|    Sep 25 Tue, 2018 6:30 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ നെടുമ്പാശ്ശേരിയില്‍ ഇറങ്ങും

Published : 14th September 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: പ്രളയത്തിനുശേഷം തിരിച്ചുവരവിന് തയ്യാറെടുക്കുന്ന സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വേകി ഈ സീസണിലെ ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ പറന്നിറങ്ങും. നാളെ വൈകീട്ട് ആറുമണിക്കെത്തുന്ന സഞ്ചാരികള്‍ക്കായി വമ്പിച്ച സ്വീകരണമാണ് സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയത്. ആസ്‌ത്രേലിയയില്‍നിന്നെത്തുന്ന ചാര്‍ട്ടേഡ് വിമാനത്തില്‍ 60 വിനോദസഞ്ചാരികളാണുള്ളത്. കൊച്ചിക്കു സമീപമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തും. കേരളത്തെ മികച്ച ടൂറിസം കേന്ദ്രമായി നിലനിര്‍ത്താന്‍ ടൂറിസം വകുപ്പ് അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്ന് സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികള്‍ കേരളത്തിനു നല്‍കുന്ന പിന്തുണ പ്രോല്‍സാഹജനകമാണെന്നും അവര്‍ പറഞ്ഞു.
പ്രളയത്തിനുശേഷം കേരളത്തിലെ ടൂറിസരംഗം ദുര്‍ബലമാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിടാനും ടൂറിസ്റ്റുകളുടെ ഈ വരവോടെ സാധിക്കും. കേരളം സഞ്ചാരികള്‍ക്കായി തയ്യാറായി എന്ന സന്ദേശം ലോകത്തിനു നല്‍കുന്നതിന് പ്രത്യേക ടൂറിസ്റ്റ് വിമാനത്തിന്റെ വരവ് സഹായിക്കുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. പ്രത്യേക വിമാനത്തിലെത്തുന്ന സംഘം ഞായറാഴ്ച ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ കൃഷിയിടം സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്കായി തനതു കേരളവിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പാചക ക്ലാസ് ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച ആലപ്പുഴ സന്ദര്‍ശിക്കുന്ന സംഘം ഹൗസ്‌ബോട്ടിലും യാത്ര നടത്തും. പ്രളയത്തെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുന്നുവെന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും പ്രത്യേക വിമാനത്തിന്റെ വരവോടെ അത് ഇല്ലാതായി. മൂന്നാര്‍ അടക്കമുള്ള കേന്ദ്രങ്ങള്‍ സഞ്ചാരികളെ വരവേല്‍ക്കാന്‍ തയ്യാറായതിന്റെ ആവേശത്തിലാണ്. ഇതിന്റെ ഭാഗമായി ഈ കേന്ദ്രങ്ങളിലേക്കുള്ള മാര്‍ഗതടസ്സങ്ങള്‍ നീക്കി സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച സംഘം ഗോവയ്ക്ക് തിരിക്കും. ഉദയ്പൂര്‍, ജോധ്പൂര്‍, വാരണാസി, കൊല്‍ക്കത്ത എന്നിവിടങ്ങളും സംഘം സന്ദര്‍ശിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss