|    Jan 22 Mon, 2018 11:46 am

ആദിവാസി യുവാവിനോട് പിഎസ്‌സിക്ക് വിവേചനമെന്നു പരാതി

Published : 10th January 2018 | Posted By: kasim kzm

മാനന്തവാടി: പട്ടികവര്‍ഗ മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി പിഎസ്‌സി നടത്തുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റില്‍ നിന്നു പണിയ വിഭാഗം യുവാവിനെ തഴഞ്ഞതായി പരാതി. തവിഞ്ഞാല്‍ വാളാട് എടത്തില്‍ പണിയപ്പുരയിലെ പരേതനായ ബാബുവിന്റെ മകന്‍ കണ്ണന്‍ ആണ് പരാതിക്കാരന്‍. മൂന്നുമാസം മുമ്പ് സിവില്‍ എക്‌സൈസ് ഓഫിസര്‍, സിവില്‍ പോലിസ് ഓഫിസര്‍ തസ്തികകളിലേക്കാണ് ജില്ലയിലെ വനാതിര്‍ത്തികളിലോ സെറ്റില്‍മെന്റ് കോളനികളിലോ താമസിക്കുന്ന ആദിവാസികള്‍ക്കായി പിഎസ്‌സി അപേക്ഷ ക്ഷണിച്ചത്. യോഗ്യത പത്താം ക്ലാസ്. ഇതുപ്രകാരം അപേക്ഷ നല്‍കിയവരുടെ കൂട്ടത്തില്‍ കണ്ണനുമുണ്ടായിരുന്നു. എന്നാല്‍, ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കാത്തതിനെ തുടര്‍ന്ന് നല്‍കിയ വിവരാവകാശത്തിന്, സെറ്റില്‍മെന്റ് കോളിനിയിലല്ല കണ്ണന്‍ താമസിക്കുന്നതെന്നായിരുന്നു മറുപടി നല്‍കിയത്. എന്നാല്‍, ജില്ലയിലെ സെറ്റില്‍മെന്റ് കോളനിയില്‍ നിന്നു മാറ്റിപ്പാര്‍പ്പിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജനപ്രതിനിധികള്‍ പിഎസ്‌സിയെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് നേരത്തെ അപേക്ഷ നല്‍കിയവരോട് ഫോറസ്റ്റ് റേഞ്ചറുടെ സാക്ഷ്യപത്രത്തോടെ വീണ്ടും പൂരിപ്പിച്ചു നല്‍കാനുള്ള ഫോറങ്ങള്‍ പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ക്ക് തപാല്‍ മാര്‍ഗം അയച്ചിരുന്നു. എന്നാല്‍, കണ്ണന് ഇതുവരെ ഫോറം ലഭിച്ചിട്ടില്ല. ബിഎ വരെ പഠിച്ച കണ്ണന്‍ ഇതിനു മുമ്പും പിഎസ്‌സി പരീക്ഷകള്‍ എഴുതിയിരുന്നെങ്കിലും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തി. തന്റെ അപേക്ഷ പരിഗണിക്കാത്തതിനെതിരേ പരാതി നല്‍കാനൊരുങ്ങുകയാണ് ഈ യുവാവ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day