|    Dec 11 Mon, 2017 10:34 pm
FLASH NEWS

ആദിവാസി കോളനികളിലേക്ക് അണ്ടര്‍ഗ്രൗണ്ട് വഴി വൈദ്യുതി

Published : 10th July 2016 | Posted By: SMR

നിലമ്പൂര്‍: വനാന്തര്‍ഭാഗത്തെ പുഞ്ചക്കൊല്ലി, അളക്കല്‍ ആദിവാസി കോളനികളിലേക്ക് ഭൂമിക്കടിയിലൂടെയുള്ള വൈദ്യുതി പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്തി. വഴിക്കടവ് ആനമറിയില്‍ നിന്നാണ് വഴിക്കടവ് റെയ്ഞ്ച് നെല്ലിക്കുത്ത് വനത്തിലൂടെ ഭൂമിക്കടിയിലൂടെ വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നത്. രണ്ട് കോളനികളിലേക്കും രണ്ടു ഘട്ടമായാണ് പ്രവൃത്തി നടത്തുക. ആനമറി മുതല്‍ പഞ്ചക്കൊല്ലി വരെയുള്ള ഒന്നാംഘട്ട പ്രവൃത്തിക്ക് 90 ലക്ഷവും പുഞ്ചക്കൊല്ലിയില്‍ നിന്നു അളക്കല്‍ കോളനിയിലേക്ക് 50 ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളത്. പുഞ്ചക്കൊല്ലി കോളനിയില്‍ നൂറ് കെവിയുടെ ജനറേറ്റര്‍ സ്ഥാപിക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളാണ് പദ്ധതിക്ക് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
കോളനിക്കാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെട്ടത്. കോളനികളില്‍ വൈദ്യുതിയെത്തുന്നതോടെ ഇവരുടെ പാതി കഷ്ടപാടിന് അറുതിയാവും. പുഞ്ചക്കൊല്ലിയില്‍ 54 കുടുംബവും അളക്കല്‍ കോളനിയില്‍ 32 കുടുംബവുമാണ് അധിവസിക്കുന്നത്. ചോലനായ്ക്ക – കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടവരാണിവര്‍. പദ്ധതി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉദ്ഘാടനം ചെയ്തു. ഓണത്തിനു മുമ്പ് കോളനിക്കാര്‍ക്ക് വൈദ്യുതിയുടെ വെളിച്ചം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രണ്ട് കോളനികളിലേക്കുമുള്ള വനപാത യാത്രയോഗ്യമാക്കുകയാണ് അടുത്ത ലക്ഷ്യം.
ആദിവാസികളുടെ വനവകാശ നിയമപ്രകാരം കോളനികളിലേക്ക് വനപാതയിലൂടെ യാത്രാസൗകര്യമൊരുക്കുന്നതിന് തടസ്സമില്ല. റോഡ് നിര്‍മാണത്തിന് വനം വകുപ്പില്‍ നിന്നുള്ള അനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ റോഡ് നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് ഉടനെ ലഭ്യമാക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
വഴിക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ എ സുകു, വൈസ് പ്രസിഡന്റ് പി ടി സാവിത്രി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സലാഹുദ്ദീന്‍, പി ടി ഉഷ, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് അഷറഫ്, പി ഹക്കീം, മിനി, ബിന്ദു, ബിനീഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി സി നാഗന്‍, ചെമ്പന്‍ ചെറി, ഗോപന്‍ മരുത, കെഎസ്ഇബി വഴിക്കടവ് സബ് എന്‍ജിനീയര്‍ ജിഷ്ണു സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക