|    Nov 23 Thu, 2017 3:04 pm
FLASH NEWS

ആധുനിക മല്‍സ്യമാര്‍ക്കറ്റ് സാമൂഹികവിരുദ്ധരുടെ താവളമായി

Published : 2nd December 2016 | Posted By: SMR

കാലടി: പഞ്ചായത്ത് ഓഫിസിനുസമീപം നിര്‍മാണം പൂര്‍ത്തിയാക്കി ഒരുവര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത ആധുനിക മല്‍സ്യമാര്‍ക്കറ്റ് സാമൂഹികവിരുദ്ധര്‍ കൈയ്യടക്കുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ ഫണ്ടുപയോഗിച്ച് നിര്‍മിച്ചതാണ് മാര്‍ക്കറ്റ്. രണ്ടരകോടിരൂപ ചെലവിട്ട് നിര്‍മിച്ച കെട്ടിടം 2015 സപ്തംബര്‍ 5നാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. ടൗണ്‍ ജുമാമസ്ജിദ്, സെന്റ്. ജോര്‍ജ് പള്ളി എന്നിവയ്ക്കു സമീപം ഇടുങ്ങിയതും വൃത്തിഹീനമായതുമായ സ്ഥലത്താണ് പഴയമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. മല്‍സ്യം, മാംസം, പച്ചക്കറി, പഴവര്‍ഗങ്ങള്‍, മുട്ട എന്നിവയുടെ വില്‍പന കേന്ദ്രങ്ങളെല്ലാം ഈ മാര്‍ക്കറ്റിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടുന്നുള്ള മാലിന്യങ്ങളും മലിനജലവും ഒഴുകിപരന്ന് ദുര്‍ഗന്ധം പരക്കുന്ന അവസ്ഥയും നിന്നുതിരിയാന്‍ ഇടമില്ലായ്മയും ഇവിടെയെത്തുന്നവരെ ശ്വാസംമുട്ടിക്കുകയാണ്. കാലടി ടൗണിന്റെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്ന ചന്ത പുതിയ കെട്ടിടത്തിലേക്കു മാറ്റി പഴയ ചന്തയില്‍ ഷോപ്പിങ് മാള്‍ നിര്‍മിച്ച് പഞ്ചായത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനാവും. കൂടാതെ ഇവിടം സൗന്ദര്യവല്‍ക്കരിക്കുകയുമാവാം. ഇതിലൊന്നും ശ്രദ്ധയില്ലാതെയുള്ള പഞ്ചായത്ത് ഭരണസമിതിയുടെ പോക്കില്‍ പ്രതിഷേധം ശക്തമാണ്. നാട്ടുകാരും വ്യാപാരികളും വിവിധ സംഘടനകളും നാളുകളായി മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടുവരികയാണ്. സ്ലോട്ടര്‍ ഹൗസുള്‍പെടെ എല്ലാ സൗകര്യങ്ങളുമുള്ള പുതിയ ചന്തയിലെ ഉപകരണങ്ങളും മറ്റും തുരുമ്പെടുത്ത് നശിക്കുകയും വരാന്തകള്‍ സാമൂഹികവിരുദ്ധരുടെ താവളമാവുകയും ചെയ്തിരിക്കുകയാണ്. മറ്റിടങ്ങളില്‍ മദ്യകുപ്പികളും പഴയ വസ്ത്രങ്ങളും കുന്നുകൂടി വൃത്തിഹീനവുമാണ്. അടിയന്തരമായി ആധുനിക മാര്‍ക്കറ്റ് തുറന്നില്ലെങ്കില്‍ ശക്തമായ സമരമാരംഭിക്കുമെന്ന് ഐഎന്‍ടിയുസി നേതാവ് ബാലു ജി നായര്‍ മുന്നറിയിപ്പു നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക