|    Dec 12 Wed, 2018 9:36 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ആധാര്‍ നിയമത്തില്‍ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍

Published : 7th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ബയോമെട്രിക് വിവരങ്ങള്‍ അടക്കം ആധാറിനായി ശേഖരിച്ച എല്ലാ കാര്യങ്ങളും ആവശ്യമുള്ളവര്‍ക്ക് ഒഴിവാക്കാന്‍ അവസരം നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നു. നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എന്നാണ് റിപോര്‍ട്ട്. 2018 സപ്തംബര്‍ 26ന് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാ ര്‍ ഇക്കാര്യം പരിഗണിക്കുന്നത്. ഭരണഘടനയെ മറികടന്ന് ധനബില്ലായി കൊണ്ടുവന്ന ആധാര്‍ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഭരണഘടനാ ബെഞ്ചിലെ ജ. ഡി വൈ ചന്ദ്രചൂഡ് തന്റെ വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനും മൊബൈല്‍ സിം കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിയും ഭരണഘടനാവിരുദ്ധമാണെന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ വെരിഫിക്കേഷന്‍ ചെയ്യാന്‍ അനുമതി നല്‍കിയിരുന്ന ആധാര്‍ നിയമത്തിലെ സെക്ഷന്‍ 57 കോടതി റദ്ദാക്കിയിരുന്നു.
യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് (യുഐഡിഎഐ) പുതിയ നിര്‍ദേശം തയ്യാറാക്കി നിയമ മന്ത്രാലയത്തിനു സമര്‍പ്പിച്ചിരിക്കുന്നത്. ഇതുപ്രകാരം 18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും ആധാര്‍ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാം. 18 വയസ്സായ കുട്ടിക്ക് ആധാര്‍ ഒഴിവാക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ആറുമാസത്തെ സമയം നല്‍കുമെന്നാണ് അതോറിറ്റി ശുപാര്‍ശ ചെയ്തിരുന്നത്. ഇതു പരിഗണിച്ച നിയമമന്ത്രാലയം ആധാര്‍ പി ന്‍വലിക്കാനുള്ള അവകാശം ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്താതെ എല്ലാവര്‍ക്കും നല്‍കണമെന്ന് ശുപാര്‍ശ ചെയ്തുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം, പാന്‍കാര്‍ഡുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല. പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രിംകോടതിയുടെ സപ്തംബര്‍ 26ലെ വിധിയില്‍ വ്യക്തമാക്കിയിരുന്നു. യുഐഡിഎഐയുടെ ശുപാര്‍ശ നിയമമന്ത്രാലയം അംഗീകരിച്ചാല്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് അയക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss