|    Sep 26 Wed, 2018 8:10 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആധുനിക മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് ആരംഭിച്ചു

Published : 31st August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയബാധിത മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വൈദ്യസഹായം എത്തിക്കാന്‍ കഴിയുന്ന ആധുനിക മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. എല്ലാ പ്രളയബാധിത ജില്ലകളിലും ഈ ക്ലിനിക്കിന്റെ സേവനം ലഭ്യമാക്കുമെന്നു മന്ത്രി പറഞ്ഞു. രണ്ടു വാഹനങ്ങളാണ് മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിനായി ഉപയോഗിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ആധുനിക സംവിധാനങ്ങളുള്ള സഞ്ചരിക്കുന്ന മെഡിക്കല്‍ ക്ലിനിക്കില്‍ ഉണ്ടാവുക.
ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഈ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കില്‍ ലഭ്യമാണ്.
ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മൊബൈലില്‍ അടക്കം പരിശോധനാ ഫലങ്ങള്‍ ലഭ്യമാക്കുന്നതിനും അതോടൊപ്പം വിദഗ്ധ ചികില്‍സ വേണ്ടവരുടെ വിവരങ്ങള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൈമാറാനും സാധിക്കുന്നതാണ്. ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ സജ്ജമാക്കിയതെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്താണ് പ്രളയബാധിത മേഖലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടി ഇവ സജ്ജമാക്കാന്‍ തീരുമാനിച്ചത്.പ്രളയം മൂലം ഒറ്റപ്പെട്ടു കിടക്കുന്ന പല മേഖലകളിലേക്കും ഈ മൊബൈല്‍ ക്ലിനിക്കിന് എത്താന്‍ കഴിയും. അതോടെ, പകര്‍ച്ചവ്യാധികള്‍ നിരീക്ഷിക്കുന്നതിനും ചികില്‍സ ലഭ്യമാക്കാനും കഴിയുന്നു. ഇതോടൊപ്പം എലിപ്പനി പ്രതിരോധത്തിനുള്ള മരുന്ന് ഈ ക്ലിനിക് വഴി വിതരണം ചെയ്യുന്നതാണ്. ഏഴു ജില്ലകള്‍ക്ക് ഒരു നോഡല്‍ ഓഫിസര്‍ എന്ന നിലയ്ക്ക് 14 ജില്ലകളെ രണ്ടായി തിരിച്ച് രണ്ടു നോഡല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തനം.
അതേസമയം, പ്രളയദുരന്തത്തില്‍ 25,60,168 വീടുകള്‍ക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. ഇതില്‍ 25,51,578 വീടുകളിലും കണക്ഷന്‍ പുനസ്ഥാപിച്ചു കഴിഞ്ഞെന്നു മന്ത്രി എം എം മണി വ്യക്തമാക്കി. മഹാപ്രളയത്തെ തുര്‍ന്ന് വൈദ്യുതിബന്ധം തകരാറിലായി ഇരുളടഞ്ഞ മേഖലകളിലും വീടുകളിലും അത് പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കെഎസ്ഇബി. കണക്ഷന്‍ പുനസ്ഥാപിക്കാന്‍ കഴിയാത്തവിധം വയറിങ് മോശമായ അവസ്ഥയിലുള്ള 449 വീടുകള്‍ക്ക് പ്രത്യേക ഒറ്റപോയിന്റ് കണക്ഷന്‍ നല്‍കി വൈദ്യുതി എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇനി അവശേഷിക്കുന്നത്, വെള്ളമിറങ്ങാത്തതുമൂലം ഇപ്പോഴും ക്യാംപുകളില്‍ തന്നെ കഴിയുന്നവരുടെ വീടുകളില്‍ മാത്രമാണെന്നും ഇത് ഏതാണ്ട് 8590 കണക്ഷനുകള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss