|    Apr 23 Mon, 2018 7:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആദ്യഘട്ട ബിജെപി സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം

Published : 23rd March 2016 | Posted By: SMR

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന നേതൃത്വം കൈമാറിയ ഇരുപത്തിരണ്ട് സ്ഥാനാര്‍ഥികളടങ്ങുന്ന ആദ്യഘട്ട പട്ടിക കേന്ദ്രനേതൃത്വം അംഗീകരിച്ചു. ഒ രാജഗോപാല്‍ അടക്കം അഞ്ചു മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ പട്ടികയിലുണ്ട്. പി എസ് ശ്രീധരന്‍ പിള്ള, സി കെ പത്മനാഭന്‍, പി കെ കൃഷ്ണദാസ്, വി മുരളീധരന്‍ എന്നിവരാണ് മറ്റുള്ളവര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ യുവമോര്‍ച്ച മുന്‍ ദേശീയാധ്യക്ഷനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും വക്താവുമായ ജോര്‍ജ് കുര്യന്‍ മല്‍സരിക്കും.
നേരത്തെ പട്ടിക സംസ്ഥാന നേതൃത്വം കൈമാറിയിരുന്നെങ്കിലും ബിഡിജെഎസ് നേതാക്കളുടെ പരാതിയെതുടര്‍ന്ന് കേന്ദ്ര നേതൃത്വം അംഗീകരിച്ചിരുന്നില്ല. കോവളവും കാഞ്ഞങ്ങാടും കൊടുങ്ങല്ലൂരും അടക്കം സീറ്റുകള്‍ വിട്ടുകൊടുത്ത് ബിജെപി സംസ്ഥാന നേതൃത്വം സമവായത്തിലെത്തിയതോടെയാണ് വിഭജനം പൂര്‍ത്തിയായത്. ഇതോടെ കേന്ദ്ര നേതൃത്വവും ലിസ്റ്റ് അംഗീകാരിക്കുകയായിരുന്നു.
നേമത്ത് ഒ രാജഗോപാല്‍, വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍, കഴക്കൂട്ടത്ത് വി മുരളീധരന്‍ എന്നിവര്‍ക്കാണ് പ്രചാരണം തുടങ്ങാന്‍ നേരത്തെ പ്രത്യേക അനുമതി നല്‍കിയിരുന്നത്. ബാക്കി 19 സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ എന്തിനാണു കേന്ദ്രാനുമതിയില്ലാതെ പരസ്യ പ്രഖ്യാപനം നടത്തിയതെന്നു കേന്ദ്ര നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്, സിനിമാ നടന്‍മാരായ സുരേഷ്‌ഗോപി, കൊല്ലം തുളസി, ഭീമന്‍ രഘു, സംവിധായകന്‍ രാജസേനന്‍ തുടങ്ങിയവരുടെ പേരുകള്‍ മറ്റു ചില മണ്ഡലങ്ങളിലേക്കു പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനമുണ്ടാവും. ഇരു മുന്നണികളും സീറ്റ് നല്‍കാതെ അവഗണിക്കുന്നവരെ ബിജെപി സഖ്യത്തിലേക്ക് കൊണ്ടുവരാനുള്ള സാധ്യതകളും തേടുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് നേതാവ് വി സുരേന്ദ്രന്‍ പിള്ളയും ഇത്തരത്തില്‍ പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
ശോഭ സുരേന്ദ്രന്‍ (പാലക്കാട്), ഭര്‍ത്താവും കര്‍ഷക മോര്‍ച്ച നേതാവുമായ കെ കെ സുരേന്ദ്രന്‍ (പൊന്നാനി), കെ സുരേന്ദ്രന്‍ (മഞ്ചേശ്വരം), എം ടി രമേശ് (ആറന്‍മുള), കെ പി ശ്രീശന്‍ (കോഴിക്കോട് നോര്‍ത്ത്), പി എം വേലായുധന്‍ (മാവേലിക്കര), എ എന്‍ രാധാകൃഷ്ണന്‍ (മണലൂര്‍) തുടങ്ങിയവരാണു കേന്ദ്ര നേതൃത്വം അംഗീകരിച്ച ലിസ്റ്റിലെ മറ്റു പ്രമുഖര്‍. സിപിഎം അക്രമത്തില്‍ കാല്‍ നഷ്ടമായ കണ്ണൂരിലെ പ്രമുഖ ആര്‍എസ്എസ് നേതാവ് സി സദാനന്ദന്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ മല്‍സരിക്കും. ആര്‍എസ്എസ് കേന്ദ്രനേതൃത്വം നേരിട്ടാണ് ഇദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്.
ശ്രീശാന്തിനെ തൃപ്പൂണിത്തുറയിലും ഭീമന്‍ രഘുവിനെ പത്തനാപുരത്തുമാണ് ബിജെപി പരിഗണിക്കുന്നത്. രാജസേനനെ നെടുമങ്ങാട്ടും കൊല്ലം തുളസിയെ ചവറയിലും പരിഗണിക്കുന്നു. പി പി മുകുന്ദന്‍, കെ രാമന്‍ പിള്ള എന്നിവരുടെ പാര്‍ട്ടിയിലേക്കുള്ള മടക്കം തത്വത്തില്‍ തീരുമാനമായെങ്കിലും ഇവര്‍ക്ക് എന്തു ചുമതലകള്‍ നല്‍കണമെന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss