|    Jan 20 Fri, 2017 12:50 am
FLASH NEWS

ആധുനിക കാലത്തെ മുസ്ലിം പലായനങ്ങള്‍

Published : 25th October 2015 | Posted By: TK
 

refugy

പ്രഫ. ഓമാനൂര്‍ മുഹമ്മദ്

ധുനിക ലോകത്തെ മുസ്‌ലിം അവസ്ഥ വിലയിരുത്തുമ്പോള്‍ പലായനം ‘ഹിജ്‌റ’ ഒരു മുസ്‌ലിം പാരമ്പര്യമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആറാംനൂറ്റാണ്ടില്‍ ഇസ്‌ലാമിന്റെ ആരംഭകാലത്ത് സ്വദേശമായ മക്കയില്‍ വിശ്വാസികള്‍ ശത്രുക്കളില്‍നിന്ന് കടുത്ത പീഡനങ്ങളും, ദുരിതങ്ങളും പേറേണ്ടി വന്നപ്പോള്‍ നബി അവരോട് എത്യോപ്യയിലേക്ക് പലായനം ചെയ്യാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് 83 പുരുഷന്മാരും 17 സ്ത്രീകളും അവിടെ അഭയം തേടി. ക്രിസ്ത്യാനിയായിരുന്ന എത്യോപ്യന്‍ ചക്രവര്‍ത്തി അഭയാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊക്കെ ചെയ്തുകൊടുത്ത് മാനവികതയുടെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു.


പാശ്ചാത്യ രാജ്യങ്ങള്‍ ‘സര്‍വയ്‌വല്‍ ഓഫ് ദി ഫിറ്റസ്റ്റ്’ എന്ന ഡാര്‍വിന്‍ സിദ്ധാന്തം പ്രയോഗവല്‍കരിച്ചുകൊണ്ട് ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളെ തങ്ങളുടെ വറുതിയിലാക്കി ഭരിക്കാന്‍ തുടങ്ങി. ഇവയില്‍ പലതും മുസ്‌ലിം-അറബ് നാടുകളായിരുന്നു. ഇന്നവയെല്ലാം സ്വതന്ത്രരാഷ്ട്രങ്ങളായെങ്കിലും അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ പാശ്ചാത്യാരാജ്യങ്ങളുടെ പിടുത്തത്തില്‍നിന്നും പൂര്‍ണ്ണമായും മോചിതമായിട്ടില്ല.


  

നബിയും ഏതാനും അനുചരന്മാരും പിതൃവ്യനായ അബൂത്വാലിബിന്റെ സംരക്ഷണത്തില്‍ മക്കയില്‍ത്തന്നെ തുടര്‍ന്നു. അബൂത്വാലിബും പ്രിയ പത്‌നി ഖദീജയും മരിച്ചതോടെ നബിക്കും, അനുചരന്മാര്‍ക്കുമെതിരെ മക്കക്കാരുടെ മര്‍ദ്ദനങ്ങള്‍ ശക്തിപ്പെട്ടു. നബി അനുയായികളോട് മദീനയിലേക്ക് പലായനം ചെയ്യാന്‍ കല്‍പിച്ചു. പിന്നീട് നബിയും സുഹൃത്ത് സിദ്ദീഖുമൊന്നിച്ച് മദീനയിലേക്ക് പലായനം ചെയ്തു. ക്രിസ്താബ്ദം 622 സപ്തംബര്‍ 20നായിരുന്നു ഇത്.

മദീനാനിവാസികള്‍ നബിയെയും അനുചരന്മാരെയും സഹര്‍ഷം സ്വാഗതം ചെയ്തു.
പിന്നീടുള്ള നൂറ്റാണ്ടുകളില്‍ ഇസ്‌ലാം അറേബ്യയുടെ നാലതിരുകള്‍ കടന്ന് ലോകത്തിന്റെ പ്രവിശാലതയിലേക്ക് പടര്‍ന്നു പന്തലിച്ചു. ഇസ്‌ലാമും, ക്രിസ്തുമതവും തമ്മില്‍ മൂന്ന് കുരിശുയുദ്ധങ്ങളടക്കം രക്തപങ്കിലങ്ങളായ പല പോരാട്ടങ്ങള്‍ക്കും ചരിത്രം സാക്ഷിയായി. ഈ പക പൂര്‍ണ്ണമായും ഇന്നും അവസാനിച്ചിട്ടില്ല. ആദ്യ നൂറ്റാണ്ടുകളില്‍ മത വിഭാഗീയതയുടെ പേരിലായിരുന്നു മുസ്‌ലിംകളും, ക്രിസ്ത്യാനികളും തമ്മില്‍ പൊരുതിയത്. പതിനെട്ടാം നൂറ്റാണ്ട് മുതല്‍ക്കത് മതം, രാഷ്ട്രീയം, കൊളോണിയലിസം, എണ്ണ സമ്പത്ത് തുടങ്ങി പല കാരണങ്ങളുടെയും പേരില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

Sadham-Hussain
ശാസ്ത്ര-സാങ്കേതികവിദ്യ ഉപയോഗിച്ച് ലോക ശക്തികളായി വളര്‍ന്ന പാശ്ചാത്യ രാജ്യങ്ങള്‍ ‘സര്‍വയ്‌വല്‍ ഓഫ് ദി ഫിറ്റസ്റ്റ്’ എന്ന ഡാര്‍വിന്‍ സിദ്ധാന്തം പ്രയോഗവല്‍കരിച്ചുകൊണ്ട് ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളെ തങ്ങളുടെ വറുതിയിലാക്കി ഭരിക്കാന്‍ തുടങ്ങി. ഇവയില്‍ പലതും മുസ്‌ലിം-അറബ് നാടുകളായിരുന്നു. ഇന്നവയെല്ലാം സ്വതന്ത്രരാഷ്ട്രങ്ങളായെങ്കിലും അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ പാശ്ചാത്യാരാജ്യങ്ങളുടെ പിടുത്തത്തില്‍നിന്നും പൂര്‍ണ്ണമായും മോചിതമായിട്ടില്ല. അവിടങ്ങളിലൊക്കെ പാശ്ചാത്യര്‍ അവരുടെ നവ കൊളോണിയല്‍ നയം നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി മിക്ക മുസ്‌ലിം-അറബ് രാഷ്ട്രങ്ങളും തകര്‍ന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്നു.
ലോകത്ത് എല്ലായിടത്തുമുള്ള മുസ്‌ലിംകള്‍ ഇന്ന് പ്രതിസന്ധിയിലാണ്. തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള നാടുകളില്‍പ്പോലും അവര്‍ അസ്തിത്വ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. പാശ്ചാത്യരുടെ തന്നെ സൃഷ്ടികളായ ഐ.എസും, ബോക്കോഹറാമും മറ്റും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും കടുത്ത അസ്തിത്വപ്രതിസന്ധിയാണ് മുസ്‌ലിം നാടുകളില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
ആറാംനൂറ്റാണ്ടില്‍ ജന്മനാട്ടിലെ അരക്ഷിതാവസ്ഥയെ അതിജീവിക്കാന്‍ അബ്‌സീനിയയിലേക്കും, യസ്‌രിബിലേക്കും മുസ്‌ലിംകള്‍ പലായനം ചെയ്യേണ്ടി വന്നത് ജന്മനാട്ടില്‍ അവര്‍ ദുര്‍ബ്ബല ന്യൂനപക്ഷമായിരുന്നതുകൊണ്ടായിരുന്നു. എങ്കിലും അവര്‍ ചെന്നെത്തിയ നാടുകള്‍ അവരെ സ്‌നേഹാദരങ്ങളോടെ സ്വീകരിക്കുകയാണുണ്ടായത്.
2011 വരെ 2.3 കോടി ജനസംഖ്യയും, ഉയര്‍ന്ന സാക്ഷരതയുമുള്ള സിറിയ ഒരു സമ്പന്ന മുസ്‌ലിം രാഷ്ട്രമായിരുന്നു. ബശാറുല്‍ അസദിനെ പുറത്താക്കാനുള്ള യുദ്ധം നാല് കൊല്ലം പിന്നിട്ടപ്പോള്‍ രണ്ടര ലക്ഷം ജനങ്ങളാണ് അവിടെ കൊല്ലപ്പെട്ടത്. അനേകം സ്ഥാപനങ്ങളും, സാംസ്‌കാരിക കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടു. സ്വന്തം നാട്ടില്‍ ജീവിക്കാന്‍ പറ്റാതെ നാല്‍പത് ലക്ഷം ജനങ്ങളാണ് ജീവന്‍ നിലനിര്‍ത്താന്‍ ഒരിടംതേടി പലായനം ചെയ്തത്.

പലായനത്തിനിടയില്‍ 2,500 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബാക്കിയുള്ളവര്‍ അഭയം കിട്ടാതെ അലയുകയാണ്. ആറാം നൂറ്റാണ്ടിലെ മുസ്‌ലിംകളെ എത്യോപ്യയും യസ്‌രിബും ഇരുകൈകളും നീട്ടി സ്വീകരിച്ചപ്പോള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പാശ്ചാത്യ പരിഷ്‌കൃത’ രാഷ്ട്രങ്ങളില്‍ പലതും അവര്‍ക്ക്‌നേരെ വാതിലുകള്‍ കൊട്ടിയടക്കുകയാണ്. 200 സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് സമ്മതിച്ച സ്ലോവാക്യ പക്ഷേ അവര്‍ ക്രിസ്ത്യാനികളായിരിക്കണമെന്ന നിബന്ധന വച്ചിരിക്കുന്നു. ഏതാണ്ട് ഇന്ത്യയുടെ മുക്കാല്‍ ഭാഗം വലിപ്പമുള്ള മൂന്ന് കോടി മാത്രം ജനസംഖ്യയുള്ള മുസ്‌ലിം രാഷ്ട്രമായ സഊദി അറേബ്യപോലും ഈ ഹതഭാഗ്യര്‍ക്ക് അഭയം നല്‍കാന്‍ തയ്യാറായില്ല.
മുസ്‌ലിംരാജ്യങ്ങളില്‍ സുന്നി-ശിയാ തര്‍ക്കം വളര്‍ത്തി അവിടങ്ങളില്‍ ആഭ്യന്തര കലാപം സൃഷ്ടിച്ചത് അമേരിക്കയും, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ സഖ്യരാഷ്ട്രങ്ങളുമാണ്. പരോക്ഷമായിട്ടാണെങ്കിലും, അവര്‍ സൃഷ്ടിച്ച ഈ അഭയാര്‍ഥി പ്രശ്‌നത്തിന് അവര്‍തന്നെ പരിഹാരം കാണേണ്ടിയിരിക്കുന്നു.
ജനാധിപത്യം സംരക്ഷിക്കാനെന്നപേരില്‍ ഇറാഖിനേയും, ലിബിയയേയുമൊക്കെ അമേരിക്കന്‍ സാമ്രാജ്യത്വശക്തികള്‍ തകര്‍ത്തുതരിപ്പണമാക്കി. സദ്ദാമിനെ തൂക്കിലേറ്റി. ലിബിയയില്‍ ജനാധിപത്യം നടപ്പിലാക്കാനെന്നപേരില്‍ ആഭ്യന്തര കലാപം അഴിച്ചുവിട്ട് തങ്ങളുടെ നിത്യശത്രുവായിരുന്ന കേണല്‍ ഖദ്ദാഫിയെ അവര്‍ വധിച്ചു. ഈ നാടുകളിലെ ജനങ്ങള്‍ക്ക് ഇന്ന് ഐ.എസ്. തീവ്രവാദികളുടെയും മറ്റും പ്രതിപ്രവര്‍ത്തനം വഴിയായി സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. മുല്ലപ്പൂ വിപ്ലവമെന്നൊക്കെ വിശേഷിപ്പിച്ച് ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ജനാധിപത്യവല്‍കരണം അവസാനം ഈജിപ്തിലും മറ്റും സ്വേഛാധിപതികളുടെ തേര്‍വാഴ്ചക്കാണ് വഴിതുറന്നത്.

പട്ടാളക്കോടതികളുടെ മേല്‍നോട്ടത്തില്‍ വിചാരണാപ്രഹസനം നടത്തി ആയിരക്കണക്കിന് ജനനേതാക്കളെയാണ് ഈജിപ്ത് തൂക്കിലേറ്റിക്കൊന്നത്. ബംഗ്ലാദേശിലും സമാനമായ സ്ഥിതിവിശേഷമുണ്ടായി. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ദുരവസ്ഥയാണീ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
സമാനമായ സ്ഥിതിഗതികള്‍തന്നെയാണ് മുസ്‌ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. മ്യാന്‍മറില്‍ ബുദ്ധഭിക്ഷുക്കളും, ഭരണകൂടവുംചേര്‍ന്ന് ലക്ഷക്കണക്കിന് റോഹിംഗ്യന്‍ മുസ്‌ലിംകളെ മാതൃരാജ്യത്ത്‌നിന്ന് ആട്ടിയോടിച്ചു. അഹിംസയുടെ മഹത്തായ സന്ദേശം ലോകത്തിന് പഠിപ്പിച്ച ബുദ്ധന്റെ അനുയായികളാണ് ഈ ക്രൂരകൃത്യത്തിന് നേതൃത്വം നല്‍കിയത്. പലായനം ചെയ്യേണ്ടിവന്ന റോഹിംഗ്യന്‍ മുസ്‌ലിംകളെ സഹായിക്കാന്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍പോലും കരുണകാട്ടിയില്ല. മ്യാന്‍മറില്‍ മുസ്‌ലിംകള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരംപോലും നിഷേധിക്കപ്പെട്ടിരിക്കയാണ്.
ജനസംഖ്യയില്‍ പത്തുകോടിയോളംവരുന്ന ചൈനീസ് മുസ്‌ലിംകളും കടുത്ത പ്രതിസന്ധിയിലാണ്. മതം പഠിക്കാനോ, നോമ്പ് പോലുള്ള മതാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനോ മുസ്‌ലിം ഉദ്യോഗസ്ഥര്‍ക്കോ, വിദ്യാര്‍ഥികള്‍ക്കോ അവിടെ അനുവാദമില്ല. ചുരുക്കത്തില്‍ മുസ്‌ലിംകള്‍ ഇന്ന് ലോകാടിസ്ഥാനത്തില്‍തന്നെ അവഗണനയുടെയും അനീതിയുടെയും ഇരകളായി കഴിഞ്ഞുകൂടേണ്ട അവസ്ഥയാണുള്ളത്. ആ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഐഎസും ബോക്കോ ഹറാമുമെന്ന വാദം നിരര്‍ത്ഥകമാണ്. മുസ്‌ലിംകള്‍ക്കൊരു പ്രയോജനവും സംഘങ്ങള്‍കൊണ്ട് നേടാനാവുകയില്ല.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 200 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക