|    Nov 20 Mon, 2017 1:07 pm
Home   >  Todays Paper  >  Page 1  >  

ആധാര്‍ : സ്വകാര്യത സംബന്ധിച്ച കേസില്‍ വാദം പൂര്‍ത്തിയായി

Published : 3rd August 2017 | Posted By: fsq

 

കെ  എ  സലിം

ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പെട്ട, സ്വകാര്യത മൗലികാവകാശമാണോ എന്ന കേസില്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദം പൂര്‍ത്തിയായി. ഹരജികള്‍ കോടതി വിധി പറയാനായി മാറ്റി. സ്വകാര്യതയില്ലെങ്കില്‍ സ്വതന്ത്രമായി ചിന്തിക്കുന്നതിനു  വ്യക്തികള്‍ക്കു കഴിയില്ലെന്ന് ഇന്നലെ കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സുരേന്ദ്രനാഥ് വാദിച്ചു.  വ്യക്തികളുടെ ചിന്തയെയും ഭാവനയെയും പോലും നിരീക്ഷിക്കാനുള്ള നീക്കം തടയണമെന്നും കേരളം ചൂണ്ടിക്കാട്ടി. വ്യക്തികളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പാക്കണമെന്ന് വാദത്തിനിടെ സുപ്രിംകോടതി അഭിപ്രായപ്പെട്ടു. വാദത്തിന്റെ അവസാന ദിവസം കേന്ദ്രത്തിന്റെ നിലപാടുകളെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പിന്തുണച്ചു. സാങ്കേതികവിദ്യയുടെ കാലത്ത് സുതാര്യത അനിവാര്യമാണെന്നും വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തടസ്സമില്ലെന്നും ഗുജറാത്ത് വാദിച്ചു. സ്വകാര്യതയെ മൗലികാവകാശമാക്കി മാറ്റേണ്ടതില്ലെന്ന് ഇന്നലെ ഗുജറാത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വാദിച്ചു. പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്യുമ്പോള്‍ സുപ്രിംകോടതി തന്നെ നിരവധി വ്യക്തിപരമായ കാര്യങ്ങള്‍ ആരായുന്നുണ്ട്. ആധാര്‍ ഇതിനു നിര്‍ബന്ധമാണ്-  അഭിഭാഷകന്‍  പറഞ്ഞു. എന്നാല്‍, പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നായിരുന്നു ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി. തെറ്റും ശരിയുമല്ല, വിവരങ്ങള്‍ ചോരുന്നതും സ്വകാര്യതയുമാണ് വിഷയമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.  സര്‍ക്കാരുകളുടെ താല്‍പര്യങ്ങള്‍ പലതായിരിക്കാം. അതുകൊണ്ട് സ്വകാര്യത മൗലികാവകാശമല്ലെന്നു പറയാന്‍ കഴിയില്ലെന്ന് ഗുജറാത്തിന്റെ വാദത്തിനിടെ ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ നിരീക്ഷിച്ചു. ഒമ്പതംഗ ബെഞ്ചിനു നേതൃത്വം നല്‍കിയ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ ആഗസ്ത് അവസാനം വിരമിക്കാനിരിക്കെ അതിനു മുമ്പ് കേസില്‍ കോടതി വിധി പ്രസ്താവിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക