|    Oct 16 Tue, 2018 3:23 pm
FLASH NEWS

ആദ്യ സമ്പൂര്‍ണ തെരുവുനായ വന്ധ്യംകരണ നഗരസഭയായി ആറ്റിങ്ങല്‍

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ തെരുവുനായ വന്ധീകൃത നഗരസഭയായി ആറ്റിങ്ങല്‍ നഗരസഭയെ പ്രത്യേക കൗണ്‍സില്‍ യോഗം പ്രഖ്യാപിച്ചു. തെരുവുകളില്‍ കഴിഞ്ഞിരുന്ന 451 നായകളെയാണ് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിയുടെ ഭാഗമായി വന്ധ്യംകരിച്ചു സമ്പൂര്‍ണതാ പ്രഖ്യാപനം നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ് നടത്തിയത്. ആറ്റിങ്ങല്‍ മൃഗാശുപത്രിയില്‍ പ്രത്യേകം തയാര്‍ ചെയ്ത ഓപ്പറേഷന്‍ തിയേറ്ററിലാണു രണ്ടു ഘട്ടമായി വന്ധ്യംകരണം പൂര്‍ത്തീകരിച്ചത്. ആദ്യ ഘട്ടത്തില്‍ 300 നായ്ക്കളെ വന്ധ്യംകരിച്ചു. രണ്ടാംഘട്ടത്തില്‍ കൗണ്‍സിലര്‍മാരുമായി ചര്‍ച്ചചെയ്തു വാര്‍ഡുകളില്‍ അവര്‍ കണ്ടെത്തിയ 151 നായ്ക്കളെകൂടി വന്ധ്യംകരിച്ചാണു സമ്പൂര്‍ണ വന്ധ്യംകരണം നടത്തിയതെന്നു നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ് അറിയിച്ചു. തോന്നയ്ക്കല്‍ സായിഗ്രാമത്തിന്റെ സഹകരണത്തോടെ നായ്ക്കളെ പിടികൂടി മൃഗാശുപത്രിയിലെത്തിച്ചു വന്ധ്യംകരിച്ചു രണ്ടുദിവസത്തെ ചികിത്സകള്‍ക്കുശേഷം പിടിച്ച ഇടങ്ങളില്‍തന്നെ തിരിച്ചുവിടുകയായിരുന്നു. വന്ധ്യംകരിച്ച നായ്ക്കളുടെ ചെവിയില്‍ വി അടയാളം രേഖപ്പെടുത്തുകയും ചെയ്തു. എട്ടുലക്ഷത്തോളം രൂപയാണു പദ്ധതിക്കായി നഗരസഭ ചെലവിട്ടത്. പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍നിന്ന് അലഞ്ഞെത്തുന്നവയും വീടുകളില്‍നിന്നു പുറംതള്ളുന്ന നായ്ക്കളുമാണു വന്ധ്യംകരിക്കാത്തവയായി കാണപ്പെടുന്നത്. ഇവയെയും വന്ധ്യംകരിക്കാന്‍ രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ സമാന നടപടി തുടരും. ഡോ. ബീന ബീവി, ഡോ. നജീബ്ഖാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വന്ധ്യംകരണം. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ തദ്ദേശമന്ത്രി കെ ടി ജലീലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തെരുവുനായ്ക്കളെ പരിപാലിക്കുന്നതിനുള്ള കൂടുകളും ശസ്ത്രക്രിയാസംവിധാനങ്ങളും തയ്യാറായതോടെ തെരുവുനായ്ക്കളെ പിടികൂടലും ശസ്ത്രക്രിയയും സുഗമമായി നടക്കുകയായിരുന്നു. മുപ്പതോളം നായ്ക്കളെ ഒരേ സമയം കൊല്ലമ്പുഴ മൃഗാശുപത്രിയില്‍ പരിപാലിക്കുന്നുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിലെ ഏതാനും വാര്‍ഡുകളില്‍ നേരത്തെ സായിഗ്രാമത്തിന്റെ നേതൃത്വത്തില്‍ തെരുവുനായ വന്ധ്യംകരണം നടപ്പാക്കിയിരുന്നു. ഈ വാര്‍ഡുകളില്‍ പേവിഷബാധയും തെരുവുനായ ആക്രമണവും 70 ശതമാനം വരെ കുറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss