|    May 25 Thu, 2017 10:48 am
FLASH NEWS

ആദിവാസി യുവാവിന്റെ വിദേശ പഠനം മുടക്കിയ സംഭവം: മന്ത്രി ഇടപെടുന്നു

Published : 1st August 2016 | Posted By: SMR

തിരുവനന്തപുരം: ആദിവാസി യുവാവിന്റെ വിദേശപഠനം ഉദ്യോഗസ്ഥര്‍ മുടക്കിയ വിഷയത്തില്‍ മന്ത്രി ഇടപെടുന്നു. വിഷയം പരിശോധിക്കുമെന്ന് പട്ടികവര്‍ഗ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. നാളെ തലസ്ഥാനത്തെത്തി ബിനേഷിന്റെ വിദേശയാത്രയ്ക്കും വിസയ്ക്കുമുള്ള തുക അനുവദിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രശസ്തമായ ലണ്ടന്‍ സ്‌കൂള്‍ ഒഫ് ഇക്കണോമിക്‌സില്‍ പ്രവേശനം കിട്ടിയ ആദിവാസി യുവാവിന്റെ അവസരം മുടക്കാന്‍ സെക്രട്ടേറിയറ്റിലെ ചില സവര്‍ണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
വരുന്ന സപ്തംബറിലാണ് ബിനേഷിന് ലണ്ടന്‍ സ്‌കൂളില്‍ പ്രവേശനം നേടേണ്ടത്. വിദേശപഠനത്തിന് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായുള്ള 2015ലെ നാഷനല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. മൂന്നുവര്‍ഷത്തെ പഠനത്തിന് 42 ലക്ഷം രൂപയാണ് ലഭിക്കുക. ഇന്ത്യയില്‍ ഈ സ്‌കോളര്‍ഷിപ്പ് കിട്ടിയ 20 പേരില്‍ കേരളത്തില്‍നിന്നുള്ള ഏക വിദ്യാര്‍ഥിയാണ് ബിനേഷ്. എന്നാല്‍, സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നതു വരെയുള്ള ചെലവ് വഹിക്കാന്‍ വഴിയില്ലാത്തതിനാല്‍ ബിനേഷ് സര്‍ക്കാരിന്റെ സഹായം തേടി. ഐഇഎല്‍ടിഎസ് (ഇംഗ്ലീഷ് അഭിരുചി) പരീക്ഷയുടെ പരിശീലനത്തിനും വിമാനടിക്കറ്റിനുമായി ഒന്നരലക്ഷം രൂപ അടിയന്തരമായി അനുവദിക്കാന്‍ മന്ത്രി എ കെ ബാലന്‍ ഉത്തരവിടുകയും ചെയ്തു. അതിന്റെ ഫയലാണ് ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കുന്നത്.
കേരളത്തില്‍നിന്ന് ആദ്യമായാണ് ഒരു പട്ടികവര്‍ഗ വിദ്യാര്‍ഥിക്ക് അങ്ങനെയൊരു അവസരം ലഭിച്ചത്. അന്നത്തെ മന്ത്രി പി കെ ജയലക്ഷ്മി പഠനച്ചെലവിന് 27 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍, കാരണങ്ങളൊന്നും പറയാതെ ആ ഫയല്‍ ക്ലോസ് ചെയ്യുകയായിരുന്നു. മന്ത്രിമാരെ കണ്ട് പരാതി പറഞ്ഞു. എന്നാല്‍, ബ്രിട്ടിഷ് എംബസിക്കു നല്‍കേണ്ട കത്ത് മലയാളത്തില്‍ ടൈപ്പ് ചെയ്തു നല്‍കിയാണ് അന്ന് ഉ േദ്യാഗസ്ഥര്‍ ബിനേഷിനെ ‘സഹായിച്ചത്.’ കത്ത് ഇംഗ്ലീഷില്‍ മാറ്റിക്കിട്ടാന്‍ ബിനേഷ് ഏറെ നാള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ബിനേഷിന് അവസരം നഷ്ടമായി. എസ്ടി വിഭാഗത്തില്‍പ്പെട്ടതിനാലാണ് ഉദ്യോഗസ്ഥരില്‍നിന്ന് ഇത്തരം വിവേചനങ്ങള്‍ നേരിടേണ്ടിവരുന്നതെന്നും മുമ്പും അവഹേളനങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ബിനേഷ് പറയുന്നു. അച്ഛന്‍ ബാലനും അമ്മ ഗിരിജയും രോഗബാധിതരായതോടെ കൂലിപ്പണി ചെയ്താണ് ബിനേഷ് പഠനത്തിനുള്ള വഴി കണ്ടെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day