|    Dec 13 Thu, 2018 5:56 am
FLASH NEWS
Home   >  News now   >  

ആധിപത്യം അല്ലാഹുവിന്റേതാണെന്ന് തിരിച്ചറിഞ്ഞ ദുല്‍ഖര്‍നൈന്‍

Published : 25th May 2018 | Posted By: G.A.G

ഖുര്‍ആനോടൊപ്പം /ഇംതിഹാന്‍ ഒ അബ്ദുല്ല

വേദക്കാരുടെ പ്രേരണയില്‍ പ്രവാചകനോടുള്ള ഖുറൈശികളുടെ മൂന്നാമത്തെ ചോദ്യം ബൈബിളിനും ഇസ്രാഈലീ ചരിത്രങ്ങളിലും ‘ദുല്‍ഖര്‍നൈന്‍’ (ഇരട്ടക്കൊമ്പന്‍) അപരനാമത്തിലറിയപ്പെട്ടിരുന്ന രാജാവിനെക്കുറിച്ചായിരുന്നു. കിഴക്കു തൊട്ട് പടിഞ്ഞാറു വരെ കീഴടക്കിയിരുന്ന ഈ ഭരണാധികാരി അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ആയിരുന്നുവെന്നാണ് ആദ്യകാല ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായം.
എന്നാല്‍ ആധുനിക പണ്ഡിതന്മാര്‍ ക്രി.മു. 500കളിലെ പേര്‍ഷ്യന്‍ രാജാവായിരുന്ന ഖോറസ് ആണ് ദുല്‍ഖര്‍നൈന്‍ എന്ന അഭിപ്രായമുള്ളവരാണ്. എന്തായിരുന്നാലും ചരിത്രസംഭവങ്ങള്‍ വിവരിക്കുമ്പോള്‍ ബൈബിളില്‍നിന്നും വ്യത്യസ്തമായി ആളുകളുടെ പേര്, ദേശം തുടങ്ങിയ വിശദാംശങ്ങള്‍ പരാമര്‍ശിക്കാതെ മുഖ്യ പ്രമേയത്തിലൂന്നി സംസാരിക്കുന്ന പതിവു ശൈലിയാണ് ഖുര്‍ആന്‍ ഇവിടെയും അവലംബിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ദുല്‍ഖര്‍നൈന്‍ ആരായിരുന്നുവെന്ന കാര്യത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഭിന്നാഭിപ്രായക്കാരാണ്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നത്.
”പ്രവാചകരേ, ദുല്‍ഖര്‍നൈനിയെക്കുറിച്ചും അവര്‍ താങ്കളോട് ചോദിക്കുന്നുവല്ലോ, അവരോട് പറയുക അദ്ദേഹത്തെപ്പറ്റി ചില കാര്യങ്ങള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. ഞാന്‍ അദ്ദേഹത്തിന് ഭൂമിയില്‍ അധികാരം അരുളിയിട്ടുണ്ടായിരുന്നു. സകലവിധ സാധന സാമഗ്രികളും നല്‍കിയിട്ടുമുണ്ടായിരുന്നു.  അദ്ദേഹം (ആദ്യമായി പശ്ചിമദിക്കിലേക്ക് ഒരു പര്യടത്തിന്) ഒരുക്കം ചെയ്തു.  അങ്ങനെ അസ്തമയ സ്ഥാനത്തെത്തിയപ്പോള്‍ സൂര്യന്‍ ഒരു കറുത്ത ജലത്തില്‍ മുങ്ങിമറിയുന്നതായി അദ്ദേഹം കണ്ടു.  അവിടെ ഒരു വിഭാഗത്തെയും അദ്ദേഹം കണ്ടുമുട്ടി.  നാം പറഞ്ഞു.  ഓ ദുല്‍ഖര്‍നൈന്‍, ഇവരെ ശിക്ഷിക്കാന്‍ താങ്കള്‍ക്ക് കഴിയും.  ഇവരോട് നല്ല നിലയില്‍ വര്‍ത്തിക്കാനും താങ്കള്‍ക്ക് കഴിയും.  അദ്ദേഹം പറഞ്ഞു.  ഇവരില്‍ അക്രമം പ്രവര്‍ത്തിക്കുന്നവനെ ഞാന്‍ ശിക്ഷിക്കും.  അനന്തരം അവന്‍ തന്റെ നാഥങ്കലിലേക്ക് മടക്കപ്പെടും.  അവന് നാഥന്‍ കൂടുതല്‍ കഠിനമായി ശിക്ഷ നല്‍കും.  എന്നാല്‍, സത്യവിശ്വാസം കൈകൊള്ളുകയും സല്‍കര്‍മങ്ങള്‍ ആചരിക്കുകയും ചെയ്യുന്നവനോ അവന് ഉത്തമമായ പ്രതിഫലം ഉണ്ട്.  നാം അവന് എളുപ്പമായ കല്‍പ്പനകള്‍ മാത്രം നല്‍കുന്നതുമാവുന്നു.  പിന്നീട് അദ്ദേഹം (മറ്റൊരു യാത്രക്ക്) തുടക്കമിട്ടു അങ്ങനെ സൂര്യോദയസ്ഥാനത്തെത്തിയപ്പോള്‍ അവിടെ സൂര്യന്‍ ഒരു വിഭാഗത്തിനുമീതെ കുതിച്ചുയരുന്നതായി അദ്ദേഹം കണ്ടു.  ആ അവര്‍ക്കാവട്ടെ, സൂര്യതാപത്തെ ചെറുക്കുന്നതിന് യാതൊരു മറയും നാം ഉണ്ടാക്കിയിട്ടില്ല.  ഇതായിരുന്നു അവരുടെ അവസ്ഥ.  ദുല്‍ഖര്‍നൈനിയുടെ കൈവശമുള്ളതെന്താണെന്നതിനെക്കുറിച്ച് നമുക്ക് നന്നായറിയാമായിരുന്നു.  അനന്തരം, അദ്ദേഹം (മറ്റൊരു പര്യടനത്തിന്) സജ്ജനായി.  അങ്ങനെ അദ്ദേഹം രണ്ടു പര്‍വ്വതങ്ങള്‍ക്കിടയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവര്‍ അടുത്തായി ഒരു ജനത്തെ കണ്ടുമുട്ടി. പറയുന്നതൊന്നും പ്രയാസപ്പെടാതെ ഗ്രഹിക്കാനാവാത്ത ഒരു ജനം. അവര്‍ പറഞ്ഞു: അല്ലയോ ദുര്‍ഖര്‍നൈന്‍ യഅ്ജൂജും മഅ്ജൂജും ഈ നാട്ടില്‍ നാശം പരത്തിക്കൊണ്ടിരിക്കുന്നു.  താങ്കള്‍ അവര്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു ഉപരോധ ഭിത്തി പണിതുതരുന്നതിന് ഞങ്ങള്‍ അങ്ങേക്ക് കരം തന്നുകൊള്ളട്ടയോ? അദ്ദേഹം പറഞ്ഞു: എന്റെ നാഥന്‍ എനിക്ക് നല്‍കിയിട്ടുള്ളതു തന്നെ ധാരാളമുണ്ട്.  നിങ്ങള്‍ എന്നെ അധ്വാനംകൊണ്ടു മാത്രം സഹായിക്കുവിന്‍, നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ഒരു മതില്‍ക്കെട്ട് നിര്‍മ്മിച്ചു തരാം.  എനിക്ക് ഇരുമ്പു കട്ടകള്‍ കൊണ്ടു തരുവിന്‍, അങ്ങനെ രണ്ടു മലകള്‍ക്കിടയിലെ വിടവ് നികത്തി കഴിഞ്ഞപ്പോള്‍ അദ്ദേഹം ജനത്തോട് തീ ഊതി പടര്‍ത്തുവിന്‍ എന്നു പറഞ്ഞു. (ആ ഇരുമ്പു മതില്‍) തികച്ചും ചുട്ടു പഴുത്ത് അഗ്നിമയമായപ്പോള്‍ അദ്ദേഹം കല്‍പിച്ചു.  കൊണ്ടുവരുവിന്‍ ഇനി ഞാന്‍ അതിന്‍മേല്‍ ഉരുക്കിയ ചെമ്പുദ്രാവകമൊഴിക്കാം.  (ഈ ഭിത്തി ഇപ്രകാരമുള്ളതായിരുന്നു) യഅ്ജുജു മഅ്ജുജുകള്‍ക്ക് അത് കയറി കടന്നുവരുവാന്‍ കഴിഞ്ഞിരുന്നില്ല.  അതില്‍ തുരങ്കമുണ്ടാക്കാനും അവര്‍ക്ക് ഒട്ടും കഴിഞ്ഞില്ല.  ദുര്‍ഖര്‍നൈന്‍ പറഞ്ഞു: ഇത് എന്റെ നാഥന്റെ കാരുണ്യമാവുന്നു.  എന്നാല്‍ എന്റെ നാഥന്റെ വാഗ്ദത്ത സമയം ആഗതമാവുമ്പോള്‍ അവന്‍ അതിനെ തകര്‍ത്തു നിരപ്പാക്കിക്കളയും.  എന്റെ നാഥന്റെ വാഗ്ദാനം എത്രയും സത്യമായതാണല്ലോ.’
(അധ്യായം 18 അല്‍കഹ്ഫ്, സൂക്തം: 83-98)
കിഴക്കും പടിഞ്ഞാറും ഒരുപോലെ ആധിപത്യം ലഭിച്ചിട്ടും അഹങ്കാരത്തിനടിമപ്പെടാതെ അധികാരം തന്റെ നാഥന്റെ ഔദാര്യമാണെന്നു മനസ്സിലാക്കിയ വ്യക്തിയെയാണ് ഈ കഥ വഴി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അതുവഴി മക്ക പോലുളള ഒരു ചെറിയ പ്രദേശത്ത് മേധാവിത്വം ലഭിച്ചതിന്റെ പേരില്‍ അഹങ്കാരികളായി അല്ലാഹുവിനെ മറന്ന് അവന്റെ പ്രവാചകനെ ദ്രോഹിക്കുന്ന ഖുറൈശികള്‍ക്കുളള താക്കീതും. ഇങ്ങനെ മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ പരീക്ഷിക്കാന്‍ വേണ്ടി വേദക്കാരുടെ സഹായത്തോടെ ചോദിച്ച മൂന്നു ചോദ്യങ്ങള്‍ക്കും അല്ലാഹു തൃപ്തികരമായ മറുപടി നല്‍കി എന്നു മാത്രമല്ല ആ മറുപടികള്‍ ഖുറൈശികളെ അവരുടെ നിലപാടിലെ പൊളളത്തരം ബോധ്യപ്പെടുത്തുന്നതുമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss