|    Oct 24 Tue, 2017 9:48 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആദിവാസി യുവതി മരിച്ചു; ചികില്‍സ വൈകിയെന്ന് ആക്ഷേപം

Published : 14th July 2016 | Posted By: SMR

മാനന്തവാടി: ശ്വാസതടസ്സം അനുഭവപ്പെട്ട ആദിവാസി യുവതി ജില്ലാ ആശുപത്രിയിലെത്തിച്ച് രണ്ടു മണിക്കൂറിനകം മരിച്ചു. ചികില്‍സയും പോസ്റ്റ്‌മോര്‍ട്ടവും വൈകിയെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. തിരുനെല്ലി മാന്താനം കോളനിയിലെ ചന്ദ്രന്റെ ഭാര്യ കാവേരി(21)യാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ജില്ലാ ആശുപത്രിയിലെത്തിച്ച യുവതി രാവിലെ ഏഴോടെയാണ് മരിച്ചത്. എന്നാല്‍, വൈകീട്ട് മൂന്നായിട്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താനോ കുടുംബത്തിന് അടിയന്തര സഹായം നല്‍കാനോ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് ഡിസിസി സെക്രട്ടറി എം ജി ബിജുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ഡിഎംഒയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നും അടിയന്തര സഹായമായി 10,000 രൂപ നല്‍കാമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഇതിനിടെ, സ്ഥലത്തെത്തിയ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ സന്തോഷിനെയും പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചു. അടിയന്തര സഹായം നല്‍കുമെന്ന് ട്രൈബല്‍ വകുപ്പും അറിയിച്ചതോടെ ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. രഞ്ജിത്, രജനി എന്നിവരാണു കാവേരിയുടെ മക്കള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക