൂര്‍ കീഴാന്തൂരിലും സ്ഥിതി വിഭിന്നമല്ല. വയനാട്ടിലെ പെരിയ-കൊട്ടിയൂര്‍ പദ്ധതിക്ക് 2007ല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ചതാണ്. വടക്കേ വയനാട് വനം ഡിവിഷന്റെ ഭാഗമാണ് പെരിയ. കൊട്ടിയൂര്‍ ആറളം വന്യജീവിസങ്കേതത്തിലാണ്. പെരിയയില്‍ നിന്നു കൊട്ടിയൂരിലേക്കുള്ള ആനത്താരയുടെ വീണ്ടെടുപ്പിന് 131.5 ഹെക്റ്റര്‍ ഭൂമി ഏറ്റെടുക്കണം. ഇതില്‍ 95 ഹെക്റ്റര്‍ വയനാട്ടിലും 36.5 ഹെക്റ്റര്‍ കണ്ണൂര്‍ ജില്ലയിലുമാണ്. പദ്ധതിക്കായി 205 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടത്. വയനാട്ടില്‍ 171 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. ആറളം വന്യജീവിസങ്കേത പരിധിയിലാണ് 34 കുടുംബങ്ങള്‍ കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക