|    Nov 15 Thu, 2018 11:32 am
FLASH NEWS
Home   >  Editpage  >  Editorial  >  

ആധാറിന് ഒരു സുരക്ഷിതത്വവുമില്ലെന്നോ?

Published : 2nd August 2018 | Posted By: kasim kzm

ടെലിഫോണ്‍ റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ ആധാര്‍ നമ്പറിന്റെ സ്വകാര്യത സംബന്ധിച്ച് തനിക്കുള്ള ദൃഢവിശ്വാസം തെളിയിക്കാനാണ് തന്റെ നമ്പര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. അതിനെ തുടര്‍ന്നുണ്ടായ രസകരമായ സംഭവങ്ങള്‍ ആധാറിന്റെ സുരക്ഷ സംബന്ധിച്ചു മുമ്പ് പല വിദഗ്ധന്‍മാരും ഉന്നയിച്ച സംശയത്തിന് അടിവരയിടുന്നതാണ്. ശര്‍മയുടെ പാന്‍കാര്‍ഡ് നമ്പറും മൊബൈല്‍ഫോണ്‍ നമ്പറും ഒരു ഹാക്കര്‍ ഇന്റര്‍നെറ്റിലൂടെ ശേഖരിച്ചു പുറത്തുവിട്ടതില്‍ പ്രകോപിതനായാണ് ശര്‍മ ഒരു വെല്ലുവിളിയെന്നപോലെ ആധാര്‍ നമ്പര്‍ പരസ്യമാക്കിയത്. അതുപയോഗിച്ച് ആധാര്‍ അതോറിറ്റി ശേഖരിച്ചുവച്ച വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പറ്റില്ലെന്നായിരുന്നു ട്രായ് ചെയര്‍മാന്‍ കരുതിയിരുന്നത്. എന്നാല്‍ ഫ്രഞ്ച് സുരക്ഷാ വിദഗ്ധനായ എലിയറ്റ് ആള്‍ഡേഴ്‌സനാണ് ആധാര്‍ വിവരങ്ങള്‍ വളരെ എളുപ്പം കട്ടെടുക്കാമെന്നു തെളിയിച്ചത്. മൊബൈല്‍ ഫോണ്‍ കമ്പനികളും ആദായനികുതി വകുപ്പും ശേഖരിച്ചുവച്ച ശര്‍മയുടെ വ്യക്തിപരമായ വിവരങ്ങളും ആള്‍ഡേഴ്‌സണ്‍ പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സാധിക്കുമെങ്കില്‍ ആധാര്‍ നമ്പര്‍ പുറത്തുവിടാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. പിന്നീട് പല ഹാക്കര്‍മാരും ഇ-മെയിലിലൂടെ ശര്‍മ കൈമാറിയ പല സന്ദേശങ്ങളും പുറത്തുവിടാന്‍ തുടങ്ങിയതോടെ ട്രായ് ചെയര്‍മാന്‍ തല്‍ക്കാലം രംഗത്തു നിന്നു നിഷ്‌ക്രമിച്ചിരിക്കുകയാണ്.
ആധാര്‍ എല്ലാ പൗരന്‍മാര്‍ക്കും നിര്‍ബന്ധമാക്കുന്നത് സുപ്രിംകോടതി പല പ്രാവശ്യം വിലക്കിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥന്മാര്‍ പല കാര്യത്തിനും നിയമവിരുദ്ധമായ ആധാര്‍ നമ്പര്‍ ചോദിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. യുപിഎ സര്‍ക്കാര്‍ വലിയ വിപ്ലവനടപടിയെന്ന നിലയില്‍ ആധാര്‍ നിയമം കൊണ്ടുവന്നപ്പോള്‍ അതിനെതിരേ കലാപമുണ്ടാക്കിയ ബിജെപി തന്നെയാണ് ഇപ്പോള്‍ അത് നിര്‍ബന്ധമാക്കുന്നതിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നത്.
ഇന്ത്യയിലെ 130 കോടി വരുന്ന ജനങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാവുന്നതില്‍ ആര്‍ക്കും ഒരു എതിര്‍പ്പുമില്ല. എന്നാല്‍ ആവശ്യമില്ലാത്തതും തീര്‍ത്തും വ്യക്തിപരവുമായ ഒട്ടേറെ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുകയും പിന്നീട് അവ യാതൊരു സുരക്ഷിതത്വവുമില്ലാത്ത വിധത്തില്‍ കൈകാര്യം ചെയ്യുകയും ചെയ്തത് പൗരന്‍മാരുടെ സ്വകാര്യതയ്ക്കു നേരെയുള്ള കൈയേറ്റമാണ്. തങ്ങളുടെ ഡാറ്റാബേസ് പൂര്‍ണമായും സുരക്ഷിതമാണെന്ന് ആധാര്‍ അതോറിറ്റി ഇപ്പോഴും അവകാശപ്പെടുന്നുണ്ടെങ്കിലും അത് ആര്‍ക്കും കടന്നുചെല്ലാവുന്ന ഒരു വ്യവസ്ഥയാണെന്നു പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനു മുമ്പ് മറ്റു പല രാജ്യങ്ങളിലും ഇതുപോലുള്ള ഹാക്കിങ് നടന്നപ്പോള്‍ ഭരണകൂടങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പരിമിതപ്പെടുത്തുകയും ഡാറ്റാബേസ് കൂടുതല്‍ ഭദ്രമാക്കുകയും ചെയ്തിരുന്നു. ചില രാജ്യങ്ങള്‍ അത്തരമൊരു സംവിധാനം വേണ്ടെന്നുവയ്ക്കുകയും ചെയ്തിരുന്നു. ആധാര്‍ വ്യവസ്ഥ അടിയന്തരമായി പുനപ്പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ഹാക്കര്‍മാര്‍ ശര്‍മയ്ക്കിട്ട് പണികൊടുത്തതില്‍ നിന്നു ലഭിക്കുന്ന പാഠം.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss