|    Oct 22 Sun, 2017 6:40 am

ആനകളെ തുരത്താനായില്ലെങ്കില്‍ മയക്കുവെടി വയ്ക്കാന്‍ തീരുമാനം

Published : 10th August 2017 | Posted By: fsq

 

ഒറ്റപ്പാലം: ഇരുജില്ലകളുടെയും അതിര്‍ത്തി പ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടാനകള്‍ തിരുവില്വാമല മലേശമംഗലത്തെത്തി. പുനര്‍ജനിക്ക് സമീപമുള്ള വനത്തില്‍ നിലയുറപ്പിച്ച ആനകളെ വയനാട്ടില്‍ നിന്നുള്ള ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയും വാളയാറില്‍ നിന്നുള്ള ദൗത്യ സംഘവും സമീപത്തെ മലയില്‍ കയറി നിരീക്ഷിച്ചു വരികയാണ്. പതിനൊന്ന് മണിക്കൂറോളം ഭാരതപ്പുഴയുടെ എറക്കോട്ടിരി കടവിന് നടുവില്‍ നീരാടിയ ആനകളെ ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ചോടെ പടക്കം പൊട്ടിച്ചും പന്തം കൊളുത്തിയുമാണ് കരക്കുകയറ്റി തുരത്തിയത്. ഭാരതപ്പുഴക്ക് സമീപത്ത് കൂടിയുള്ള വന പ്രദേശങ്ങളിലൂടെ കിലോമീറ്ററുകളോളം ഓടിച്ച ആനകള്‍ രാത്രി 8ഓടെ പാമ്പാടി ഭാഗത്തെത്തിയിരുന്നു. ഇവിടെ നിന്നും പതിയെ നീങ്ങിയ ആനകള്‍ ഇന്നലെ രാവിലെ പുനര്‍ജനിക്ക് സമീപമുള്ള വനത്തില്‍ എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പാമ്പാടി, ലെക്കിടി ഭാഗങ്ങളില്‍ നാശനഷ്ടം വരുത്തിയ ആനകള്‍ വീണ്ടും  തിരിച്ചെത്തിയതറിഞ്ഞു പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. മൂന്നംഗ കരിവീരന്മാരെ ഇനിയും തുരത്തിയോടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മയക്കു വെടി വയ്ക്കാന്‍ ഈസ്റ്റ് സര്‍ക്കിള്‍ ഫോറസ്റ്റ് കണ്‍ സര്‍വേറ്റര്‍ എല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. മയക്ക് വെടിവച്ച് തളക്കുന്ന കൊമ്പന്മാരെയും പിടിയാനയെയും കുങ്കിയാനകളെ ഉപയോഗിച്ച് കോടനാടുള്ള ആന സങ്കേതത്തിലേക്ക് മാറ്റാനാണ് തീരുമാനം.ആനകളെ തുരത്തിയോടിക്കാനുള്ള ശ്രമം വളരെ വൈകിയും നടക്കുകയാണ്. മലേശമംഗലത്തെ ജനവാസ കേന്ദ്രത്തില്‍ ആനകള്‍ നിലയുറപ്പിച്ചതില്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ ബ്രീജകുമാരി, പാലക്കാട് തൃശ്ശൂര്‍ ജില്ലകളിലെ ഡിഎഫ്ഒമാര്‍, പോലിസ് ഉദ്യോഗസ്ഥര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക