|    May 29 Mon, 2017 5:19 pm
FLASH NEWS

ആദിവാസി യുവതികളെ പീഡിപ്പിച്ചെന്ന് പരാതി: അന്വേഷണം ആരംഭിച്ചു

Published : 23rd July 2016 | Posted By: SMR

മാനന്തവാടി: മദ്യലഹരിയിലെത്തിയ യുവാക്കള്‍ ഭര്‍ത്താക്കന്മാരെ ഭീഷണിപ്പടുത്തി ആദിവാസി യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
പരാതിയില്‍ ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രതികളായി കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല. 17നാണ് വെള്ളമുണ്ട വാളാരംകുന്ന് കോളനിയില്‍ രണ്ട് യുവതികളെ ഭര്‍ത്താക്കന്മാരെ ഭീഷണിപ്പെടുത്തിയും കത്തികാട്ടിയും പീഡിപ്പിച്ചതായി പറയപ്പെടുന്നത്. കോളനിയിലെ ഒരു വീട്ടില്‍ കഴിയുന്ന ജ്യേഷ്ഠാനുജന്മാരുടെ 30ഉം 35ഉം പ്രായമുള്ള യുവതികളാണ് ആക്രമിക്കപ്പെട്ടത്.
കോളനിയോടു ചേര്‍ന്ന ഭൂമിയില്‍ ഇഞ്ചികൃഷി ചെയ്യുന്ന കാപ്പിക്കളം രാമന്‍, തെങ്ങുംമുണ്ട നാസര്‍ എന്നിവര്‍ക്കെതിരേയായിരുന്നു പരാതി. പുലര്‍ച്ചെ നാലോടെ മദ്യപിച്ചെത്തിയ ഇവര്‍ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്ന് ഭര്‍ത്താക്കന്‍മാരെ പുറത്താക്കിയ ശേഷം തങ്ങളെ പീഡിപ്പിച്ചുവെന്നാണ്, 20നു വൈകീട്ട് ഇവര്‍ വെള്ളമുണ്ട പോലിസില്‍ നല്‍കിയ പരാതി. കത്തികാട്ടിയാണു ഭീഷണിപ്പെടുത്തിയതെന്നും പരാതിയിലുണ്ട്. ഇതുപ്രകാരം രണ്ട് പ്രതികളെയും പോലിസ് ബുധനാഴ്ച രാത്രി കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍, ഞായറാഴ്ച രാവിലെ പോലിസ് സ്റ്റേഷനിലെത്തിയ കോളനി നിവാസികള്‍ പറഞ്ഞിരുന്നത് രണ്ട് പേര്‍ മദ്യപിച്ചു ബഹളമുണ്ടാക്കി എന്നായിരുന്നു. ബഹളത്തിനിടെ വസ്ത്രങ്ങള്‍ കീറിയതായും ഇവര്‍ പരാതിപ്പെട്ടു.
സ്ഥിരമായി കള്ളവാറ്റും മദ്യവില്‍പനയും നടക്കുന്ന കോളനിയായതിനാല്‍ പോലിസ് വിഷയത്തെ ലാഘവത്തോടെ കാണുകയായിരുന്നു. കോളനിയിലെത്തി വെള്ളമുണ്ട എസ്‌ഐ അന്വേഷണം നടത്തിയെങ്കിലും കേസെടുക്കാനോ പ്രതികളെ പിടികൂടാനോ തയ്യാറായില്ല.
തുടര്‍ന്നാണ് തങ്ങളെ പീഡിപ്പിച്ചതായി കാണിച്ച് ബുധനാഴ്ച രേഖാമുലം വീണ്ടും പരാതി നല്‍കിയത്. ഇതുപ്രകാരം പ്രതികളെ കസ്റ്റഡിയിലെടുത്ത് കേസ് എസ്എംഎസിനു കൈമാറുകയായിരുന്നു. എസ്എംഎസ് ഡിവൈഎസ്പി അശേക് കുമാര്‍ യുവതികളില്‍ നിന്നു മൊഴിയെടുത്തു. എന്നാല്‍, ഇരുപതോളം വീടുകളുള്ള കോളനിയില്‍ എട്ടംഗങ്ങളുള്ള വീട്ടില്‍ കത്തികാട്ടി രണ്ട് സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതിയുടെ വിശ്വാസ്യത പോലിസ് ഇനിയും പൂര്‍ണമായി അംഗീകരിച്ചിട്ടില്ല.
കേസെടുക്കാന്‍ വൈകിയ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
വെള്ളമുണ്ട: ആദിവാസി കോളനിയില്‍ ഭര്‍ത്താക്കന്‍മാരെ ഭീഷണിപ്പെടുത്തി യുവതികളെ പീഡിപ്പിച്ചെതായി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകിയതിന് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. വെള്ളമുണ്ട എസ്‌ഐ എ കെ ജോണിയെയാണ് കണ്ണൂര്‍ ഐജി ദിനേന്ദ്ര കശ്യപ് സസ്‌പെന്‍ഡ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day