|    Jan 24 Tue, 2017 12:54 pm
FLASH NEWS

ആദ്യ മാലിന്യമുക്ത സര്‍ക്കാര്‍ ഒാഫിസാവാന്‍ തയ്യാറെടുത്ത് സ്വരാജ് ഭവന്‍

Published : 18th April 2016 | Posted By: SMR

തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മാതൃകയായി സ്വരാജ് ഭവന്‍. നന്ദന്‍കോട് പ്രവര്‍ത്തിക്കുന്ന സ്വരാജ് ഭവനെ അധികം വൈകാതെ തന്നെ നഗരത്തിലെ ആദ്യ മാലിന്യമുക്ത സര്‍ക്കാര്‍ സ്ഥാപനമായി പ്രഖ്യാപിച്ചേക്കും.
സര്‍ക്കാര്‍ സ്ഥാപനങ്ങളെ സംബന്ധിച്ച് മാലിന്യ സംസ്‌കരണം എന്നത് മാലിന്യങ്ങള്‍ ഓഫിസ് വളപ്പിനുള്ളില്‍ കത്തിച്ചു കളയുകയോ കുഴിച്ച് മൂടുകയോ ചെയ്യലാണ്. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്ഥമാണ് സ്വരാജ് ഭവന്‍. ബയോഗ്യാസ് പ്ലാന്റ് വഴിയും കമ്പോസ്റ്റ് വഴിയും ഇവിടെയുണ്ടാകുന്ന മാലിന്യങ്ങള്‍ ഇവിടെത്തന്നെ സംസ്‌കരിക്കുന്നു. കൂടാതെ കമ്പോസ്റ്റില്‍നിന്ന് കിട്ടുന്ന വളം ഇവിടെതന്നെ പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാറാണുള്ളത്.
എട്ട് നിലയുള്ള കെട്ടിടത്തില്‍ 11 വിഭാഗങ്ങളാണുള്ളത്. അഞ്ഞൂറോളം ജീവനക്കാരും ഇവിടെയുണ്ട്. എന്നാല്‍ ആരും തന്നെ ഓഫിസ് കോമ്പൗണ്ടിലേക്ക് മാലിന്യങ്ങള്‍ തള്ളാറില്ല. മാലിന്യമുക്ത സ്വരാജ് ഭവന്‍ എന്ന സന്ദേശം ലക്ഷ്യമാക്കിയാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. മാലിന്യ സംസ്‌കരണത്തിനായി ശുചിത്വ മിഷന്റെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.
മാലിന്യമുക്ത സ്വരാജ് ഭവന്‍ എന്ന ലക്ഷ്യത്തിനായി ഓരോ ഡിപ്പാര്‍ട്‌മെന്റുകളും ആദ്യം മുതല്‍ മുടക്കേണ്ടത് 2500 രൂപ വീതമായിരുന്നു. ഓരോ ഡിപ്പാര്‍ട്‌മെന്റുകള്‍ക്കും ദിവസവും രണ്ട് ബിന്നുകള്‍ വീതം ഭക്ഷ്യമാലിന്യങ്ങള്‍ സംസ്‌കരിക്കാനുണ്ടാകും. ഒരു ബിന്‍ നിറഞ്ഞാലുടന്‍ തന്നെ അത് കമ്പോസ്റ്റ് ചെയ്യുന്നതിനായി കൊണ്ടുപോകും.
ഭക്ഷണാവശിഷ്ടങ്ങള്‍ റിങ് കമ്പോസ്റ്റ് രീതിയിലാണ് സംസ്‌കരിക്കുന്നത്. ഇതില്‍നിന്ന് കിട്ടുന്ന കമ്പോസ്റ്റ് കെട്ടിടത്തിന്റെ പിന്നില്‍ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കും. കമ്പോസ്റ്റിനായി ചകിരിച്ചോറിനും മരപ്പൊടിക്കുമെല്ലായി മാസവും 300ഓളം രൂപ ചിലവ് വരുന്നുണ്ട്. ഇത് ഒരോ ഡിപ്പാര്‍ട്‌മെന്റുകളും നല്‍കും.
കമ്പോസ്റ്റ് സ്ഥാപിക്കുന്നതിന് മുമ്പ് ചവറുകളെല്ലാം കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇത് വലിയ പുകയുണ്ടാക്കിയിരുന്നു. ഇതിന് ഒരു മാറ്റമുണ്ടാക്കാനാണ് പുതിയ കമ്പോസ്റ്റ് രീതി തുടങ്ങിയത്. ഇതേക്കുറിച്ച് ആദ്യം എല്ലാ ഡിപ്പാര്‍ട്‌മെന്റുകള്‍ക്കും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു.
ഇലക്ട്രോണിക് മാലിന്യങ്ങ ള്‍, പേപ്പര്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ എല്ലാ ഡിപ്പാര്‍ട്‌മെന്റുകളില്‍ നിന്നും ശേഖരിച്ച് ഓരോ മാസവും ഇവ ശേഖരിക്കുന്നവര്‍ക്ക് നല്‍കും. റിങ് കമ്പോസ്റ്റില്‍ നിന്ന് ലഭിക്കുന്ന മിശ്രിതം ഫലപ്രദമായ ജൈവ വളമാണ്.
പ്ലാസ്റ്റികിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ എന്തെങ്കിലും പരിപാടികള്‍ നടക്കുമ്പോള്‍ സ്റ്റാഫ് അംഗങ്ങള്‍ വീടുകളില്‍ നിന്ന് സ്റ്റീല്‍ പാത്രങ്ങള്‍ കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചു. കാറ്ററിങിന് വരുന്നവരോടും സ്റ്റീല്‍ പാത്രങ്ങല്‍ മാത്രം കൊണ്ടുവരാനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്.
പച്ചക്കറി തോട്ടം സംരക്ഷിക്കുന്നതിനും ഓരോ ഡിപ്പാര്‍ട്‌മെന്റുകളിലെയും വേസ്റ്റ് ബിന്നുകള്‍ കൈകാര്യം ചെയ്യുന്നതിനും രണ്ട് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ലക്ഷ്യത്തിന്റെ ഭാഗമായി പരീക്ഷണാര്‍ത്ഥം ചിലവു കുറഞ്ഞ ഒരു ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. സാധാരണ നിലയില്‍ രണ്ട് കിലോഗ്രാം ബയോഗ്യാസ് പ്ലാന്റിന് 8500-10000 രൂപ വരെയാണ് വില. സ്വരാജ് ഭവനില്‍ സ്ഥാപിച്ചിരിക്കുന്നത് 4000 രൂപയുടേതാണ്. ഇത് 1000 രൂപ സബ്‌സിഡി നിരക്കിലും ലഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക