|    Jan 23 Mon, 2017 12:11 pm
FLASH NEWS

ആദിവാസി യുവതിക്ക് ചികില്‍സ ലഭിച്ചില്ല; നവജാത ശിശു മരിച്ചു

Published : 12th July 2016 | Posted By: SMR

പനമരം: ഗര്‍ഭിണിയായ ആദിവാസി യുവതിക്ക് ചികില്‍സ ലഭിക്കാത്തതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. പനമരം പഞ്ചായത്തിലെ ചുണ്ടക്കുന്ന് കുടിയോം പണിയ കോളനിയിലെ ഉണ്ണികൃഷ്ണന്റെ ഭാര്യ വര്‍ഷാഞ്ജലിയാണ് കഴിഞ്ഞ ദിവസം രാത്രി ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ആരുടെയും പരിചരണമില്ലാതെയാണ് യുവതി പ്രസവിച്ചത്. ഏഴു മാസം ഗര്‍ഭിണിയായിരുന്ന യുവതി പ്രസവിച്ചപ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നു. എന്നാല്‍, മൂന്നു മണിക്കൂറിന് ശേഷം കുഞ്ഞ് മരിച്ചു.
കനത്ത മഴയും കോളനി റോഡിന്റെ ശോച്യാവസ്ഥയും കാരണം യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ തന്നെ യുവതിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു.
കോളനിയില്‍ നിന്നു പനമരം ഗവ. ആശുപത്രിയിലെത്താന്‍ നാലു കിലോമീറ്റര്‍ സഞ്ചരിക്കണം. കോളനിയിലുള്ളവര്‍ വാഹനത്തിനായി ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. യുവതിക്ക് പ്രസവത്തിന് ബുദ്ധിമുട്ടുണ്ടെന്ന് ട്രൈബല്‍ അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്ന് കോളനിക്കാര്‍ പറഞ്ഞു.
യുവതിയുടെ അവസ്ഥ കണ്ട് അയല്‍വാസികള്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്‌തെങ്കിലും ആരുമെടുത്തില്ല. ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ ഫോണുകളും സ്വിച്ച് ഓഫായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
രാത്രി 12ഓടെയാണ് പനരമം ഗവ. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് എത്തിയത്. ഇതിനിടയില്‍ വര്‍ഷാഞ്ജലി രക്തം വാര്‍ന്ന് അവശയായിരുന്നു. ഇതോടെ യുവതിയുടെയും കുട്ടിയുടെയും ജീവന്‍തന്നെ അപകടത്തിലാവുന്ന അവസ്ഥയായി. മാനന്തവാടി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് കുഞ്ഞ് മരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക