|    May 23 Tue, 2017 10:27 pm
FLASH NEWS

ആദ്യ സ്വര്‍ണം അമേരിക്കയ്ക്ക്

Published : 7th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: നിലവിലെ ചാംപ്യന്‍മാരായ അമേരിക്ക റിയോ ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണനേട്ടവുമായി കുതിപ്പ് തുടങ്ങി. ഇന്നലെ നടന്ന വനിതകളുടെ ഷൂട്ടിങില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ യുവതാരം വിര്‍ജിനിയ ത്രാഷറാണ് അമേരിക്കയ്ക്കായി പൊന്നണിഞ്ഞത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് 19 കാരിയായ അമേരിക്കന്‍ താരത്തിന്റെ സുവര്‍ണവിജയം. ത്രാഷറുടെ കന്നി ഒളിംപിക്‌സ് കൂടിയാണിത്. എയര്‍ റൈഫിള്‍ വനിതാ വിഭാഗത്തില്‍ 2000നു ശേഷം അമേരിക്കയ്ക്കു ലഭിക്കുന്ന ആദ്യ സ്വര്‍ണം കൂടിയാണിത്.
ചൈനീസ് താരങ്ങളായ ഡു ലിയും യി സിലിങുമാണ് യഥാക്രമം വെള്ളിയും വെങ്കലവും കരസ്ഥമാക്കിയത്. ഫൈനലില്‍ ത്രാഷര്‍ക്ക് 208 പോയിന്റ് ലഭിച്ചപ്പോള്‍ 207 പോയിന്റോടെ ലി തൊട്ടരികിലെത്തി. മൂന്നാംസ്ഥാനക്കാരിയായ സിലിങിന് 185.4 പോയിന്റാണ് ലഭിച്ചത്.
ഉന്നംപിഴച്ച് ഇന്ത്യന്‍ താരങ്ങള്‍
വനിതകളുടെ ഷൂട്ടിങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന അപൂര്‍വ്വി ചന്ദേല തീര്‍ത്തും നിരാശപ്പെടുത്തി. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഫൈനല്‍ പോലുമെത്താന്‍ താരത്തിനായില്ല. മറ്റൊരു താരമായ അയോണിക പോളിനും ഫൈനലില്‍ കടക്കാന്‍ സാധിച്ചില്ല.
യോഗ്യതാറൗണ്ടില്‍ യഥാക്രമം 34ഉം 43ഉം സ്ഥാനങ്ങളിലേക്ക് ചന്ദേലയും പോളും പിന്തള്ളപ്പെടുകയായിരുന്നു. ചന്ദേലയ്ക്ക് 411.6ഉം പോളിന് 407ഉം പോയിന്റാണ് ലഭിച്ചത്.
തുഴച്ചില്‍:
ദത്തു ക്വാര്‍ട്ടറില്‍
പുരുഷന്‍മാരുടെ തുഴച്ചിലില്‍ ഇന്ത്യന്‍ താരം ദത്തു ബാബന്‍ ഭോക്കനല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഇന്നലെ നടന്ന സിംഗിള്‍സ് സ്‌കള്‍സ് യോഗ്യതാറൗണ്ടില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് താരം അവസാന എട്ടില്‍ കടന്നത്. 7.21.67 സെക്കന്റിലാണ് ഭോക്കനല്‍ മല്‍ സരം പൂര്‍ത്തിയാക്കിയത്.
2000 മീറ്റര്‍ റേസിന്റെ ആദ്യ 500 മീറ്റര്‍ പൂര്‍ത്തിയാവുമ്പോള്‍ ഒന്നാമതായിരുന്നു ഭോക്കനല്‍.
എന്നാല്‍ പിന്നീട് ക്യുബയുടെ എയ്ഞ്ചല്‍ ഫോര്‍നിയര്‍ റോഡ്രിഗസും മെക്‌സിക്കോയുടെ യുവാന്‍ കാര്‍ലോസ് കാബ്രെറയുമാണ് ഹീറ്റ്‌സില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയത്.
ടേബിള്‍ ടെന്നിസ്: മൗമ ദാസ് ആദ്യ റൗണ്ടില്‍ പുറത്ത്
ടേബിള്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം മൗമ ദാസ് ആദ്യ റൗണ്ടില്‍ പുറത്ത്. റുമാനിയയുടെ ഡാനിയേല മോണ്ടെയ്‌റോ ഡോഡിയാനോടാണ് മൗമ തോറ്റത്. മല്‍സരത്തില്‍ എതിരില്ലാത്ത നാല് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.
രണ്ട് മൂന്ന് സെറ്റുകളിലെ ചെറുത്ത് നില്‍പ്പ് മാത്രമാണ് റാങ്കിങില്‍ 150ാം സ്ഥാനത്തുള്ള മൗമയ്ക്ക് ഡാനിയേലക്കെതിരേ നടത്താനായത്. 2-11, 7-11, 7-11, 2-11 എന്ന സ്‌കോറിനാണ് 58ാം റാങ്കിലുള്ള ഡാനിയേലയുടെ വിജയം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day