|    Nov 16 Fri, 2018 12:55 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ആധിയകലാതെ പെരുമ്പാവൂരും ആലുവയും

Published : 2nd November 2018 | Posted By: kasim kzm

പെരുമ്പാവൂരിന്റെ ഓജസും തേജസും നക്കിത്തുടച്ചാണ് മഹാപ്രളയം കടന്നുപോയത്. നാടിന്റെ സാമ്പത്തിക സ്രോതസ്സായ തടിമില്‍ വ്യവസായം കഴിഞ്ഞ കുറേ നാളുകളായി വിവിധ കാരണത്താല്‍ അന്ത്യശ്വാസം വലിക്കുകയായിരുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും വന്നതോടെ നട്ടെല്ല് തകര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ മേഖലയുടെ പ്രധാന വരുമാനമാര്‍ഗമായ പ്ലൈവുഡ്, തടി വ്യവസായം മഹാപ്രളയത്തോടെ തകര്‍ന്ന് തരിപ്പണമായി. ട്രാവന്‍കൂര്‍ റയോണ്‍സിന്റെ പതനത്തോടെ ഉറങ്ങിപ്പോയ പെരുമ്പാവൂരിനെ പിടിച്ചുനിര്‍ത്തിയിരുന്നത് പ്ലൈവുഡ്-തടി വ്യവസായമാണ്.
അതിന്റെ നട്ടെല്ല് തകര്‍ത്ത മഹാ പ്രളയത്തില്‍ വന്‍കിട പ്ലൈവുഡ്, പ്ലാസ്റ്റിക് കമ്പനികള്‍ മിക്കതും വെള്ളത്തിനടിയിലായി. കോടിക്കണക്കിന് രൂപ വിലവരുന്ന മേല്‍ത്തരം പ്ലൈവുഡുകള്‍, വിനീര്‍, ഫെയ്‌സ് വിനീര്‍, എന്നിവ വെള്ളം കയറി നശിച്ചുപോയി. കോടികളുടെ തടികള്‍ പ്രളയത്തില്‍ ഒഴുകിപോയി. ഇറക്കുമതി ചെയ്ത അത്യാധുനിക സംവിധാനത്തോട് കൂടിയ യന്ത്രങ്ങളും അനുബന്ധ സാമഗ്രികളും ഉപയോഗശൂന്യമായി ആക്രിക്കടയില്‍ ആളെ കാത്ത് കിടക്കുന്നു. വല്ലം, അല്ലപ്ര, വേങ്ങോല, കണ്ടന്തറ, ഒക്കല്‍, മേക്കാലടി, ഓണമ്പിള്ളി, കുറ്റിപ്പാടം, ചെറുവേലികുന്ന്, പോഞ്ഞാശ്ശേരി, കൂവപ്പടി, തോട്ടുവ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ പടുത്തുയര്‍ത്തിയ 70 ഓളം കമ്പനികള്‍ പ്രളയത്തില്‍ മുങ്ങിത്താഴ്ന്നു. ഇതില്‍ തന്നെ കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. പല കമ്പനികളും ലൈസന്‍സ് മാറ്റിസ്ഥാപിച്ചതിനാല്‍ ഇന്‍ഷുറന്‍സിന്റെ പരിരക്ഷയും ലഭിക്കില്ല. മറ്റൊന്ന് പ്ലാസ്റ്റിക്ക് കമ്പനികളാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന നിര്‍മാണസാമഗ്രികളും ടണ്‍കണക്കിന് സ്‌റ്റോക്കുകളും നശിച്ചുപോയി. ഈ വ്യവസായത്തെ ആശ്രയിച്ച് കഴിഞ്ഞ 100കണക്കിന് കുടുംബങ്ങളും ചെറുകിട വ്യാപാരസ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്.
വളര്‍ത്തുമൃഗങ്ങളുടെ നാശത്തിനു സര്‍ക്കാര്‍ ധനസഹായം നല്‍കാതെ അവഗണിച്ചതും എംസി റോഡും എഎം റോഡും സഞ്ചാരയോഗ്യമല്ലാതായതും പ്രളയത്തിന്റെ ബാക്കിപത്രത്തില്‍ ചിലതുമാത്രം. പ്രളയശേഷവും ഒടുങ്ങാത്ത ദുരിതങ്ങളുടെ നടുവിലാണ് പ്രളയബാധിതര്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇനിയും കിട്ടാത്തവര്‍ ഏറെയാണ്. ദുരന്തബാധിതര്‍ക്ക് നല്‍കാന്‍ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും എത്തിയ അരിയും വസ്ത്രങ്ങളും മറ്റു സാധനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിടിപ്പുകേടുമൂലം അര്‍ഹരായവര്‍ക്ക് ലഭിക്കാതെ പോയതും അനര്‍ഹരുടെ കൈകളില്‍ എത്തപ്പെട്ടതും എടുത്തുപറയേണ്ടതാണ്.
വല്ലം റയോണ്‍പുരം, കാഞ്ഞിരക്കാട്, കണ്ണന്തറ, അല്ലപ്ര, വേങ്ങോല, മുടിക്കല്‍ എന്നീ പ്രദേശങ്ങളില്‍ നിരവധി കിണറുകളാണ് ഇപ്പോഴും ഉപയോഗശൂന്യമായി കിടക്കുന്നത്. അന്യദിക്കിലെ കിണറുകളെയാണ് ഇവര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.
പ്രളയം ഏറെ നാശംവിതച്ച വല്ലം റയോണ്‍പുരം മേഖല ഇന്ന് മാലിന്യങ്ങളുടെ കൂമ്പാരമാണ്. വീടുകളില്‍ നിന്നും കമ്പനികളില്‍ നിന്നും പുറന്തള്ളിയ ഉപയോഗശൂന്യമായ വസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇപ്പോഴും നീക്കംചെയ്യാതെ ദുര്‍ഗന്ധം വമിക്കുകയാണ്.
പ്രളയത്തില്‍ നട്ടെല്ല് തകര്‍ന്ന ആലുവയും പരിസരപ്രദേശങ്ങളും തിരിച്ചുവരവിനായുള്ള അതീവ പരിശ്രമത്തിലാണ്. ചൂര്‍ണിക്കര, എടത്തലകീഴ്മാട്, ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, ചെങ്ങമനാട്, കാഞ്ഞൂര്‍, പഞ്ചായത്തുകളെ അപ്പാടെ പ്രളയം മുക്കിക്കളഞ്ഞു. ഇതില്‍ ആലുവ നഗരപ്രദേശം, ചെങ്ങമനാട്, കീഴ്മാട്, ചൂര്‍ണിക്കര എന്നീ സ്ഥലങ്ങളെ പ്രളയം കാര്യമായി ബാധിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ കാര്‍ഷികനാശമാണ് ഉണ്ടായിട്ടുള്ളത്. വിളവെടുക്കാറായ വിളകളാണ് മിക്കവാറും, പ്രദേശങ്ങളില്‍ പ്രളയം തകര്‍ത്തത്. വ്യാപാരമേഖലയ്ക്കും കനത്ത നാശനഷ്ടമാണുണ്ടായത്. ആലുവ നഗരത്തിലെ മുക്കാല്‍ പങ്ക് വ്യാപാരസ്ഥാപനങ്ങളും പൂര്‍ണമായും ഇല്ലാതായി. ഈ മേഖലയിലെ റോഡുകള്‍, കുടിവെള്ള സ്രോതസ്സുകള്‍, വൈദ്യുതിബന്ധങ്ങള്‍ പാടെ തകര്‍ന്നു.
24,000ത്തില്‍ അധികം വീടുകളിലാണ് വെള്ളം കയറിയത്. ഇതില്‍ 299 വീടുകള്‍ പൂര്‍ണമായും 660 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. പല ഭാഗങ്ങളിലും വീടുകളിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. മിക്ക വീടുകളിലെയും ഗൃഹോപകരണങ്ങളടക്കം സകല വസ്തുക്കളും നശിച്ചതിനാല്‍ പലരും ഇതുവരെ വീടുകളിലേക്ക് തിരിച്ചെത്തിയിട്ടില്ല. വെള്ളം കയറിയ വീടുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ ധനസഹായം ഇനിയും ഒട്ടേറെ അര്‍ഹതപ്പെട്ടവര്‍ക്കും ലഭിച്ചിട്ടുമില്ല. ആലുവ മേഖലയില്‍ ധനസഹായം ലഭിക്കാത്ത 6000ഓളം കുടുംബങ്ങളുണ്ടെന്നാണ് ഏകദേശ കണക്ക്. തകര്‍ന്ന വീടുകളുടെ കാര്യത്തിലും വ്യാപാര സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിലും ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്നു തീരുമാനവുമുണ്ടാവാത്തത് ജനങ്ങളില്‍ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മേഖലയിലെ ചെറുതും വലുതുമായ ഒട്ടേറെ വ്യവസായങ്ങളും പാടെ തകര്‍ന്നുപോയി.
(അവസാനിക്കുന്നില്ല)

സംയോജനം:
ഇ ജെ ദേവസ്യ
റിപോര്‍ട്ട്്:
നാസര്‍ പെരുമ്പാവൂര്‍,
അബ്ദുള്‍ ഖാദര്‍ ആലുവ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss