|    May 23 Tue, 2017 8:10 pm
FLASH NEWS

ആദ്യഘട്ടം നാല് നിയമസഭാ മണ്ഡലങ്ങളില്‍ സ്‌കൂളുകള്‍ ഹൈടെക് ആക്കും

Published : 17th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ പൈലറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ഐടി@സ്‌കൂള്‍ പ്രോജക്ടിനെ ചുമതലപ്പെടുത്തി. ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോര്‍ത്ത്, തളിപ്പറമ്പ് നിയോജകമണ്ഡലങ്ങളിലെ മുഴുവന്‍ സ്‌കൂളുകളിലും നവംബറോടെ പദ്ധതി നിലവില്‍വരും. പദ്ധതിയുടെ ഭാഗമായി ഓരോ ക്ലാസ്മുറിയിലും ലാപ്‌ടോപ്പ്, മള്‍ട്ടിമീഡിയാ പ്രൊജക്ടര്‍, ശബ്ദസംവിധാനം, വൈറ്റ് ബോര്‍ഡ് തുടങ്ങിയവ ഐടി@സ്‌കൂള്‍ ഒരുക്കും.
ഇതിന്റെ ഭാഗമായി ടൈല്‍ പാകിയ തറ, മേല്‍ക്കൂര ഓട് പാകിയതാണെങ്കില്‍ സുരക്ഷിതമായ സീലിങ്, പെയിന്റ് ചെയ്ത് വൃത്തിയാക്കിയ ചുവരുകള്‍, ക്ലാസ്മുറിയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തിയുള്ള വൈദ്യുതീകരണം, അനുബന്ധ ഉപകരണങ്ങള്‍ സൂക്ഷിക്കാനാവശ്യമായ ഷെല്‍ഫ് ലോക്കര്‍ സംവിധാനം എന്നിവ സ്‌കൂളുകള്‍ ഒരുക്കണം. സ്‌കൂളുകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് സ്‌കൂള്‍ പിടിഎ, എസ്എംസി, മാനേജ്‌മെന്റ്, പൂര്‍വവിദ്യാര്‍ഥികള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായം പ്രയോജനപ്പെടുത്താം.
അടിസ്ഥാനസൗകര്യങ്ങള്‍ ഹാര്‍ഡ്‌വെയര്‍ വിന്യാസത്തിനു മുമ്പുതന്നെ സ്‌കൂളുകള്‍ ഒരുക്കണം. പദ്ധതിയുടെ ഭാഗമായി മുഴുവന്‍ ഹൈസ്‌കൂളുകള്‍, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ അധ്യാപകര്‍ക്കും മൂന്നു തലങ്ങളിലുള്ള പ്രത്യേക പരിശീലനം ഐടി@സ്‌കൂള്‍ നല്‍കും. ഓരോ വിഷയത്തിലെയും ഐസിടി അധിഷ്ഠിത അധ്യാപനത്തിനു പര്യാപ്തമായ ഉള്ളടക്ക നിര്‍മാണവും അതുമായി ബന്ധപ്പെട്ട സാങ്കേതികവശങ്ങളുടെ പരിശീലനവും അധ്യാപകര്‍ക്ക് നല്‍കും. അവധിദിനങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയാവും പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നത്. ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്നതോടൊപ്പം തന്നെ അതിവേഗ ഇന്റര്‍നെറ്റ്, ടെലിവിഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന കംപ്യൂട്ടര്‍ ലാബുകളും സജ്ജീകരിക്കും. ഇതിനു മുന്നോടിയായി നിലവിലുള്ള ഐടി ഉപകരണങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിന് പ്രത്യേകം ഹാര്‍ഡ്‌വെയര്‍ ക്ലിനിക്കുകളും ഐടി@സ്‌കൂള്‍ പ്രോജക്ട് ഏര്‍പ്പെടുത്തും. 20 മുതല്‍ പരിശീലനം ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. സ്‌കൂള്‍ സര്‍വേയുടെ തുടര്‍ച്ചയായി ഇന്നു മുതല്‍ ഐസിടി ഓഡിറ്റ് ആരംഭിക്കും. നവംബര്‍ അവസാനത്തോടെ ഹാര്‍ഡ്‌വെയര്‍ വിന്യാസം പൂര്‍ത്തിയാക്കുന്ന തരത്തില്‍ ടെന്‍ഡര്‍ നടപടികളും ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day