|    Dec 17 Mon, 2018 7:14 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആദ്യം സ്വന്തം പണിയെടുക്കൂ- കേന്ദ്രത്തോട് സുപ്രിംകോടതി

Published : 30th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സ്വന്തം ജോലി നിറവേറ്റാതെ കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യറിയെ കുറ്റപ്പെടുത്തുന്നത് വിചിത്രമാണെന്ന് സുപ്രിംകോടതി. രാജ്യത്തെ ജയിലുകള്‍ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ക്രിമിനല്‍ കേസുകളുടെ വിചാരണ ഇഴഞ്ഞുനീങ്ങുന്നതിനെതിരേ ജുഡീഷ്യറിയെ വിമര്‍ശിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അവര്‍ ചെയ്യേണ്ട ജോലികള്‍ ചെയ്യുന്നില്ലെന്നാണ് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചത്.
ഇതു വളരെ വിചിത്രമാണ്. നിങ്ങളുടെ ആളുകളോട് പറയൂ (കേന്ദ്രത്തോട്) അവര്‍ അവരുടെ ജോലി ചെയ്യാതെ ജുഡീഷ്യല്‍ സംവിധാനത്തെ വിമര്‍ശിക്കുന്നത് നിര്‍ത്തൂവെന്ന്- കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥനായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയോട് സുപ്രിംകോടതി പറഞ്ഞു.
ഈ മാസം 23ന് കേസ് പരിഗണിക്കവെ, രാജ്യത്തെ ഫോറന്‍സിക് ലാബുകളിലെ 40 ശതമാനം തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്നു കേന്ദ്രം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന്, ഒഴിഞ്ഞുകിടക്കുന്ന തസ്തികയില്‍ എത്രയും വേഗം നിയമനം നടത്തണമെന്നും കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഫോറന്‍സിക് റിപോര്‍ട്ട് കിട്ടാന്‍ വൈകുന്നതുകൊണ്ട് ക്രിമിനല്‍ കേസുകളിലെ വിചാരണ അനന്തമായി നീളുകയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. കോടതിയുടെ ഈ നിര്‍ദേശം പാലിക്കാത്തതാണ് ബെഞ്ചിനെ ചൊടിപ്പിച്ചത്. ഭോപാല്‍, ചണ്ഡീഗഡ്, ഗുവാഹത്തി, കൊല്‍ക്കത്ത, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ ആറു ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളിലായി 450 തസ്തികകളുള്ളതില്‍ 164ഉം ഒഴിഞ്ഞുകിടക്കുകയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള 31 ഫോറന്‍സിക് ലബോറട്ടറികളില്‍ മൊത്തം 7,552 തസ്തികകളില്‍ 3,685ഉം ഒഴിഞ്ഞുകിടക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss