|    Nov 19 Sun, 2017 3:43 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആദിവാസി മേഖലകളില്‍ മര്‍ദനമേറ്റയുവാക്കളുടെ പേരില്‍ കേസ്

Published : 4th August 2017 | Posted By: fsq

 

ഭോപാല്‍: ഗോസംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ ആദിവാസി വിഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. മധ്യപ്രദേശിലെ ബേത്തല്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ ആദിവാസി യുവാക്കള്‍ക്ക്് ഗോരക്ഷകരുടെ മര്‍ദനമേറ്റു. ബേത്തല്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 110 കിലോമീറ്റര്‍ അകലെ ദുലാരിയ ഗ്രാമത്തിലാണു സംഭവം. ഫൂല്‍ചന്ദ്, നന്ദകിഷോര്‍ എന്നീ യുവാക്കളെ കൈകള്‍ പിന്നിലേക്ക് കെട്ടിയിട്ട് നിരവധി പേര്‍ ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരിടത്ത് യൂനിഫോം ധാരിയായ പോലിസുകാരന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം അരങ്ങേറിയത്. അക്രമികളെ പിടികൂടുന്നതിനു പകരം അക്രമത്തിന് ഇരയായവര്‍ക്കെതിരേ കേസെടുത്തിരിക്കുകയാണ് പോലിസ്. അനധികൃത പശുക്കടത്തിന്റെ പേരില്‍ യുവാക്കള്‍ക്കെതിരേ കേസെടുത്തതായി എഎസ്പി ഗന്‍ശ്യാം മാളവ്യ സ്ഥിരീകരിച്ചു. എന്നാല്‍ യുവാക്കളെ മര്‍ദിച്ചതിനെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പോലിസ് സാന്നിധ്യത്തിലായിരുന്നു ഗോസംരക്ഷകരുടെ മര്‍ദനം. അയല്‍ ജില്ലയായ ഹര്‍ദയില്‍ നിന്നുള്ള നാലുപേരെ നിയമം ലംഘിച്ച് പശുവിനെ കൊണ്ടുവന്നതിന് അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. മഹാരാഷ്ട്ര അതിര്‍ത്തിയിലെ അമരാവതി ജില്ലയില്‍ നിന്നു 17 പശുക്കളെ കടത്തിക്കൊണ്ടുവന്നുവെന്ന പേരില്‍ ഗോസംരക്ഷകര്‍ തടഞ്ഞുവച്ച് മര്‍ദിച്ച നാലു യുവാക്കളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. അമരാവതി ജില്ലക്കാരായ സുരേഷ് ചന്ദ്ര മീണ, സമീര്‍ ഖാന്‍, രൂപ്‌സിങ് സന്‍വാര്‍, അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായ യുവാക്കള്‍. അക്രമികളുടെ പേരിലും കേസെടുത്തതായും എല്ലാവരും ഒളിവിലാണെന്നും പോലിസ് പറഞ്ഞു. ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമം ആദിവാസി മേഖലയിലേക്കു കൂടി വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങളാണു സംഭവമെന്നും ഇത് ഉല്‍ക്കണ്ഠാജനകമാണെന്നും ശ്രമിക് ആദിവാസി സംഘടന്‍ നേതാവും സാമൂഹികപ്രവര്‍ത്തകനുമായ അനുരാഗ് മോദി പറഞ്ഞു. 18 പശുക്കളുണ്ടായിരുന്ന ആദിവാസിയുടെ വീടിനു സമീപം കണ്ടുവെന്നതിനാണ് ആദിവാസി, പിന്നാക്ക വിഭാഗക്കാരായ യുവാക്കളെ മര്‍ദിച്ചതും കേസെടുത്തതും- അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക