|    Jan 20 Fri, 2017 7:27 am
FLASH NEWS

ആദ്യം അമൃതം പിന്നെ സബലയും: ന്യൂട്രിമിക്‌സുമായി ഡോ.നിലോഫര്‍

Published : 17th December 2015 | Posted By: SMR

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: സംസ്ഥാനത്തെ നാലു ജില്ലകളില്‍ കൗമാരപ്രായ പെണ്‍കുട്ടികള്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച സബല പദ്ധതിക്ക് പോഷകാഹമൊരുക്കി ഡോ. നിലോഫര്‍ ഇല്ല്യാസ്‌കുട്ടി. കാസര്‍കോട് സിപിസിആര്‍ഐ കൃഷിവിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞയായ ഡോ. നിലോഫറാണ് 12 മുതല്‍ 18 വയസ്സ് വരെയുള്ള കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച സബല പദ്ധതിക്കായി ഇരുമ്പുസത്ത് അടങ്ങിയ ന്യൂട്രിമിക്‌സ് വികസിപ്പിച്ചെടുത്തത്. കൗമാരപ്രായത്തിലെ പെണ്‍കുട്ടികളില്‍ പോഷകമൂല്യങ്ങളുടെ കുറവു കണ്ടെത്തിയതോടെയാണ് ഇതു പരിഹരിക്കാന്‍ ന്യൂട്രിമിക്‌സ് വികസിപ്പിച്ചെടുത്തത്.
ഇടുക്കി, പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിലെ അങ്കണവാടികള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ സബല ന്യൂട്രിമിക്‌സ് വിതരണം ചെയ്യുക. ഉണങ്ങലര, ഗോതമ്പ്, ചോളം, മുത്താറി, കടലപ്പരിപ്പ്, ഉഴുന്നു പരിപ്പ്, സോയാബീന്‍, എള്ള്, നിലക്കടല എന്നിവ ഉള്‍ക്കൊള്ളിച്ചാണ് കിറ്റ് തയ്യാറാക്കിയത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയാണിത്. നേരത്തെ അങ്കണവാടി കുട്ടികള്‍ക്ക് അമൃതം ന്യൂട്രിമിക്‌സ് നിര്‍മിച്ച് ഡോ. നിലോഫര്‍ പ്രശസ്തയായിരുന്നു.
ദരിദ്രകുടുംബങ്ങളിലെ ശിശുമരണവും കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവും പരിഹരിക്കാന്‍ ചെലവുകുറഞ്ഞ ഭക്ഷണം ഒരു വര്‍ഷം നീണ്ടുനിന്ന പരിശ്രമത്തിലൂടെയാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. ഇന്ന് രാജ്യത്തു തന്നെ ഏറ്റവും പ്രചാരമുള്ള സൗജന്യ ശിശുപോഷക ആഹാരമാണ് അമൃതം ന്യൂട്രിമിക്‌സ്. ഗോതമ്പ്, സോയാബീന്‍, പഞ്ചസാര, നിലക്കടല തുടങ്ങിയവ ചേര്‍ത്ത് അമൃതം ന്യൂട്രിമിക്‌സ് 2005ല്‍ ബേഡഡുക്ക, മടിക്കൈ പഞ്ചായത്തുകളിലെ 20 അങ്കണവാടി കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തുതുടങ്ങിയത്.
മാസങ്ങള്‍ക്കുള്ളില്‍ ഈ കുട്ടികളുടെ തൂക്കത്തിലും രോഗപ്രതിരോധ ശേഷിയിലും ഗണ്യമായ വര്‍ധനവു കണ്ടെത്തി. ചെലവുകുറഞ്ഞ ഈ പൊടി നേട്ടവും ആശ്വാസവുമാണെന്നു കണ്ടെത്തിയപ്പോള്‍ ഐസിഡിഎസ് ഇത് ഏറ്റെടുത്തു. വനിതാ ശാക്തീകരണവും അവരുടെ വരുമാനവും ലക്ഷ്യമാക്കി സംസ്ഥാന കുടുംബശ്രീ മിഷന്‍ ഇതിന്റെ ഉല്‍പ്പാദനം ഏറ്റെടുത്തു. എല്ലാ ജില്ലയിലും കുടുംബശ്രീ യോഗങ്ങള്‍ വിളിച്ചുകൂട്ടി ഡോ. നിലോഫര്‍ ന്യൂട്രിമിക്‌സ് തയ്യാറാക്കുന്നതിന് പരിശീലനം നല്‍കി. ഇപ്പോള്‍ സംസ്ഥാനത്തെ 14 ജില്ലകളിലെ 397 കുടുംബശ്രീ വനിതാ സ്വാശ്രയ സംഘത്തില്‍ 4500 വീട്ടമ്മമാര്‍ തയ്യാറാക്കുന്ന ഭക്ഷണം സംസ്ഥാനത്തെ അങ്കണവാടികളിലൂടെയാണ് വിതരണം ചെയ്യുന്നത്.
വിവിധ കുടുംബശ്രീ യൂനിറ്റുകളിലായി മാസം 14,000 ടണ്‍ അമൃതം പോഷകാഹാരം തയ്യാറാക്കി വീടുകളിലെത്തിക്കുന്നു. ഓരോ വര്‍ഷവും 60 കോടി രൂപയാണ് അമൃതം ഉല്‍പ്പാദകരായ കുടുംബശ്രീ വനിതകള്‍ക്ക് സാമൂഹികക്ഷേമ വകുപ്പു നല്‍കുന്നത്. അങ്കണവാടി കുട്ടികള്‍ക്ക് ബിസ്‌ക്കറ്റ് നിര്‍മിക്കാനുള്ള അമൃതം പദ്ധതിയും ഡോ. നിലോഫറിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. ആയിരക്കണക്കിനു കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇവരുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് പരിശീലനം നല്‍കിയിട്ടുണ്ട്.
20 വര്‍ഷമായി കാസര്‍കോട് സിപിസിആര്‍ഐയില്‍ ജോലി ചെയ്യുന്ന ഇവര്‍ എറണാകുളം കടവന്ത്രയിലെ ഇല്ല്യാസ്‌കുട്ടി- സുഹറ ദമ്പതികളുടെ മകളാണ്. എംഎസ്‌സിക്കു ശേഷം വെള്ളായണി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ഫുഡ് സയന്‍സില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഭര്‍ത്താവ് ഡോ. കെ എ നവാസ് കാസര്‍കോട് എല്‍ബിഎസ് എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലാണ്. മക്കള്‍: രജത് നവാസ്, സായൂജ് നവാസ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 127 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക