|    Oct 19 Fri, 2018 12:39 pm
FLASH NEWS

ആദിവാസി ക്കുടിയിലേക്കുള്ള റോഡ് നിര്‍മാണം എതിര്‍ത്തു : വനപാലകരെ നാട്ടുകാര്‍ തടഞ്ഞുവച്ചു

Published : 22nd January 2017 | Posted By: fsq

 

തൊടുപുഴ: ആദിവാസി കുടികളിലേക്കുള്ള റോഡ് പണി തടയാനെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ഉയര്‍ന്ന ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ ആദിവാസി സെറ്റില്‍മെന്റ് ഏരിയയിലെ ആള്‍ക്കല്ല്-പറയാമല റോഡ് പണിയാണ് ഫോറസ്റ്റര്‍ തടയാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. നൂറ്റി ഇരുപതോളം ആദിവാസികളാണ് ഈ പ്രദേശത്ത് താമസമുള്ളത്. അമ്പത് വര്‍ഷം പഴക്കവും മൂന്നു മീറ്റര്‍ വീതിയുമുള്ളതാണ് റോഡ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് റോഡിന്റെ കുറെ ഭാഗം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കിവരുന്ന 137 മീറ്റര്‍ റോഡ് എസ്ടി ഫണ്ട് ഉപയോഗിച്ച് പണിയുന്നതിന് പഞ്ചായത്ത് 4.95ലക്ഷം രൂപ അനുവദിച്ചു.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജനകീയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നലെ പണി ആരംഭിച്ചത്. ഉടുമ്പന്നൂര്‍ പഞ്ചായത്ത്  അംഗങ്ങളായ കെ എസ് രാജന്‍, നീതു ബാബു, സി പി സതന്‍, ബിജു പൈമ്പിള്ളി എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ശ്രമദനത്തിനെത്തിയത്. കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള സാധനങ്ങള്‍ ഇറക്കുന്നതിനിടയിലാണ് േഫാറസ്റ്റര്‍ സൈനുദ്ദീന്റെ നേതൃത്വതില്‍ മൂന്നംഗ വനപാലകര്‍ സ്ഥലത്തെതിയത്. പണി തുടരാന്‍ അനുവദിക്കില്ലെന്നും,നിര്‍മാണം തുടര്‍ന്നാല്‍ എല്ലാവരെയും കേസില്‍ പ്രതിയാക്കുമെന്നും മറ്റും  പ്രകോപനപരമായി സംസാരിച്ച ഫോറസ്റ്റര്‍ നാട്ടുകാരുടെയും പണിക്കുള്ള സാധനങ്ങളുമായി എത്തിയ വാഹനങ്ങളുടെയും ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.  മുന്‍വര്‍ഷങ്ങളില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത കാര്യം നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പണിനടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉദ്യോഗസ്ഥന്‍ തുടര്‍ന്നു. ക്ഷുഭിതരായ നാട്ടുകാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയും കോതംഗലം ഡിഎഫ്ഒ വന്ന് തീരുമാനമായിട്ട് പോയാല്‍ മതിയെന്ന നിലപാടെടുക്കുകയുമായിരുന്നു. കാളിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തി ല്‍ പോലിസ് സംഘവും  സ്ഥലത്തെത്തി. വിവരമറിഞ്ഞെത്തിയ സിപിഎം കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി എന്‍ സദാനന്ദന്‍ കോതമംഗലം ഡിഎഫ്ഒ കെ എസ് ദീപയുമായി ഫോണില്‍ ബന്ധപ്പെട്ടതിനെ ത്തുടര്‍ന്ന് തൊടുപുഴ റേഞ്ച് ഓഫിസര്‍ കെ എന്‍ ബാബു സ്ഥലത്തെത്തി. തുടര്‍ന്ന് കാളിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കരിമണ്ണൂര്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍, റേഞ്ച് ഓഫിസര്‍ ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ടി നേതാക്കളും ജനപ്രതിനിധികളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശനം പരിഹരിച്ചത്. റോഡ് നിര്‍മാണത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസ് എടുക്കില്ലെന്നും റോഡ് കോണ്‍ക്രീറ്റിങ്ങിനുള്ള തടസം 28ന് പരിഹരിക്കുമെന്നും അതുവരെ മണ്‍ വേലകള്‍ നടത്താമെന്നും റേഞ്ച്  ഓഫിസര്‍ അറിയിച്ചു. ഇതേ തുടര്‍ന്നു രണ്ടരയോടെ നാട്ടുകാര്‍ പിരഞ്ഞു പോയി.പ്രശ്‌നമുണ്ടാക്കിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികള്‍ ഇതിനു മുമ്പും ഉയര്‍ന്നിട്ടുണ്ട്. കൈവശ ഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും ഇദ്ദേഹം അനുവദിക്കാറില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss