|    Dec 17 Sun, 2017 1:36 pm
FLASH NEWS

ആദിവാസി ഭൂവിതരണം; നടപടി ഊര്‍ജിതമാക്കുന്നു

Published : 15th July 2017 | Posted By: fsq

 

കല്‍പ്പറ്റ: പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിന് ജില്ലയില്‍ വനംവകുപ്പ് കണ്ടെത്തി റവന്യൂ വകുപ്പിന് കൈമാറിയ 266 ഹെക്റ്റര്‍ നിക്ഷിപ്ത വനഭൂമി തിട്ടപ്പെടുത്തി എത്രയും പെട്ടെന്നു വിതരണം ചെയ്യാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. പട്ടികജാതി-വര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഭൂവിതരണം വേഗത്തിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ വെളിച്ചത്തിലാണ് യോഗം വിളിച്ചത്. റവന്യൂവകുപ്പിന്റെ പക്കലുള്ള ഭൂമി കൃത്യമായി കണ്ടെത്തി അളന്നു തിട്ടപ്പെടുത്തണം. 640 കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ ഇതുവഴി കഴിയുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി യോഗത്തില്‍ പറഞ്ഞു. വനംവകുപ്പും റവന്യൂവകുപ്പും ഭൂമി കണ്ടെത്തി വിതരണം ചെയ്യുന്നതിന് മുന്‍ഗണന നല്‍കണം. 3008 ഹെക്റ്റര്‍ സ്ഥലമാണ് വനംവകുപ്പ് ഇതിനായി കണ്ടെത്തി നല്‍കേണ്ടത്. ഇതില്‍ 2558 ഹെക്റ്റര്‍ ഭൂമി കൈമാറിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വിശദമായ പരിശോധനയില്‍ 872 ഹെക്റ്റര്‍ വാസയോഗ്യമല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. വിതരണത്തിന് യോഗ്യമല്ലെന്നു കണ്ടെത്തിയ ഭൂമിക്ക് തുല്യമായ ഭൂമി വനംവകുപ്പ് കണ്ടെത്തി നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ നടത്തും. ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍ 8817 പേര്‍ ഭൂരഹിതരാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ എത്രയും വേഗം പരിഹാരമുണ്ടാക്കും. നിക്ഷിപ്ത വനഭൂമി ലഭ്യമായതു സംബന്ധിച്ച് എത്രയും പെട്ടെന്ന് വിശദമായ റിപോര്‍ട്ട് തയ്യാറാക്കി നല്‍കണമെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു. വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ലഭ്യമാക്കേണ്ട ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് കാലതാമസം ഉണ്ടാവരുത്. ഇതിന് സര്‍വേയര്‍മാരുടെ കുറവ് പ്രശ്‌നമാവുന്നതായി സര്‍വേ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി. ഇതു പരിഹരിക്കുന്നതിന് വിരമിച്ചവരോ അല്ലാത്തതോ ആയ താല്‍ക്കാലിക സര്‍വേയര്‍മാരെ കണ്ടെത്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ഇതിനായി വനംവകുപ്പില്‍ അതിര് നിര്‍ണയത്തിന് രൂപം നല്‍കിയ താല്‍ക്കാലിക സംവിധാനം അനുവര്‍ത്തിക്കും. ജില്ലയില്‍ പൂര്‍ത്തീകരിക്കാതെ കിടക്കുന്ന മൂവായിരത്തി എഴുന്നൂറോളം പട്ടികജാതി-വര്‍ഗക്കാരുടെ വീടുകള്‍ ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ ട്രൈബല്‍ ഹോസ്റ്റലുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ ഭൂമി കണ്ടെത്തി നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ എസ് സുഹാസ് പട്ടികവര്‍ഗ വിഭാഗങ്ങളുടെ തല്‍സ്ഥിതി, കോളനികളുടെ അവസ്ഥ, നിലവിലെ കെട്ടിടങ്ങളുടെ അവസ്ഥ എന്നിവ യോഗത്തില്‍ വിശദീകരിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി പുകഴേന്തി, എഡിഎം കെ എം രാജു പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss