|    Jan 17 Tue, 2017 6:12 am
FLASH NEWS

ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രനീക്കം;സര്‍ക്കാര്‍ നിലപാട് സുപ്രിംകോടതി വിധിക്ക് വിരുദ്ധം

Published : 10th September 2016 | Posted By: mi.ptk

Aadhar-Card

പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന സുപ്രിംകോടതിവിധി നിലനില്‍ക്കെ ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും തയ്യാറെടുക്കുന്നു. വിവിധ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടിവരുമെന്നും എന്നാല്‍ ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കപ്പെടില്ലെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ആധാര്‍ കാര്‍ഡില്‍ നല്‍കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് നിരവധി ആശങ്കകള്‍ ഉയരുന്നുണ്ട്. എന്നാല്‍, ആധാറിന്റെ നിയമപരമായ ചട്ടക്കൂട് വളരെ കര്‍ശനമാണ്. ഉടമയുടെ സമ്മതം കൂടാതെ അദ്ദേഹത്തിന്റെ നേത്ര-വിരലടയാളം അടക്കമുള്ള ബയോമെട്രിക് വിശദാംശങ്ങള്‍ ആര്‍ക്കും വെളിപ്പെടുത്താന്‍ കഴിയില്ല. അതിനു നിയമപരമായ വകുപ്പുകളുണ്ട്. കോടതി ഉത്തരവ് കൂടാതെ പോലിസിനു പോലും ആധാര്‍ വിശദാംശങ്ങള്‍ എടുക്കാനാവില്ല. വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കാന്‍ മതിയായ വ്യവസ്ഥകള്‍ ഉറപ്പാക്കും. ദേശസുരക്ഷ സംബന്ധിച്ച ആവശ്യങ്ങള്‍ക്കു മാത്രമേ നേത്രപടലം, വിരലടയാളം പോലുള്ള പ്രധാന ബയോമെട്രിക് വിവരങ്ങള്‍ വെളിപ്പെടുത്തുകയുള്ളൂ. അതും ജോയിന്റ് സെക്രട്ടറിക്കു കീഴിലുള്ള സമിതിയായിരിക്കും നടപടിക്രമങ്ങള്‍ നിര്‍വഹിക്കുക. ഒരു കാബിനറ്റ് സെക്രട്ടറി പ്രാമാണികമായി ഉറപ്പിച്ചതിനു ശേഷമേ വിവരങ്ങള്‍ കൈമാറുകയുള്ളൂ. സപ്തംബര്‍ 7 വരെ 105.11 കോടി ജനങ്ങള്‍ ആധാര്‍ കാര്‍ഡ് എടുത്തതായി മന്ത്രി പറഞ്ഞു. 50 ലക്ഷം പേര്‍ അവരുടെ നിത്യജീവിതത്തില്‍ ബയോമെട്രിക് വിശദാംശങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ആധാര്‍ ഉപയോഗിച്ചുള്ള മൊത്തം ഇടപാടുകള്‍ 131.11 കോടിയിലെത്തി. 37,184.81 കോടിയാണ് ഇടപാടുകളുടെ മൊത്തം തുക. ആധാര്‍ അധിഷ്ഠിത ഇടപാടുകളിലൂടെ 36,000 കോടി രൂപ നമുക്ക് ലാഭമുണ്ട്. 2016 ജനുവരിയില്‍ ലോകബാങ്ക് പ്രസിദ്ധീകരിച്ച റിപോര്‍ട്ട് അനുസരിച്ച്, കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ക്ക് ആധാര്‍ ഉപയോഗിച്ചാല്‍ പ്രതിവര്‍ഷം 70,000 കോടി രൂപയോളം മിച്ചമുണ്ടാവും. ഗ്യാസ് സബ്‌സിഡി, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമല്ലെന്നും മന്ത്രി വ്യക്തമാക്കി. സബ്‌സിഡി ഉള്‍പ്പെടെ ഒരു ആനുകൂല്യത്തിനും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് 2015 മെയില്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ആധാറിന്റെ കാര്യത്തില്‍ 2013ല്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന് അനുസൃതമായ കാര്യങ്ങള്‍ പിന്തുടരണമെന്നും വ്യക്തമാക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍, യുഐഎഡി, എണ്ണക്കമ്പനികളായ എച്ച്പിസിഎല്‍, ഐഒസി, ബിപിസിഎല്‍ എന്നിവരുടെ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതി ഉത്തരവ്. എന്നാല്‍, കൂടുതല്‍ ജനങ്ങളെ ആധാര്‍ കാര്‍ഡ് എടുപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സുപ്രിംകോടതിയെ അറിയിക്കുമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക