|    Jul 26 Wed, 2017 4:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആദിവാസി വൃദ്ധന്റെ കസ്റ്റഡി: പട്ടികജാതി- വര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Published : 4th August 2016 | Posted By: SMR

തിരുവനന്തപുരം: ആദിവാസി വയോധികനെ ഫോറസ്റ്റ് ഓഫിസില്‍ കസ്റ്റഡിയില്‍വച്ച സംഭവത്തില്‍ പട്ടികജാതി- വര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
പത്ര-മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് വിജയകുമാര്‍ പറഞ്ഞു. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലെ ഫോറസ്റ്റ് ഓഫിസിലാണ് ഷോളയൂര്‍ കക്കിയെന്ന വയോധികനെ മകന്‍ കേസിലെ പ്രതിയാണെന്നു പറഞ്ഞ് രണ്ടുദിവസം കസ്റ്റഡിയില്‍ വച്ചത്. ഈ നടപടിക്കൊപ്പം കസ്റ്റഡിയിലെടുത്ത ആദിവാസികളായ നാലുപേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നുകാണിച്ച് പട്ടികജാതി- വര്‍ഗ മന്ത്രി എ കെ ബാലന് കക്കി പരാതി നല്‍കിയിരുന്നു.
ജൂലൈ 22നായിരുന്നു കേസിനാസ്പദമായ സംഭവം. മാനിനെ കെണിവച്ചു പിടിച്ച് കറിവച്ചെന്നാരോപിച്ചാണ് ഫോറസ്റ്റ് സംഘം കക്കിയുള്‍പ്പെടെ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. 80കാരനായ കക്കിയെ പിടികൂടിയത് മകന്‍ പ്രതിയാണെന്നാരോപിച്ചാണ്. നെല്ലിപ്പതി ഫോറസ്റ്റ് സ്‌റ്റേഷനില്‍ 48 മണിക്കൂര്‍ ഭക്ഷണം നല്‍കാതെ ഇവരെ കസ്റ്റഡിയില്‍ വച്ചെന്നും കക്കിയൊഴികെ മറ്റുള്ളവരെ പുറത്തുനിന്നെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നുമായിരുന്നു മന്ത്രിക്കു നല്‍കിയ പരാതി.
കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണമെന്നിരിക്കെ 48 മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചെന്നും അതിനാലാണ് സ്വമേധയാ കേസെടുക്കുന്നതെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
സപ്തംബര്‍ 20നു മുമ്പ് സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ പാലക്കാട് ഡിഎഫ്ഒ, ജില്ലാ പോലിസ് മേധാവി, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ എന്നിവരോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക