|    Nov 21 Wed, 2018 2:13 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ആധാര്‍ : സുപ്രിംകോടതി നടപടി സ്വാഗതാര്‍ഹം

Published : 2nd November 2017 | Posted By: fsq

 

ആധാറുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള വിവിധ ഹരജികളില്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയും. മൂന്നു വര്‍ഷമായി ആധാര്‍ കേസുകള്‍ പരിഗണിച്ച ജ. ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കഴിഞ്ഞദിവസം ഈ സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്. രണ്ടാം യുപിഎ സര്‍ക്കാര്‍ ആധാര്‍ നടപ്പാക്കിയ വേളയില്‍ തന്നെ അത് സ്വകാര്യതയ്ക്കു വെല്ലുവിളിയാണെന്ന ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. സ്വകാര്യത മൗലികാവകാശമാണോ എന്ന ചോദ്യം ജ. ചെലമേശ്വറിന്റെ ബെഞ്ച് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. വിശദമായി വാദംകേട്ട ഒമ്പതംഗ ബെഞ്ച് ഏകസ്വരത്തില്‍ സ്വകാര്യത മൗലികാവകാശമാണെന്നു വിധിയെഴുതുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആധാറിനെക്കുറിച്ച് ഉയര്‍ന്നുവന്ന ചോദ്യങ്ങളും സംശയങ്ങളും ആശങ്കകളും വിലയിരുത്തി തീരുമാനമെടുക്കാനുള്ള സുപ്രിംകോടതിയുടെ ജാഗ്രത പുതിയ വിധിയിലും വ്യക്തമാണ്.യുപിഎ സര്‍ക്കാര്‍ ആധാര്‍ നടപ്പാക്കിയപ്പോള്‍ അതിനെതിരേ നിലയുറപ്പിച്ചവരില്‍ അന്ന് പ്രതിപക്ഷത്തുള്ള ബിജെപിയും ഉണ്ടായിരുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ വിജയം നേടിയാല്‍ ആധാര്‍ എടുത്തുകളയുമെന്ന പ്രഖ്യാപനവും ബിജെപി നല്‍കി. എന്നാല്‍, കേന്ദ്രത്തില്‍ അധികാരം ലഭിച്ചതോടെ സ്വന്തം നിലപാടില്‍ നിന്നു ബിജെപി മലക്കംമറിഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക പ്രമാണങ്ങള്‍ ഊന്നിപ്പറഞ്ഞ് സുപ്രിംകോടതി വ്യക്തമായ നിര്‍ദേശം നല്‍കുമ്പോഴും അത് മറികടന്ന് കൂടുതല്‍ മേഖലകളിലേക്ക് ആധാര്‍ വ്യാപിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. ഘട്ടംഘട്ടമായി പൗരന്റെ ഓരോ ചലനവും ആധാറില്‍ കുടുക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ക്ഷേമപദ്ധതികളും ഭക്ഷ്യധാന്യങ്ങളുടെ റേഷനുമെല്ലാം ആധാറുമായി ബന്ധിപ്പിച്ചു. അമ്മയുടെ പേരിലുള്ള ആധാര്‍ റേഷന്‍ വിതരണ സംവിധാനവുമായി ബന്ധിപ്പിക്കാതിരുന്നത് മൂലം ഭക്ഷണം നിഷേധിക്കപ്പെട്ട ജാര്‍ഖണ്ഡിലെ സന്തോഷി കുമാരി എന്ന ബാലിക ഈയിടെ വിശന്നുമരിച്ചത് മനുഷ്യത്വമുള്ളവരെ ഞെട്ടിച്ച സംഭവമാണ്. റേഷന്‍ വിതരണത്തിനുപോലും ആധാര്‍ നിര്‍ബന്ധമാക്കിയ മനുഷ്യത്വരഹിതമായ നടപടി ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാവുന്നു. മോദിവാഴ്ചയില്‍ ഒരുവശത്ത് കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുക്കുമ്പോള്‍ മറുവശത്ത് സാധാരണക്കാരന്‍ കൂടുതല്‍ പട്ടിണിയിലേക്ക് പതിക്കുകയാണ്. റേഷനായി ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളും ക്ഷേമപദ്ധതികളുമാണ് അവന് ആശ്വാസമാവുന്നത്. അതിനുപോലും ആധാറിന്റെ തടയണ കെട്ടി പാവപ്പെട്ടവന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നതിന് ജനകീയ ഭരണകൂടം നടത്തുന്ന നീക്കം തീര്‍ത്തും എതിര്‍ക്കപ്പെടേണ്ടതാണ്. ആധാര്‍ എന്നല്ല, ഭരണഘടന ഇന്ത്യന്‍ പൗരന് ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന ഒരു നടപടിയും ഉണ്ടായിക്കൂടാ. ഈ പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് ആധാറിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്നത് സ്വാഗതാര്‍ഹമാവുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss