|    Sep 25 Tue, 2018 12:31 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ആദ്യ ജൈവ ഇന്ധന യാത്രാവിമാനം പറന്നിറങ്ങി

Published : 28th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ജൈവ ഇന്ധന യാത്രാവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരം. ഭാഗികമായി ജൈവ ഇന്ധനം നിറച്ച സ്‌പൈസ് ജെറ്റിന്റെ 72 സീറ്റുള്ള വിമാനം ഡെറാഡൂണില്‍ നിന്നു ഡല്‍ഹിയില്‍ പറന്നിറങ്ങി. ചെലവു കുറഞ്ഞ ജൈവ ഇന്ധനത്തിലേക്കു മാറുന്നത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കുറയാന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്.
ഡെറാഡൂണ്‍ ആസ്ഥാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയമാണ് ജെട്രോഫ ചെടിയുടെ കുരുവില്‍ നിന്നു ജൈവ ഇന്ധനം തയ്യാറാക്കിയത്. വിമാനത്തില്‍ 25 ശതമാനം ജൈവ ഇന്ധനവും ബാക്കി വിമാന ഇന്ധനവും ഉപയോഗിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്താണ് ഡെറാഡൂണ്‍ വിമാനത്താവളത്തില്‍ നിന്നു ഫഌഗ്ഓഫ് ചെയ്തത്.
വ്യോമയാന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ ആദ്യ യാത്രക്കാരായി. വിമാനം 25 മിനിറ്റ് കൊണ്ട് ചരിത്രം കുറിച്ച് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങി. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, സുരേഷ് പ്രഭു, ധര്‍മേന്ദ്ര പ്രധാന്‍, ഹര്‍ഷവര്‍ധന്‍ സിങ്, ജയന്ത് സിന്‍ഹ എന്നിവര്‍ വിമാനത്തെ സ്വീകരിച്ചു.
ഛത്തീസ്ഗഡിലെ 500ഓളം കര്‍ഷക കുടുംബങ്ങള്‍ ജെട്രോഫ ഇന്ധന നിര്‍മാണത്തില്‍ പങ്കാളികളാണെന്നും ജൈവ ഇന്ധനം ഉപയോഗിച്ച എന്‍ജിനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായിരുന്നെന്നും അധികൃതര്‍ പറഞ്ഞു. അമേരിക്കയിലും ആസ്‌ത്രേലിയയിലും ജൈവ ഇന്ധന യാത്രാവിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. കൃഷി അവശിഷ്ടങ്ങള്‍, ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകള്‍, ജീര്‍ണിക്കുന്ന വ്യവസായ മാലിന്യാവശിഷ്ടം എന്നിവ ജൈവ ഇന്ധനത്തില്‍ ഭാഗികമായി ഉപയോഗിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss