|    Jul 26 Wed, 2017 6:11 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആധാര്‍ ഇല്ലാത്തതിനാല്‍ ആനുകൂല്യം നിഷേധിക്കില്ലെന്നു സര്‍ക്കാര്‍

Published : 29th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഇല്ലാത്തതുകൊണ്ട് പാവപ്പെട്ടവര്‍ക്കു സേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കപ്പെടില്ലെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സുരക്ഷാ കാരണങ്ങള്‍ പരിഗണിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് ആവശ്യമാണെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഉടന്‍ വ്യക്തത വരുത്തുമെന്നും മന്ത്രി അറിയിച്ചു.
ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ നടപടിക്കെതിരേ രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിക്കുന്നതിനിടെയാണു മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പ്രതിഷേധത്തില്‍ സഭ സ്തംഭിച്ചു.
പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ ആവശ്യമാണെങ്കിലും കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ഇളവു നല്‍കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. മന്ത്രിമാരുടെ മറുപടിയില്‍ തൃപ്തരാകാതിരുന്ന പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായാണ് രാജ്യസഭയില്‍ പ്രതിഷേധിച്ചത്. പാചക വാതകം, പൊതുവിതരണം, പെന്‍ഷന്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരേ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെത്തുടര്‍ന്ന് രാജ്യസഭ പലവട്ടം പിരിഞ്ഞു. ചോദ്യോത്തരവേള പൂര്‍ണമായും തടസ്സപ്പെട്ടു. ലോക്‌സഭയിലും തൃണമൂല്‍ കോണ്‍ഗ്രസ് വിഷയം ഉന്നയിച്ചു. ആധാര്‍ നിര്‍ബന്ധമാക്കിയതുകൊണ്ട് ഒരു പാര്‍ലമെന്റ് അംഗത്തിന്റെ അമ്മയ്ക്കു പെന്‍ഷന്‍ പോലും കിട്ടുന്നില്ലെന്ന് ലോക്‌സഭയില്‍ തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ചൂണ്ടിക്കാട്ടി. ആധാര്‍ നിര്‍ബന്ധമാക്കരുതെന്നു സുപ്രിംകോടതി നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ അതിനു തുനിയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ രാജ്യസഭാ നടപടികള്‍ നിര്‍ത്തിവച്ചു വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ്സും ഇടതുകക്ഷികളും ഈ ആവശ്യത്തെ പിന്തുണച്ചു. എന്നാല്‍, നോട്ടീസിന് രാജ്യസഭാധ്യക്ഷന്‍ അനുമതിനല്‍കിയില്ല. സഭ ചേര്‍ന്നയുടന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍, എസ്പി നേതാവ് നരേഷ് അഗര്‍വാള്‍, ബിജെഡി എംപി ദിലീപ് ടിര്‍ക്കി തുടങ്ങിയവര്‍ തങ്ങള്‍ നോട്ടീസ് നല്‍കിയ കാര്യം ഉന്നയിച്ചു. സംസ്ഥാനങ്ങളുമായുള്ള സഹകരണത്തെപ്പറ്റി വാചാലരാവുന്ന ബിജെപി സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആലോചിക്കാതെയാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്ന് ഡെറിക് ഒബ്രിയന്‍ കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക