|    Jul 21 Fri, 2017 12:18 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ആധാരം തുക കുറച്ച് രജിസ്‌ട്രേഷന്‍: ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: ആധാരങ്ങള്‍ വിലകുറച്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചു. 2017 മാര്‍ച്ച് 30 വരെയാണു കാലാവധി. 1986 മുതല്‍ 2010 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതും ഒരേക്കറില്‍ താഴെ വിസ്തീര്‍ണമുള്ള ഭൂമി ഉള്‍പ്പെട്ട അണ്ടര്‍ വാല്യുവേഷന്‍ കേസുകളും ഫഌറ്റുകള്‍/ അപാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെട്ട അണ്ടര്‍ വാല്യുവേഷന്‍ കേസുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുവടെ പറയുംപ്രകാരം മുദ്രവില ഈടാക്കി തീര്‍പ്പാക്കും.
ആധാരത്തിലെ വസ്തുവിന്റെ ഭൂപരിധി അഞ്ച് സെന്റ് വരെയുള്ള കൈമാറ്റങ്ങള്‍ക്ക്, കോര്‍പറേഷന്‍ പരിധിയില്‍ 2000 രൂപയും മുനിസിപ്പല്‍ പരിധിയില്‍ 1000 രൂപയും അടയ്ക്കണമെന്നതു കൂടാതെ ഭൂപരിധി അഞ്ച് സെന്റ് വരെയുള്ള കൈമാറ്റങ്ങള്‍ക്കു തുക അടയ്ക്കുന്നതില്‍ നിന്ന് പഞ്ചായത്ത് പരിധിയെ പൂര്‍ണമായും ഒഴിവാക്കി. അഞ്ചു മുതല്‍ 10 സെന്റ് വരെ, കോര്‍പറേഷന്‍ പരിധിയില്‍ 4,000 രൂപയും മുന്‍സിപ്പാലിറ്റി 2,000, പഞ്ചായത്ത് 1,000 രൂപയും അടയ്ക്കണം. 10-25 സെന്റ് വരെ, കോര്‍പറേഷന്‍ പരിധിയില്‍ 6,000, മുനിസിപ്പാലിറ്റി 3,000, പഞ്ചായത്ത് 1,500 രൂപയും അടയ്ക്കണം.
25 സെന്റ് മുതല്‍ 50 സെന്റ് വരെ കോര്‍പറേഷന്‍ 10,000, മുനിസിപ്പാലിറ്റി 5,000, പഞ്ചായത്ത് 2,000. 50 സെന്റ് മുതല്‍ ഒരേക്കര്‍ വരെ, കോര്‍പറേഷന്‍ 10,000 രൂപയും 50 സെന്റില്‍ കൂടുതലുള്ള ഓരോ സെന്റിനും അതിന്റെ ഭാഗത്തിനും 300 രൂപ വീതവും അടയ്ക്കണം. മുനിസിപ്പാലിറ്റിയില്‍ 5,000 രൂപയും കൂടുതലുള്ള ഓരോ സെന്റിനും 200 രൂപ വീതവും, പഞ്ചായത്ത് പരിധിയില്‍ 2,000 രൂപയും കൂടുതലുള്ള ഓരോ സെന്റിനും  100 രൂപ വീതവും അടയ്ക്കണം.
ആധാരത്തിലെ ഫഌറ്റ്/അപാര്‍ട്ട്‌മെന്റിന്റെ നിര്‍മിത വിസ്തീര്‍ണം 500 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള കൈമാറ്റങ്ങള്‍ക്ക് കോര്‍പറേഷന്‍ പരിധിയില്‍ 2,000 രൂപയും മുനിസിപ്പാലിറ്റിയില്‍ 1,000 രൂപയും അടയ്ക്കണമെന്നതു കൂടാതെ ഫഌറ്റ്/അപാര്‍ട്ട്‌മെന്റിന്റെ വിസ്തീര്‍ണം 500 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള കൈമാറ്റങ്ങള്‍ക്കു തുക അടയ്ക്കുന്നതില്‍ നിന്ന് പഞ്ചായത്ത് പരിധിയെ പൂര്‍ണമായി ഒഴിവാക്കി.
നേരത്തെ നടപടികള്‍ക്കു വിധേയമായി പണമടച്ച് തീര്‍പ്പാക്കിയ കേസുകള്‍ക്കു പദ്ധതി ബാധകമല്ല. പദ്ധതിപ്രകാരമുള്ള നോട്ടീസ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് അതതു ജില്ലാ രജിസ്ട്രാര്‍ ഓഫിസില്‍നിന്ന് അയക്കുന്നുണ്ട്. നോട്ടീസ് കിട്ടുന്നവര്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫിസില്‍ പണമടച്ച് രസീത് സൂക്ഷിക്കണം. നേരിട്ട് പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് അതതു ജില്ലാ രജിസ്ട്രാറിന്റെ (ജനറല്‍) പേര്‍ക്ക് ഡിഡി നല്‍കാം. ഈ പദ്ധതിപ്രകാരം തുക അടയ്ക്കാന്‍ തയ്യാറാവാത്തവര്‍ക്കെതിരേ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ രജിസ്ട്രാര്‍ ഓഫിസുകളിലും സബ്‌രജിസ്ട്രാര്‍ ഓഫിസുകളിലും ലഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക