|    Nov 17 Sat, 2018 4:22 am
FLASH NEWS

ആധാരം കംപ്യൂട്ടര്‍വല്‍ക്കരണം: ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത്

Published : 9th July 2018 | Posted By: kasim kzm

കിഴുപറമ്പ്: കിഴുപറമ്പ് വില്ലേജ് ഓഫിസ് പ്രവര്‍ത്തനത്തിനെതിരേ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നു. ആധാരം ഓണ്‍ലൈന്‍ ആക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയത്. കഴിഞ്ഞ നിരവധി മാസങ്ങളായി നടക്കുന്ന പ്രവര്‍ത്തിയാണ് ആധാരം കംപ്യൂട്ടര്‍വല്‍ക്കരണമെന്നത്. ആധാരത്തിന്റെ കോപ്പി, മുന്‍കാലങ്ങളില്‍ നികുതി അടച്ചതിന്റെ രേഖ എന്നിവയടക്കം പ്രത്യേക ഫോറത്തോടൊപ്പം പൂരിപ്പിച്ചു നല്‍കുകയാണ് ആദ്യ നടപടി. ഒരു മാസത്തിനുള്ളില്‍ ഓഫി സുമായി ബന്ധപ്പെട്ടാല്‍ അക്ഷയ കേന്ദ്രം വഴി നികുതി അടയ്ക്കാനുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കുമെന്നാണ് വില്ലേജ് അധികൃതര്‍ അപേക്ഷകര്‍ക്ക് നല്‍കിയ ഉറപ്പ്. എന്നാല്‍ ആറും ഏഴും മാസമായി ഒാഫിസ് കയറി ഇറങ്ങിയിട്ടും ഇത് വരെ നൂറ് കണക്കിനു അപേക്ഷകര്‍ക്ക് നികുതി അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
പുറമെ നിന്നും കരാര്‍ വ്യവസ്ഥയില്‍ എടുത്ത ആളുകള്‍ കംപ്യൂട്ടറില്‍ രേഖകള്‍ ചേര്‍ത്തിയപ്പോള്‍ സംഭവിച്ച പിഴവാണ് പൊതുജനത്തെ ഇപ്പോള്‍ തീ തീറ്റിക്കുന്നത്. ചിലര്‍ക്കു ഭൂമിയുണ്ട്, തണ്ടപ്പേരില്ല, മറ്റു ചിലര്‍ക്ക് ആധാരത്തിലുണ്ട്, കംപ്യൂട്ടറില്‍ ഭൂമിയില്ല, ചിലര്‍ക്കാവട്ടെ ആധാരത്തില്‍ മുപ്പത് സെന്റ് ഉള്ളപ്പോള്‍ കംപ്യൂട്ടറില്‍ മൂന്നേക്കറും. ഇങ്ങനെ രേഖകള്‍ കംപ്യൂട്ടറില്‍ ചേര്‍ത്തവരുടെ അശ്രദ്ധകൊണ്ട് കിഴുപറമ്പ് വില്ലേജ് ഓഫിസ് കയറി ഇറങ്ങുകയാണ് നൂറുകണക്കിനു നാട്ടുകാര്‍. പുറമെ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത ആളുകള്‍ക്ക് ഒരു ആധാരം കംപ്യൂട്ടറില്‍ ചേര്‍ത്താല്‍ നാലു രൂപയാണ് കൂലി. ഇത്രയും തുച്ഛമായ തുകയ്ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവരെ ലഭിക്കില്ലെന്നതിനാലാണ് കിട്ടുന്നവരെ പിടിച്ചു പണി ഏല്‍പ്പിച്ചത്. ഇങ്ങനെ ഏല്‍പ്പിച്ചവര്‍ ഒരു ദിവസം നൂറും നൂറ്റമ്പതും എന്‍ട്രി ചേര്‍ക്കാന്‍ വേണ്ടി ശ്രദ്ധിക്കാതെ കാര്യങ്ങള്‍ ചെയ്തതാണ് പ്രശ്‌നം ഇത്രയധികം വഷളാക്കിയതെന്നാണ് വില്ലേജ് അധികൃതരുടെ മറുപടി.
ഇത്തരം പ്രയാസങ്ങളുമായി എത്തുന്നവരെ ജീവനക്കാര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു നടത്തിക്കുകയാണ്. ഇതിനെതിരേ പരാതി ഉയര്‍ന്നപ്പോഴാണ് ഏറനാട് താലൂക്ക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ഏഴാം തിയ്യതി വില്ലേജ് പരിസരത്ത് അദാലത്ത് നടത്തിയത്. ഏറനാട് താലൂക്കില്‍ നിന്നും ഒരു ജീവനക്കാരിയാണ് നൂറിലധികം പേരുടെ പരാതി പരിഹരിക്കാന്‍ വന്നത്. അവരാകട്ടെ ഒരോ പരാതിയും കേട്ടു മനസ്സിലാക്കി പരിഹരിക്കാന്‍ തയ്യാറായതുമില്ല. വില്ലേജിലെ ജീവനക്കാര്‍ പറയുന്നത് ചെയ്ത് അവര്‍ തിരിച്ചുപോവുകയാണ് ഉണ്ടായത്. ഈ അദാലത്തില്‍ പങ്കെടുത്തിട്ടും കാര്യങ്ങള്‍ ശരിയാവാതെ നിരവധിപേര്‍ വില്ലേജ് പരിധിയിലുണ്ട്. അദാലത്തില്‍ പങ്കെടുത്തവരില്‍ തന്നെ മിക്കവരോടും ഫോം എട്ട് പൂരിപ്പിച്ച് ഏറനാട് താലൂക്കില്‍ അപേക്ഷ നല്‍കാനാണ് നിര്‍ദേശിച്ചത്. ഭൂമി അളക്കാന്‍ സര്‍വ്വേയറെ കിട്ടാന്‍ വേണ്ടിയുള്ള അപേക്ഷയാണ് ഫോം എട്ട്. പന്ത്രണ്ട് സെന്റ് ഭൂമിയുള്ള വ്യക്തി അപേക്ഷക്കൊപ്പം ഇരുനൂറ്റി അറുപത്തിമൂന്ന് രൂപ ചെലാന്‍ ട്രഷറിയില്‍ അടക്കണം. പന്ത്രണ്ട് സെന്റിനുമുകളില്‍ അമ്പത് സെന്റുവരെ മുന്നൂറ് രൂപയും, അമ്പത് മുതല്‍ ഒരു ഏക്കര്‍ വരെ 376 രൂപയും, ഒരു ഏക്കര്‍ മുതല്‍ അഞ്ച് ഏക്കര്‍ വരെ 625 രൂപയുമാണ് സര്‍ക്കാറിലേക്ക് ചെലാന്‍ അടക്കേണ്ടത്. എന്നാല്‍ ഇങ്ങനെ ചെലാന്‍ അടച്ച് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഒരു വര്‍ഷമായിട്ടും താലൂക്കില്‍ നിന്നും നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നിരിക്കെയാണ് മറ്റുള്ളവരോടും ഇതേ മാര്‍ഗം സ്വീകരിക്കാന്‍ പറയുന്നത്.
പ്രശ്‌നങ്ങള്‍ വില്ലേജ് പരിധിയില്‍ നിന്നും താലൂക്ക് പരിധിയിലേക്ക് നീക്കി കൈയ്യൊഴിയുകയാണ് ഫോം എട്ടിലൂടെ ജീവനക്കാര്‍ എന്നാണ് താലൂക്ക് ജീവനക്കാര്‍ പറയുന്നത്. ഈ വിഷയം അതാത് വില്ലേജില്‍ നിന്നു തന്നെ കംപ്യൂട്ടര്‍ അറിയുന്ന ജീവനക്കാരന് വളരെ പെട്ടന്ന് ശരിയാക്കാമെന്നിരിക്കെയാണ് ജനത്തെ പ്രയാസപ്പെടുത്തുന്നത്. തഹസില്‍ദാറുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞാലും ഭൂമി അളക്കാന്‍ സര്‍വ്വേയര്‍മാരെ താലൂക്കില്‍ നിന്നും ലഭിക്കില്ലെന്നാണ് പറഞ്ഞത്. ആകെ അഞ്ചുപേരാണ് താലൂക്കില്‍ ഉള്ളത്. അതില്‍ ചിലര്‍ നീണ്ട അവധിയിലാണ്. ബാക്കിയുള്ളവരിപ്പോള്‍ മലപ്പുറം നാഷണല്‍ ഹൈവെ അക്വയറുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും അതിനാല്‍ ഫോം എട്ടില്‍ അപേക്ഷ  നല്‍കേണ്ടതില്ലെന്നും ഈ വിഷയം വില്ലേജില്‍ തന്നെ തീര്‍ക്കാമെന്നുമാണ് തഹസില്‍ദാര്‍ പറഞ്ഞത്.
എന്നാല്‍ തഹസില്‍ദാറുടെ വാക്കിനുപോലും വിലകല്‍പ്പിക്കാതെ ജനത്തെ ഉപദ്രവിക്കുകയാണ് ജീവനക്കാര്‍. നികുതി അടയ്ക്കാന്‍ സ്ഥലം നേരില്‍ കാണാന്‍ ജീവനക്കാരെ ഏര്‍പ്പാടാക്കാനും കൂട്ടിക്കൊണ്ടുവരാനും ചില ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്.  ഇവര്‍ ആയിരങ്ങള്‍ കൈമടക്ക് വാങ്ങുന്നതായ പരാതി ധാരാളമായി ഉയരുന്നുണ്ട്. ഈ വിഷയം ഉന്നയിച്ച് ഇന്നലെ നടന്ന അദാലത്തില്‍ വലിയ ഒച്ചപ്പാടുകള്‍ വരെ അരങ്ങേറിയിട്ടുണ്ട്. ചില ജീവനക്കാര്‍ അറിഞ്ഞുകൊണ്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും നാലും അഞ്ചും മാസം ജനങ്ങളെ നടത്തിച്ച് പിന്നാമ്പുറത്തുകൂടി കാര്യങ്ങള്‍ ശരിയാക്കി കൊടുക്കുന്നുമുണ്ടെന്ന് പരാതിയും ഉയരുന്നുണ്ട്.
ഫോം എട്ട് അപേക്ഷ നല്‍കിയ ആള്‍ക്ക് പോലും വില്ലേജ് ജീവനക്കാര്‍ തന്നെ രേഖ ശരിയാക്കിക്കൊടുത്തിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി നികുതി ശീട്ടും മറ്റ് ഭൂമി രേഖകളും ആവശ്യമുള്ളവരാണ് നികുതി അടയ്ക്കാന്‍ കഴിയാതെ ദുരിതം അനുഭവിക്കുന്നത്. മറ്റൊരു വില്ലേജിലും ഇത്രയധികം കൃത്രിമം നടന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. വളരെ വേഗം വില്ലേജ് ജീവനക്കാര്‍ക്ക് തന്നെ ശരിയാക്കാവുന്ന പ്രശ്—നം ഊതിവീര്‍പ്പിച്ച് ജനത്തെ പ്രയാസപ്പെടുത്തുകയാണ് ഉദ്യോഗസ്ഥരെന്നാണ് നാട്ടുകാര്‍ പരാതി പറയുന്നത്. പുതിയ ആധുനിക കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയ വില്ലേജില്‍ ഇന്റര്‍നെറ്റ് സ്പീഡ് ഇല്ലെന്നു പറഞ്ഞാണ് ജനത്തെ ഇതുവരെ പ്രയാസപ്പെടുത്തിയിരുന്നത്. ഇതുപരിഹരിക്കാന്‍ പഞ്ചായത്ത് മുസ്—ലിം ലീഗ് കമ്മിറ്റി സ്വന്തം ചെലവില്‍ അതിവേഗ നെറ്റ് കണക്ഷന്‍ ഓഫീസില്‍ സ്ഥാപിച്ചെങ്കിലും ജീവനക്കാരുടെ അനാസ്ഥ ജനത്തെ വീണ്ടും പ്രയാസപ്പെടുത്തുകയാണ്.
വില്ലേജ് ജീവനക്കാരുടെ ജനദ്രാഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആധാരം ഓണ്‍ ലൈന്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. കിഴുപറമ്പ് പഞ്ചായത്ത് പൗരസൗമിതി കലക്ടര്‍ക്കും ഏറനാട് തഹസില്‍ദാര്‍ക്കും നിവേദനം നല്‍കുന്നതിന്റെ ഭാഗമായ ഒപ്പുശേഖരണം ഇന്നലെ നടന്നു. ജനങ്ങളില്‍ നിന്നും ജീവനക്കാര്‍ രേഖകള്‍ ശരിയാക്കാന്‍ ഭീമമായ തുക ഏജന്റുമാര്‍ വഴി ഈടാക്കുന്നുണ്ടെന്നും ഇത്തരം ഏജന്റുമാരാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതെന്നും പരാതിയില്‍ സൂചിപ്പിച്ചു. നികുതി രേഖകള്‍ കിട്ടാതെ പ്രയാസപ്പെടുന്ന നൂറു കണക്കിനു ജനത്തിന്റെ പ്രയാസം പരിഹരിക്കാന്‍ ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ വില്ലേജില്‍ സമര പരിപാടികള്‍ ആരംഭിക്കുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss