|    Oct 21 Sat, 2017 6:45 am
FLASH NEWS

ആദ്യ സോളാര്‍ ഫെറിയായ ആദിത്യ സര്‍വീസിന് തയ്യാര്‍

Published : 26th November 2016 | Posted By: SMR

അരൂര്‍: രാജ്യത്തെ ആദ്യ സോളാര്‍ ഫെറിയായ ആദിത്യയുടെ യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള ട്രയല്‍ റണ്‍ വിജയം. അരൂരിലെ നിര്‍മാണ യൂനിറ്റില്‍ നിന്ന് പുറപ്പെട്ട കന്നിയാത്ര ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജല ഗതാഗത കോര്‍പറേഷനുവേണ്ടി നിര്‍മിച്ച സൗരോര്‍ജ ഫെറി തവണക്കടവ്- വൈക്കം റൂട്ടില്‍ അടുത്തമാസം ഓടിത്തുടങ്ങും. മലിനീകരണമുണ്ടാക്കുന്ന ഡീസല്‍ എഞ്ചിനുകളില്‍നിന്ന് ചിലവുകുറഞ്ഞതും, പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ സോളാര്‍ യാത്രാബോട്ടുകളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ തുടക്കമാണിതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റില്‍നിന്നും പിന്തുണ് ലഭിക്കുന്നുണ്ട്. അടുത്ത ഘട്ടത്തില്‍ അമ്പതോളം സൗരോര്‍ജ്ജ യാത്രാബോട്ടുകള്‍ നിര്‍മിച്ച് പ്രവര്‍ത്തനസജ്ജമാക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.75 യാത്രികരെ വഹിക്കാന്‍ ശേഷിയുള്ള ഈ ഭീമന്‍ സോളാര്‍ ഫെറിക്ക് ഏകദേശം നാല് ബസ്സിന്റെ വലുപ്പം വരും. ഫൈബര്‍ ഗ്ലാസ്സ് ഉപയോഗിച്ചാണ് നിര്‍മിതി. ഏഴ് മീറ്റര്‍ വീതിയും, 20 മീറ്റര്‍ നീളവുമുണ്ട്. സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച മേല്‍ക്കൂരയാണ് ഇതിനുള്ളത്.  7.5 നോട്ടിക്കല്‍ ആണ് വേഗത. മലയാളിയായ സന്തിത് തണ്ടാശ്ശേരിയാണ് ഫെറിയുടെ നിര്‍മാതാവ്. ഇന്‍ഡോ ഫ്രഞ്ച് സംരംഭമായ നവാള്‍ട്ടിന്റെ മാനേജിങ്ങ് ഡയറക്ടറായ സന്തിത് പ്രഗല്‍ഭനായ ഷിപ്പ് ഡിസൈനറാണ്. ആറ് മണിക്കൂര്‍ തുടര്‍ച്ചയായി സഞ്ചരിക്കാന്‍ ആദിത്യയ്ക്ക് കഴിയുമെന്ന് സന്തിത് പറഞ്ഞു. കൂടുതല്‍ ശക്തമായ ബാറ്ററി ഉപയോഗിച്ചാല്‍ ദീര്‍ഘദൂര യാത്രകള്‍ക്കും പ്രയോജനപ്പെടുത്താം. എംഎല്‍എമാരായ എ എം ആരിഫും, സി കെ ആശ,  കേരളാ സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ ഷാജി വി നായര്‍, അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി രത്‌നമ്മ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക