|    Jun 22 Fri, 2018 10:48 pm
FLASH NEWS

ആദിവാസി കുടുംബങ്ങളുടെ ജീവിതം ചോര്‍ന്നൊലിക്കുന്ന വീടുകളില്‍

Published : 7th August 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: ഒരു മഴവന്നാല്‍ ഇടിഞ്ഞുവീഴുന്ന കോണ്‍ക്രീറ്റ് കൂരയില്‍ അഞ്ചു പട്ടികവര്‍ഗ കുടുംങ്ങള്‍, അതും പഞ്ചായത്ത് കാര്യാലയത്തിന് സമീപം താമസിക്കുന്ന കോളനിക്കാര്‍. എല്ലാവര്‍ക്കും വൈദ്യുതിയും ശൗചാലയവും നല്‍കിയെന്ന് കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ പ്രചാരണം നടത്തുമ്പോഴും കോടോം-ബേളൂര്‍ പഞ്ചായത്തിലെ പൊടവടുക്കം വാര്‍ഡിലെ അഞ്ച് കുടുംബങ്ങള്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഇരുട്ട് മുറിയില്‍ കഴിയുകയാണ്. നിന്നുതിരിയാന്‍പോലും കഴിയാത്ത കൊച്ചുമുറിക്കുള്ളില്‍ മഴയത്ത് തണുത്ത് വിറച്ച് കഴിയുന്ന ഈ കുടുംബങ്ങളുടെ സ്ഥിതി ഏറെ ദയനീയമാണ്. പഞ്ചായത്ത് ആസ്ഥാനത്തോടടുത്ത് 1991ല്‍ രാജീവ് ഗാന്ധി ദശലക്ഷം ഭവനപദ്ധതിയുടെ ഭാഗമായി 10 വീടുകളാണ് നിര്‍മിച്ചത്. ഇതില്‍ അഞ്ച് വീടുകളില്‍ താമസമില്ല. അഞ്ച് വീടുകളില്‍ പട്ടികവര്‍ഗത്തില്‍പെട്ട മലവേട്ടുവ മാവില സമുദായത്തില്‍പെട്ട കുടുംബങ്ങളാണ് കഴിയുന്നത്. ചെരിച്ചുവാര്‍ത്ത വീടുകളില്‍ മഴയത്ത് മുട്ടോളം വെള്ളമുണ്ടാകും. ടാര്‍പോളിങ് ഷീറ്റ് വാങ്ങി മേല്‍കൂര പുതച്ചുവെങ്കിലും ഭിത്തിയില്‍ നിന്നുള്ള ചോര്‍ച്ചകൊണ്ട് എപ്പോഴും നനഞ്ഞ അവസ്ഥയാണ്. കുടിവെള്ളത്തിന് വേനല്‍കാലത്ത് ഏറെ ദൂരം യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. മഴക്കാലത്ത് പോലും കോളനിയില്‍ ശുദ്ധജലത്തിന് യാതൊരു സംവിധാനവുമില്ല. ഈ പട്ടികവര്‍ഗ കോളനിയിലേക്കെത്തണമെങ്കില്‍ റോഡ് പോലുമില്ല. ചെങ്കുത്തായ കയറ്റം കയറിവേണം വീടുകളിലെത്താന്‍. 26 വര്‍ഷമായി ഇവര്‍ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും വീടിന് പട്ടയം ലഭിച്ചിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ആഗ്രഹിക്കുന്ന ഭൂമി എന്ന പദ്ധതിയുടെ അടിസ്ഥാനത്തില്‍ അപേക്ഷ നല്‍കിയ ഇവര്‍ക്ക് ഒരു കിലോമീറ്റര്‍ അകലെ 40 സെന്റ് വീതം ഭൂമി അനുവദിച്ചിരുന്നു. എന്നാല്‍ ഇവിടെ വീട് വെക്കുന്നതിന് സര്‍ക്കാര്‍ പണം അനുവദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പാവപ്പെട്ട ഈ കുടുംബങ്ങള്‍ വീടു നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ ലൈഫ് മിഷന്‍ പദ്ധതിക്ക് മാത്രമാണ് പണം അനുവദിക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച് സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടത്തിയ എല്‍ഡിഎഫ് സര്‍ക്കാറിലെ ഏതെങ്കിലും മന്ത്രിമാര്‍ ഈ കോളനികള്‍ സന്ദര്‍ശിക്കണം. വയറിങിന് പോലും സാധിക്കാത്ത അപകടാവസ്ഥയിലായ വീടുകളിലാണ് ഈ കുടുംബങ്ങള്‍ ഇരുട്ട്മുറികളില്‍ കഴിയേണ്ടിവരുന്നത്. 85 വയസുകാരി ചെറുമ്പി, നാരായണന്‍, രാമന്‍, ശ്യാമള, രാജന്‍ എന്നിവരാണ് കോളനിയില്‍ താമസിക്കുന്നത്. സമീപത്ത് ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍പെട്ട ബാബുവും താമസിക്കുന്നുണ്ട്. ഇയാള്‍ക്ക് ഇതുവരെ സര്‍ക്കാറില്‍ നിന്നും യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല. ഗ്രാമസഭകളില്‍ വീടിനായി അപേക്ഷ നല്‍കിയെങ്കിലും ഒരു കുടുംബത്തിന് പോലും വീട് അനുവദിച്ചിട്ടില്ല. ഇവര്‍ക്ക് വീടിന് പണം അനുവദിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്തുകൊണ്ടാണ് പട്ടികയില്‍ നിന്ന് പുറത്തായതെന്ന് അറിയില്ലെന്നുമാണ്് വാര്‍ഡ് അംഗമായ സിപിഐ പ്രതിനിധിയായ അമ്പാടി പറയുന്നത്. സംസ്ഥാനത്ത് ഏറ്റവും ദുരിത ജീവിതം നയിക്കുന്ന ഈ കോളനിയുടെ ദയനീയസ്ഥിതി മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ അവതരിപ്പിക്കുമെന്ന് ഊര്മൂപ്പനായ നാരായണന്‍ പറഞ്ഞു. രോഗങ്ങളുടേയും ദുരിതങ്ങളുടേയും നടുവില്‍ കഴിയുന്ന ഈ കോളനിയില്‍ രാഷ്ട്രീയ നേതാക്കള്‍ എത്തുന്നത് തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണെന്ന് കോളനിവാസികള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss