|    Jul 28 Fri, 2017 12:27 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആദ്യം മോദിയുടെ വീട്ടിലെ വിവേചനം അവസാനിപ്പിക്കൂ: വലി റഹ്മാനി

Published : 14th October 2016 | Posted By: SMR

modi-brics-afp

ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കാന്‍ ഇറങ്ങിയവര്‍ ആദ്യം പ്രധാനമന്ത്രിയുടെ വീട്ടിലെ സ്ത്രീ അനുഭവിക്കുന്ന വിവേചനം അവസാനിപ്പിക്കുന്നതു സംബന്ധിച്ചു ചര്‍ച്ചചെയ്യുകയാണു വേണ്ടതെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി വലി റഹ്മാനി. മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കാന്‍ ഏതുവിധത്തിലുള്ള നടപടിയാണു കൈക്കൊള്ളുകയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ്, വളരെ ചെറുപ്രായത്തില്‍ തന്നെ വേര്‍പിരിഞ്ഞ മോദിയുടെ ഭാര്യയെ കുറിച്ചു സൂചിപ്പിച്ചുകൊണ്ട് വലി റഹ്മാനി ഇങ്ങനെ പറഞ്ഞത്.
ഇപ്പോഴത്തെ തര്‍ക്കവിഷയം മുത്വലാഖ് അല്ല. മുസ്‌ലിം വ്യക്തിനിയമം എന്നതു വിവാഹമോചനവും മുത്വലാഖും മാത്രമല്ല, മുസ്‌ലിംകളുടെ സാമൂഹിക, സാംസ്‌കാരിക, പൊതുജീവിതം സംബന്ധിച്ച നൂറുകണക്കിനു നിയമങ്ങള്‍ ചേര്‍ന്നുള്ളതാണ് അത്. മുത്വലാഖ് ചൂണ്ടിക്കാട്ടി വ്യക്തിനിയമം ഇല്ലാതാക്കാനുള്ള നീക്കം അനുവദിക്കില്ല.
മുത്വലാഖ് വിഷയത്തില്‍ ആശയപരമായി മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ട്. അതു ഞങ്ങള്‍ തന്നെ പരിഹരിച്ചുകൊള്ളാം. അമേരിക്കയിലെ സംസ്ഥാനങ്ങളില്‍ പോലും പ്രത്യേക വ്യക്തിനിയമങ്ങള്‍ ഉണ്ട്. വ്യക്തിനിയമങ്ങള്‍ പിന്തുടരുന്നതില്‍ എന്താണു തെറ്റുള്ളത്? കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഭരണപരാജയം മറച്ചുവയ്ക്കാനാണു ധൃതിപിടിച്ച് ഏകീകൃത സിവില്‍ നിയമം നടപ്പാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏകസിവില്‍കോഡിനെ പിന്തുണച്ചതോടെ അഭ്യന്തരമായി മോദി സര്‍ക്കാര്‍ ഒരു യുദ്ധത്തിനു തുടക്കമിട്ടിരിക്കുകയാണ്. വിദേശത്തുനിന്നുള്ള വെല്ലുവിളികളെ സമര്‍ഥമായി നേരിടാന്‍ കഴിയാത്ത അദ്ദേഹം ആഭ്യന്തരമായി നടക്കുന്ന ഈ വെല്ലുവിളിയെ പിന്തുണയ്ക്കുകയാണ്.
വ്യക്തിനിയമം മുസ്‌ലിംകളില്‍ കൂടുതല്‍ വിവാഹമോചനങ്ങള്‍ക്കും ബഹുഭാര്യത്വത്തിനും കാരണമാവുന്നു എന്ന വാദം തെറ്റാണ്. ഇന്ത്യയില്‍ ഏറ്റവുമധികം വിവാഹമോചനങ്ങള്‍ നടക്കുന്നത് ശതമാനക്കണക്കില്‍ ഹിന്ദുസമുദായത്തിലാണെന്നും അദ്ദേഹം 2011ലെ സെന്‍സസ് രേഖകള്‍ ഉദ്ധരിച്ചു വ്യക്തമാക്കി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ വലിയ പങ്കുവഹിച്ചവരാണു മുസ്‌ലിംകള്‍. എന്നാല്‍ തങ്ങള്‍ വിവേചനം നേരിടുന്നുണ്ടെന്ന തോന്നല്‍ മുസ്‌ലിംകള്‍ക്കുണ്ട്. മുസ്‌ലിംകള്‍ അവരുടെ വിശ്വാസപ്രമാണങ്ങളില്‍ സന്തുഷ്ടരാണ്. എല്ലാവരും അവരുടെ വിശ്വാസവും ആചാരവുമായി ജീവിക്കട്ടെ. മറ്റുള്ളവരുടെ വിശ്വാസങ്ങളെ തങ്ങള്‍ ആദരിക്കുന്നുവെന്നും വലി റഹ്മാനി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക