|    Jul 21 Fri, 2017 4:23 pm
FLASH NEWS

ആധുനിക രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനത്തിന് കരാറുകാര്‍ക്ക് ബോധവല്‍ക്കരണം നടത്തും: മന്ത്രി

Published : 15th July 2017 | Posted By: fsq

 

കളമശ്ശേരി: കേരളത്തിലെ നിര്‍മാണമേഖലയില്‍ ആധുനിക രീതിയിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കരാറുകാര്‍ക്ക് ബോധവല്‍ക്കരണം നടത്തുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് പരിസ്ഥിതിക്ക് ആഘാതമില്ലാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കരാറുകാര്‍ രംഗത്തെത്തണമെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി നഗരസഭയേയും ദേശീയപാത 17നേയും ബന്ധിപ്പിക്കുന്ന ചമ്പോക്കടവ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 25000 കോടിരൂപയുടെ പദ്ധതി കിഫ്ബിക്ക് നല്‍കുകയും അതിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും വിദഗ്ധരുടെ അഭാവം കാരണം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ കാലതാമസം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തീരദേശപാതകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ആരേയും കുടിയൊഴിപ്പിക്കാതെയായിരിക്കും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് ഏറ്റവും കൂടുതല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും എഗ്രിമെന്റ് വച്ച ജോലികളും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. സീപോര്‍ട്-എയര്‍പോര്‍ട് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായായാലേ കൊച്ചിയുടെ വികസനം യാഥാര്‍ത്ഥ്യമാവുകയുള്ളൂവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ എംഎല്‍എമാരായ പി ടി തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എംപി പി രാജീവ്, കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സന്‍ ജെസ്സി പീറ്റര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി എ സക്കീര്‍ ഹുസയ്്ന്‍, പ്രതിപക്ഷ നേതാവ് ഹെന്നി ബേബി, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു മനോഹരന്‍, മുഹമ്മദ് കുഞ്ഞ് വെള്ളക്കല്‍, എടിസി കുഞ്ഞുമോന്‍ സംബന്ധിച്ചു. 13.5 മീറ്റര്‍ നീളത്തിലും 8.5 മീറ്റര്‍ വീതിയിലും നിര്‍മിച്ച പാലത്തിന് 2കോടി 5ലക്ഷംരൂപയാണ് ചെലവഴിച്ചത്. പാലം തുറന്നുകൊടുത്തതോടെ ഇടപ്പള്ളി ടോളില്‍നിന്നും ദേശീയപാത ബൈപാസ് ജങ്ഷന്‍ ബന്ധിക്കാതെ എന്‍എച്ച് 17ലേക്കും കണ്ടയ്‌നര്‍ റോഡിലേക്കും എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക