|    Jun 24 Sun, 2018 4:36 pm
FLASH NEWS

ആദൂര്‍-എയ്യാല്‍ പാടശേഖരത്തിലെ നെല്‍കൃഷി കരിഞ്ഞുണങ്ങി

Published : 18th January 2017 | Posted By: fsq

 

പന്നിത്തടം: കൃഷിക്കാവശ്യമായ വെളളം ലഭിക്കാതെ 500 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരം കരിഞ്ഞുണങ്ങി നശിക്കുന്നു. തലപ്പിള്ളി താലൂക്കിന്റെ നെല്ലറയെന്നറിയപ്പെടുന്ന ആദൂര്‍ എയ്യാല്‍ പാടശേഖരമാണ് ജലസേചന വകുപ്പിന്റെ അനാസ്ഥമൂലം കരിഞ്ഞുണങ്ങുന്നത്. ഓരോ കര്‍ഷകനും ഏറെ പ്രതീക്ഷയോടെയാണ് ആദൂര്‍ എയ്യാല്‍ പാടശേഖരത്തില്‍ കൃഷിയിറക്കിയത്. എന്നാല്‍ എല്ലാവര്‍ഷവും നൂറുമേനി വിളവെടുപ്പ് നടത്തിയിരുന്ന പാടശേഖരം ഇന്ന് വിണ്ട് കീറി കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്.തുലാവര്‍ഷത്തേയും ഇടവപ്പാതിയേയും ആശ്രയിച്ചാണ് പാടശേഖരത്തില്‍ കൃഷി ആരംഭിക്കുന്നത്.തുടര്‍ന്ന് വടക്കാഞ്ചേരി പുഴയില്‍ നിന്നുള്ള കനാല്‍ വെള്ളവും കൂടി ലഭിച്ചാല്‍ മാത്രമാണ് കൃഷിപൂര്‍ണ്ണതയില്‍ എത്തൂക. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുഴയില്‍ നിന്നു ലഭിക്കുന്ന വെള്ളമുപയോഗപ്പെടുത്തിയാണ് നെല്‍കൃഷി ചെയ്തിരുന്നത്. ജലസേചനം നടത്തുന്നതിനായി പാടശേഖരത്തില്‍ മറ്റ് ജലാശയങ്ങളില്ലാത്തതും കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വടക്കാഞ്ചേരി പുഴയിലെ ആദൂര്‍ മുട്ടിക്കല്‍ ചിറയില്‍ നിന്നും കനാല്‍ വഴിയാണ് പാടശേഖരത്തിലേക്ക് വെള്ളം എത്തിയിരുന്നത്. കനാലിന്റെ കുട്ടിച്ചിറ ഭാഗത്ത് ചെറിയ ചീപ്പില്‍ കരിങ്കല്‍ കെട്ടാത്തതാണ് പുഴവെള്ളം കനാലിലെത്താത്തതിന്റെ പ്രധാനകാരണം. ഇതുമൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി പാടശേഖരത്തില്‍ കടുത്ത ജല ദൗര്‍ലഭ്യമാണ് അനുഭവപ്പെടുന്നത്. ജലക്ഷാമം രൂക്ഷമായതോടെ കരിങ്കല്‍കെട്ട് ഇടിഞ്ഞുവീണ ഭാഗത്ത് മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ പല തവണ താല്ക്കാലിക തടയിണ നിര്‍മിച്ചെങ്കിലും വെള്ളം സംഭരിക്കാനായില്ല. കനാലിന്റെ വശങ്ങള്‍ തകര്‍ന്ന് പോയതിനാല്‍ തടയിണ നിര്‍മിച്ചിട്ടും പാടശേഖരത്തിലേക്ക് വെള്ളം കയറാത്ത അവസ്ഥയാണ് ഉള്ളത്. കനാലിന്റെ അറ്റകുറ്റപണികള്‍ നടത്തി കൃഷി സംരക്ഷിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ബാങ്കില്‍ നിന്ന് വായ്പയെടുത്തും പണം പലിശക്കെടുത്തുമാണ്  പല കര്‍ഷകരുംപാടശേഖരത്തില്‍ കൃഷിയിറക്കിയിട്ടുള്ളത്.ജലസേചന വകുപ്പ് അധികൃതരുടെ അനങ്ങാപാറ നയം ഒരുപ്രദേശത്തെ കര്‍ഷകരെ മുഴുവന്‍ പട്ടിണിയിലേക്കാണ് നയിക്കുന്നത്. നൂറുമേനി വിളവ് തരുന്ന  തലപ്പിള്ളിയുടെ നെല്ലറയെ സംരക്ഷിക്കാന്‍ അധികൃതര്‍ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് ആദൂര്‍ എയ്യാല്‍ പാടശേഖരത്തിലെ ഓരോ കര്‍ഷരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss