|    Sep 23 Sun, 2018 6:01 am
FLASH NEWS
Home   >  Kerala   >  

ആധാറിലെന്താണ് ഇത്ര വലിയ രഹസ്യം?:കെ സുരേന്ദ്രന്‍

Published : 8th January 2018 | Posted By: mi.ptk

തിരുവനന്തപുരം: ആധാര്‍ വിവരങ്ങല്‍ ചോരുന്നുവെന്ന വാര്‍ത്തകള്‍ വരുന്നതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. ആധാറില്‍ എന്താണ് ഇത്രവലിയ രഹസ്യങ്ങള്‍ ഉള്ളതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.അഛന്റെയും അമ്മയുടെയും ഭാര്യയുടെയും പേരും, ജനനത്തീയ്യതിയും പാന്‍കാര്‍ഡ് നമ്പറും ഡ്രൈവിങ് ലൈസന്‍സ് സമ്പറും എല്ലാം ഇത്രവലിയ രഹസ്യമാക്കിവക്കേണ്ടതാണോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളെല്ലാവരും ഈ വിവരങ്ങളെല്ലാം സത്യവാങ്മൂലമായി നല്‍കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈററില്‍ ഇതെല്ലാം ലഭ്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രശ്‌നം സ്വകാര്യതയുടേതല്ല എതിര്‍പ്പ് ആധാറിനോടാണ്. ആധാര്‍ വന്നതോടെ പല കള്ളത്തരവും നടക്കുന്നില്ല. കോടിക്കണക്കിന് രൂപയുടെ സബ്‌സിഡി വെട്ടിപ്പു നടക്കുന്നില്ല. അതിന്റെ ഏനക്കേടാണ് ചിലയാളുകള്‍ക്ക് എന്ന് സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആധാര്‍ രഹസ്യങ്ങള്‍ ചോരുന്നു എന്നു പറഞ്ഞ് വലിയ ചര്‍ച്ചകള്‍ നമ്മുടെ നാട്ടില്‍ നടക്കുകയാണ്. ഒന്നാമത്തെ കാര്യം ആധാര്‍ രഹസ്യങ്ങള്‍ ചോരുന്നു എന്നുള്ളത് ഒരു കള്ളക്കഥയാണ്. അത്തരം പ്രചാരണങ്ങള്‍ ദുരുദ്ദേശത്തോടുകൂടിയാണ്. എനിക്കു മനസ്സിലാവാത്തത് ആധാറില്‍ എന്താണ് ഇത്ര വലിയ രഹസ്യങ്ങള്‍ ഉള്ളത് എന്നാണ്. ഞാനും ആധാര്‍ കാര്‍ഡ് എടുത്തിട്ടുണ്ട്. അഛന്റെ പേരും അമ്മയുടെ പേരും ഭാര്യയുടെ പേരും ഇത്ര വലിയ രഹസ്യമാണോ? ജനനത്തീയതിയും പാന്‍ കാര്‍ഡു നമ്പറും െ്രെഡവിംഗ് ലൈസന്‍സ് നമ്പറും വിദ്യാഭ്യാസ യോഗ്യതയും രഹസ്യരേഖകളാണോ? ടെലിഫോണ്‍ നമ്പറും സ്ഥാവര ജംഗമ സ്വത്തുക്കളും ആധാറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞിരുന്നു. അതിനും സര്‍ക്കാര്‍ അവധി നീട്ടിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇനി അതും കൂടി വന്നാലും അതിലെന്താണ് ഇത്ര സ്വകാര്യത? ഇനി പാന്‍ കാര്‍ഡ് നമ്പര്‍ കിട്ടിയാല്‍ തന്നെ ആദായനികുതി വകുപ്പ് വിചാരിക്കാതെ വിവരങ്ങള്‍ കിട്ടുമോ? ബാങ്ക് അക്കൗണ്ട് നമ്പര്‍ കിട്ടിയാലും ബാങ്കുകള്‍ വിചാരിക്കാതെ ബാലന്‍സ് ഷീററ് കിട്ടുമോ? തട്ടിപ്പു നടത്തുന്നവര്‍ ആധാറില്ലാതെതന്നെ എന്തെല്ലാം തട്ടിപ്പുകള്‍ ഈ രാജ്യത്തുനടത്തുണ്ട്? തെല്‍ഗിയെ ഓര്‍മ്മയുണ്ടോ നിങ്ങള്‍ക്ക്? ഹര്‍ഷദ് മേത്തയെ നിങ്ങള്‍ മറന്നുപോയോ?ഒരാളുടെ തംപ് ഇംപ്രഷനും കണ്ണിലെ കൃഷ്ണമണിയും ആര്‍ക്കും ഡ്യൂപ്‌ളിക്കേററ് ഉണ്ടാക്കാന്‍ കഴിയില്ല. ബാങ്കുകളിലും മൊബൈല്‍ കമ്പനികളിലും തട്ടിപ്പു നടന്നത് അവരുടെ ജാഗ്രതക്കുറവാണ്. അതിന് ആധാര്‍ ഉത്തരവാദിയല്ല. തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളെല്ലാവരും ഈ വിവരങ്ങളെല്ലാം സത്യവാംഗ് മൂലമായി നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈററില്‍ ഇതെല്ലാം ലഭ്യമാണുതാനും. പ്രശ്‌നം സ്വകാര്യതയുടേതല്ല എതിര്‍പ്പ് ആധാറിനോടാണ്. ആധാര്‍ വന്നതോടെ പല കള്ളത്തരവും നടക്കുന്നില്ല. കോടിക്കണക്കിന് രൂപയുടെ സബ്‌സിഡി വെട്ടിപ്പു നടക്കുന്നില്ല. അതിന്റെ ഏനക്കേടാണ് ചിലയാളുകള്‍ക്ക്. ശരിക്കും പറഞ്ഞാല്‍ വോട്ടര്‍ ഐ. ഡി കാര്‍ഡുകൂടി ആധാറുമായി ലിങ്ക് ചെയ്യണം. അങ്ങനെ ചെയ്താല്‍ കേരളത്തിലെ പല എം. എല്‍. എ മാരു എം. പി മാരും കാശിക്കുപോകേണ്ടി വരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss