|    Oct 17 Wed, 2018 8:22 am
FLASH NEWS

ആദിവാസി ഭവന നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കും: കലക്ടര്‍

Published : 9th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ഒന്നരവര്‍ഷത്തിനകം ജില്ലയിലെ മുഴുവന്‍ ആദിവാസി കുടുംബത്തിനും വീടെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിച്ചു കൊടുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ്. ജില്ലയിലെ ഊരുമൂപ്പന്‍മാര്‍ക്കായി നടത്തിയ ഓണസദ്യയ്ക്ക് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരുമായുള്ള സംവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ആദിവാസി കോളനികള്‍ നേരിടുന്ന പ്രശ്‌നങ്ങളും അതിജീവന ദുരിതങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി. ഓരോ പഞ്ചായത്ത് തലത്തിലും ആദിവാസി വീടുനിര്‍മാണം കാര്യക്ഷമമാക്കും. ഇടനിലക്കാരെ ഒഴിവാക്കി ആദിവാസി വീടുകളുടെ നിര്‍മാണം പട്ടികവര്‍ഗ സൊസൈറ്റി വഴി നടത്തും. സൊസൈറ്റികള്‍ ഏറ്റെടുത്തു നടത്തുന്ന വീടുകളുടെ നിര്‍മാണം കൃത്യമായി നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയും ജില്ലാതലത്തില്‍ രൂപീകരിക്കും. നിലവില്‍ ജില്ലയില്‍ 3900 ആദിവാസി വീടുകള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഒന്നര വര്‍ഷത്തിനകം ഈ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വീട് നിര്‍മാണത്തിന് ഇപ്പോള്‍ അനുവദിക്കുന്ന മൂന്നര ലക്ഷം രൂപ പരിമിതമാണെന്നാണ് പരാതികള്‍. ഇക്കാര്യം പരിശോധിക്കും. കോളനികളില്‍ ശൗച്യാലയങ്ങളുടെ അഭാവം ഉണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കും. സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്ത ലക്ഷ്യത്തിന് ഇത് അപവാദമാണ്. ഈ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധനല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയില്‍ കോളനികളില്‍ ആവശ്യത്തിന് ശൗച്യാലയങ്ങള്‍ നിര്‍മിക്കും. കാരാപ്പുഴ, ചീപ്രം കേളനിയിലെ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രൈബല്‍ ഡെവലപ്്‌മെന്റ് അധികൃതരെ ചുമതലപ്പെടുത്തി. ആദിവാസികള്‍ക്ക്് അത്യാവശ്യത്തിന് ആശുപത്രികളില്‍ ചികില്‍സയ്‌ക്കെത്തുന്നതിന് ആംബുലന്‍സ് ലഭിക്കുന്നില്ല എന്ന പരാതി പരിശോധിക്കും. ജില്ലയില്‍ ആറ് ആംബുലന്‍സുകളുടെ സേവനം ഇപ്പോള്‍ ലഭ്യമാണ്. ഇവയുടെ സേവനത്തിനായി ടോള്‍ ഫ്രീ നമ്പര്‍ അനുവദിക്കും. ആദിവാസി കോളനികള്‍ നേരിടുന്ന കുടിവെള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം അടിയന്തര പ്രാധാന്യം നല്‍കി പരിഹരിക്കും. ആദിവാസി കോളനികളില്‍ പഞ്ചായത്തും ജലനിധിയും നടപ്പാക്കുന്ന കുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്നും കലക്ടര്‍ പറഞ്ഞു. ആദിവാസികള്‍ക്കായി വിതരണം ചെയ്യാന്‍ കൂടുതല്‍ ഭൂമി കണ്ടെത്തും. ഭൂരഹിതരായ ആദിവാസികളുടെ കണക്കെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കും. ഓണിവയലിലെ ഫഌറ്റില്‍ താമസിക്കുന്ന ആദിവാസികളുടെ പ്രശ്‌നങ്ങളും പരിഹരിക്കും. പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ടിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ധനകാര്യ പരിശോധനാ വിഭാഗത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ബസ്സുകള്‍ നിരത്തിലിറക്കാന്‍ ഇനിയും പത്ത് ലക്ഷം രൂപയെങ്കിലും വേണം. ഇതിനെക്കുറിച്ച് പഠിക്കാന്‍ റവന്യു ഡിവിഷനല്‍ ഓഫിസര്‍, ആര്‍ടിഒ, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അനുദിനം ഗതാഗതക്കുരുക്ക് നേരിടുന്ന വയനാട് ചുരംയാത്ര സുഗമമാക്കുന്നതിന് കോഴിക്കോട് ജില്ലാ കലക്ടറുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കും. വലിയ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതിനും ബദല്‍പാതയുടെ നിര്‍മാണ വേഗത്തിനു വേണ്ടിയും പരിശ്രമിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss