|    Apr 20 Fri, 2018 10:21 pm
FLASH NEWS

ആദിവാസി ഗ്രാമസഭാ നിയമം; നാലു ഗ്രാമപ്പഞ്ചായത്തുകള്‍ പൂര്‍ണമായി ഉള്‍പ്പെടും

Published : 8th January 2016 | Posted By: SMR

കല്‍പ്പറ്റ: ആദിവാസി ഗ്രാമസഭാ നിയമം (പെസ) നടപ്പാക്കുന്നതു സംബന്ധിച്ച് സംസ്ഥാനത്തിന്റെ ശുപാര്‍ശ അതേപടി അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ സംസ്ഥാനത്ത് ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ പൂര്‍ണമായി ഉള്‍പ്പെടുക നാലു ഗ്രാമപ്പഞ്ചായത്തുകള്‍. ഇടുക്കി ജില്ലയിലെ ഇടമലക്കുടി, പാലക്കാട് ജില്ലയിലെ അഗളി, വയനാട്ടിലെ തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകളിലാണ് പെസ പൂര്‍ണമായി ബാധകമാവുക. ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി നൂറുകണക്കിന് ആദിവാസി ഊരുകളും നിയമത്തിന്റെ പരിധിയിലാവും. കണ്ണൂര്‍ ജില്ലയിലെ ആറളം പഞ്ചായത്തിലെ ആറാം വാര്‍ഡിലും പെസ ബാധകമാവും. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളെ പ്രത്യേക പട്ടികവര്‍ഗ മേഖലകളാക്കി പ്രഖ്യാപിക്കാനും ഗോത്രജനതയ്ക്ക് കൂടുതല്‍ പ്രാതിനിധ്യമുള്ള ഭരണസംവിധാനം ഉറപ്പുവരുത്തുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ 1996ല്‍ പാസാക്കിയതാണ് ആദിവാസി ഗ്രാമസഭാനിയമം എന്നറിയപ്പെടുന്ന പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ടു ഷെഡ്യൂള്‍ഡ് ഏരിയാസ് ആക്റ്റ് (പെസ). കേരളം, തമിഴ്‌നാട്, കര്‍ണാടക, പശ്ചിമബംഗാള്‍ ഒഴികെ സംസ്ഥാനങ്ങളില്‍ ഈ നിയമം നടപ്പാക്കിയിട്ടുണ്ട്.
സി കെ ജാനു നയിക്കുന്ന ആദിവാസി ഗോത്രമഹാസഭയാണ് പെസ കേരളത്തിലും പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. 2002ല്‍ തിരുവനന്തപുരത്ത് കുടിലുകള്‍ കെട്ടി നടത്തിയ സമരത്തിലൂടെ ഈ ആവശ്യം ജനശ്രദ്ധയില്‍ കൊണ്ടുവന്ന ഗോത്രമഹാസഭ പിന്നീട് നിരവധി നിവേദനങ്ങളും സംസ്ഥാന സര്‍ക്കാരിന് നല്‍കി. ഈ ആവശ്യം കൂടി ഉന്നയിച്ചാണ് ഗോത്രമഹാസഭ 2014ല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നില്‍പ്പുസമരം നടത്തിയതും. നില്‍പ്പുസമരം ഒത്തുതീര്‍ക്കുന്നതിനായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തില്‍ പെസ നടപ്പാക്കുമെന്നു മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഗോത്രമഹാസഭ നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. 2014 ജൂലൈ ഒമ്പതു മുതല്‍ ഡിസംബര്‍ 17 വരെയായിരുന്നു നില്‍പ്പുസമരം. ഡിസംബര്‍ 17ലെ മന്ത്രിസഭാ യോഗത്തിലായിരുന്നു സംസ്ഥാനത്ത് പട്ടികവര്‍ഗക്കാര്‍ കൂടുതുലുള്ള പ്രദേശങ്ങളില്‍ പെസ നടപ്പാക്കാനുള്ള തീരുമാനം. മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും നടന്ന വിശദമായ കൂടിയാലോചനകള്‍ക്കൊടുവിലാണ് പെസ ബാധകമാക്കേണ്ട പ്രദേശങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി കേന്ദ്രാനുമതിക്ക് സമര്‍പ്പിച്ചത്. ആദിവാസി ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരുന്നു പെസയുടെ പരിധിയില്‍വരുന്ന പ്രദേശങ്ങളുടെ നിര്‍ണയം. ഷെഡ്യൂള്‍ഡ് ഏരിയാസ് (കേരള സ്റ്റേറ്റ്) ഓര്‍ഡര്‍ 2015 എന്ന പേരിലാണ് നിയമം സംസ്ഥാനത്ത് നടപ്പാക്കുക.
ജില്ലയില്‍ തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകള്‍ക്കു പുറമെ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 41ഉം പുല്‍പ്പള്ളി, മീനങ്ങാടി, പനമരം പഞ്ചായത്തുകളിലെ നൂറു വീതവും മുട്ടില്‍ പഞ്ചായത്തിലെ 97ഉം അമ്പലവയല്‍ പഞ്ചായത്തിലെ 15ഉം തൊണ്ടര്‍നാട് പഞ്ചായത്തിലെ 84ഉം തരിയോട് പഞ്ചായത്തിലെ 79ഉം പൊഴുതന പഞ്ചായത്തിലെ 26ഉം പട്ടികവര്‍ഗ സങ്കേതങ്ങളില്‍ പെസ ബാധകമാക്കുന്ന വിധത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ. കല്‍പ്പറ്റ നഗരസഭയിലെ 45ഉം മാനന്തവാടി നഗരസഭയിലെ നൂറും ആദിവാസി ഊരുകളും കേരളം ശുപാര്‍ശ ചെയ്ത പ്രദേശങ്ങളുടെ ഗണത്തിലുണ്ട്.
പെസ പ്രകാരം ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ചെയ്ത പ്രദേശങ്ങളില്‍ പഞ്ചായത്തീരാജ് നിയമമനുനുസരിച്ചുള്ള പ്രത്യേക ത്രിതല പഞ്ചായത്ത് സംവിധാനത്തിനു കീഴിലായിരിക്കും തദ്ദേശഭരണം. ത്രിതല പഞ്ചായത്ത് മാതൃകയില്‍ വോട്ടര്‍പ്പട്ടിക തയ്യാറാക്കിയും ഇതര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയുമായിരിക്കും ഭരണസമിതികളിലേക്ക് തിരഞ്ഞെടുപ്പ്. പ്രസിഡന്റും സെക്രട്ടറിയും അടങ്ങിയ ഭരണസമിതിയിലേക്ക് രാഷ്ട്രീയപ്പാര്‍ട്ടികളെ പ്രതിനിധാനം ചെയ്തും മല്‍സരിക്കാന്‍ ആദിവാസികള്‍ക്ക് അവസരമുണ്ട്.
പട്ടികവര്‍ഗക്കാരുടെ ഭൂമി അന്യാധീനപ്പെടുന്നതിനും വിവിധങ്ങളായ ചൂഷണങ്ങള്‍ക്കും തടയിടുന്നതിനു ആദിവാസി ഗ്രാമസഭാനിയമം ഉതകുമെന്നാണ് പൊതുവെ വിലയിരുത്തല്‍. ആദിവാസി ഭൂമി ക്രയവിക്രയത്തില്‍ ഭരണസമിതിയുടെ അനുമതി അനിവാര്യമാണ്. ആദിവാസികളെ ചതിച്ചും പ്രലോഭിപ്പിച്ചും ഭൂമി തട്ടിയെടുക്കുന്നതു പെസ ബാധകമായ പ്രദേശങ്ങളില്‍ പഴങ്കഥയാവും. പട്ടികവര്‍ഗ മേഖലകളായി വിജ്ഞാപനം ചെയ്ത പ്രദേശങ്ങളില്‍ ഭൂമി പണയപ്പെടുത്തി വായ്പയെടുക്കുന്നതിനു കര്‍ശന നിയന്ത്രണമാണുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss