|    Jun 24 Sun, 2018 1:00 pm
FLASH NEWS

ആദിവാസി മേഖലയില്‍ നിശ്ശബ്ദ വിപ്ലവവുമായി കുടുംബശ്രീ

Published : 9th October 2016 | Posted By: SMR

കല്‍പ്പറ്റ: പട്ടികവര്‍ഗ മേഖലയിലെ കുടുംബശ്രീ ആനിമേറ്റര്‍മാരുടെ പ്രവര്‍ത്തനം ശ്രദ്ധേയമാവുന്നു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായി ആരംഭിച്ച സൂക്ഷ്മതല ആസൂത്രണ പ്രക്രിയയുടെ ഭാഗമായി 105 പേരെയാണ് ആദ്യഘട്ടത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ആനിമേറ്റര്‍മാരായി നിയമിച്ചത്.
പട്ടികവര്‍ഗ മേഖലയുടെ ജില്ലയിലെ നിലവിലെ കൃത്യവും സമഗ്രവുമായ അവസ്ഥ ക്രോഡീകരിക്കുകയായിരുന്നു ഈ പഠനത്തിന്റെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പകളുടെയും ആദിവാസി ക്ഷേമ പദ്ധതികള്‍ക്ക് സഹായകരമാവും വിധത്തില്‍ ഈ റിപോര്‍ട്ട് ഉപയോഗിക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. പരമ്പരാഗത ശൈലിയില്‍ നിന്നു മാറിയുള്ള ഈ പഠനത്തിലൂടെ 2,904 ഊരുകളിലായി 75,128 സ്ത്രീകളും 73,392 പുരുഷന്മാരും ഉള്‍പ്പെടെ 1,48,520 പട്ടികവര്‍ഗ വിഭാഗക്കാരാണ് ജില്ലയിലുള്ളതെന്നു കണ്ടെത്തി.
ജില്ലയിലെ മിക്ക ഊരുകളിലും കുടുംബശ്രീ പ്രവര്‍ത്തനം നിര്‍ജീവമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ‘ഗോത്രശ്രീ’ എന്ന പേരില്‍ ഗോത്രമേഖലയിലെ സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രവേശനം നടത്തുന്ന ചുമതല കുടുംബശ്രീ ജില്ലാ മിഷന്‍ ഇവരെ ഏല്‍പ്പിച്ചു. ഒരു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് സിഡിഎസ്, എഡിഎസ് സംവിധാനവുമായി സഹകരിച്ച് 812 പട്ടികവര്‍ഗ അയല്‍ക്കൂട്ടങ്ങളാണ് പുതുതായി ജില്ലയില്‍ രൂപീകരിക്കാന്‍ കഴിഞ്ഞത്.
ഇതു സംസ്ഥാന തലത്തില്‍ തന്നെ മികച്ച നേട്ടമായി അംഗീകരിക്കപ്പെട്ടു. തുടര്‍ പ്രവര്‍ത്തനമെന്ന നിലയില്‍ പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമായി സംരംഭങ്ങള്‍, കലാകായിക ഗ്രൂപ്പുകള്‍, ചെണ്ടമേള സംഘം തുടങ്ങിയവയും ഇവരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുണ്ട്. അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കുന്നതോടൊപ്പം പുതിയ മേഖലകളിലേക്കും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായി ചേര്‍ന്ന് ജില്ലയിലെ മുഴുവന്‍ കോളനികളിലും അദാലത്തുകള്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയാണ് ഇവര്‍. നിയമസഹായ ക്ലിനിക്കുകള്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാംപുകള്‍, വിവിധ വകുപ്പുകള്‍ ചേര്‍ന്നുള്ള സംയോജിത പദ്ധതികള്‍, പ്രശ്‌നപരിഹാര അദാലത്തുകള്‍ എന്നിവയെല്ലാം നടത്തിവരുന്നു. കൂടാതെ ജില്ലയിലെ സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിലും സാക്ഷരതാ തുടര്‍പ്രവര്‍ത്തനങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആനിമേറ്റര്‍മാരും പങ്കാളികളാണ്.
പദ്ധതിയുടെ ഭാഗമായി നടന്ന പരിശീലന പരിപാടി ജില്ലാ ജഡ്ജി ഡോ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ കെ പി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഐടിഡിപി അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫിസര്‍ ഇസ്മായില്‍, കുടുംബശ്രീ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ കെ എ ഹാരിസ്, എസ്ടി കണ്‍സള്‍ട്ടന്റ് ആശാപോള്‍, എസ്ടി കോ-ഓഡിനേറ്റര്‍മാരായ ഷിബു, രജീഷ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss