|    Sep 18 Tue, 2018 11:19 pm
FLASH NEWS

ആദിവാസി മേഖലകളെ അവഗണിച്ച് ഇടതുസര്‍ക്കാര്‍

Published : 13th December 2017 | Posted By: kasim kzm

തൊടുപുഴ: നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡുകളുടെ തുക കരാറുകാര്‍ക്കു നല്‍കാതെയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാതെയും ഇടതുസര്‍ക്കാര്‍ ആദിവാസി മേഖലയെ പാടേ അവഗണിക്കുന്നു. ജില്ലയില്‍ ആദിവാസി മേഖലയില്‍ രോ വര്‍ഷവും നബാര്‍ഡില്‍ നിന്ന് 100 കോടി രൂപവീതം എടുത്ത് റോഡുകള്‍, പാലങ്ങള്‍ അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളുടെ പണി ചെയ്യാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ തടസ്സം നില്‍ക്കുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചു പൂര്‍ത്തീകരിച്ച റോഡ് നിര്‍മാണം അടക്കമുള്ള പല പണികളുടെയും ബില്ല് മാറി നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ട്രഷറിയില്‍ പണമില്ലെന്നും ധനകാര്യവകുപ്പ് അനുമതിയില്ലെന്നും പറഞ്ഞ് കോണ്‍ട്രാക്്ടര്‍മാരെ അധികൃതര്‍ മടക്കി അയക്കുകയാണ്. അതിനാല്‍, പുതിയ കരാറുകള്‍ എടുക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കോണ്‍ട്രാക്ടര്‍മാര്‍ തയ്യാറാവുന്നുമില്ല. നബാര്‍ഡില്‍ നിന്ന് ഫണ്ട് ട്രഷറിയില്‍ എത്തിയാല്‍ മാത്രമാണ് നിര്‍മാണങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിക്കാറുള്ളൂ. ഇങ്ങനെ ടെണ്ടര്‍ ക്ഷണിച്ച നിര്‍മാണത്തിന്റെ ബില്ല് പാസാക്കിയെടുക്കാന്‍ ചെല്ലുമ്പോഴാണ് ഫണ്ടില്ലെന്ന അധികൃതരുടെ മറുപടി. നബാര്‍ഡില്‍ നിന്നു ലഭിച്ച തുക എവിടേയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവുമില്ല. അനുവദിച്ച പണം ലാപ്‌സാവാന്‍ മാസങ്ങള്‍ മാത്രം ആണെന്നിരിക്കേ ആദിവാസി മേഖലയോടു കാണിക്കുന്ന സര്‍ക്കാരിന്റെ നിരുത്തരവാദിത്വ സമീപനത്തില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. എഫ്‌ഐടി മുഖേന ജില്ലയില്‍ 2015ല്‍ അനുവദിച്ച പദ്ധതികള്‍ നിരവധിയാണ്. ആള്‍ക്കല്ല്-പെരുമ്പേപ്പതി റോഡ് 40 ലക്ഷം, ചേലച്ചുവട് എസ്ടി കോളനി റോഡ് -47 ലക്ഷം, ഗൂഡല്ലൂര്‍ക്കുടി റോഡ് -50 ലക്ഷം, മൂഴിക്കല്‍മുക്കുഴി റോഡ് – 48.5 ലക്ഷം, മൂഴിക്കല്‍ തടിത്തോട് റോഡ് – 51 ലക്ഷം, മൈലപ്പുഴ-ഇഞ്ചപ്പാറ കളനി റോഡ് – 41.50 ലക്ഷം, പെരിങ്ങാശ്ശേരി-താഴത്തേമൂലക്കാട്ട് രോഡ് – 49 ലക്ഷം, താളുകണ്ടം എസ്ടി കോളനി റോഡ് -55 ലക്ഷം, വേലിയംപാറ-നായരുപാറ സെറ്റില്‍മെന്റ് റോഡ് – 51 ലക്ഷം എന്നിങ്ങനെ നാലരക്കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഏജന്‍സിയായ എഫ്‌ഐടിയെ ഏല്‍പ്പിച്ചത്. 27-06-2015ല്‍ ഇടുക്കി ജില്ലയില്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ വഴി നടപ്പാക്കുന്നതിനുവേണ്ടി അനൂര്‍ ഇലപ്പള്ളി ഗ്രീന്‍വാലി ലിങ്ക റോഡ് 158.58 ലക്ഷം, തലനിരപ്പന്‍-ചൂരകെട്ടന്‍ റോഡ് 260.92 ലക്ഷം, മഴുവടി- ഉമ്മന്‍ചാണ്ടി കോളനി റോഡ് 119.47 ലക്ഷം, വട്ടമേട് എസിറ്റി കോളനി റോഡ് 110.7 ലക്ഷം തുടങ്ങി (ആകെ തുക 19,22,75,000 രൂപ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍) മറ്റ് വിവിധ റോഡുകള്‍ക്കായി 20 കോടിയോളം രൂപയും വകയിരുത്തിയിരുന്നു. ഈ തുക അനുവദിച്ച റോഡുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത്. ഇത് ആദിവാസി മേഖലയിലെ യാത്രാക്ലേശം രൂക്ഷമാക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആദിവാസികളോട് കടുത്ത അവഗണനയാണെന്ന് പുലര്‍ത്തുന്നതെന്നും അടിയന്തരമായി പണിതീര്‍ക്കാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്നും ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി പി കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എം ആര്‍ സാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss