|    Mar 24 Fri, 2017 12:05 am
FLASH NEWS

ആദിവാസി ഊരുകൂട്ടങ്ങള്‍ ശക്തിപ്പെടുത്തണം: സെമിനാര്‍

Published : 30th September 2016 | Posted By: Abbasali tf

കല്‍പ്പറ്റ: ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ഊരുകൂട്ടങ്ങളെ ശക്തിപ്പെടുത്താനും ആരോഗ്യ പോഷണത്തിനായി ലഹരി ഉപഭോഗത്തില്‍ നിന്നു പിന്‍മാറാനും ട്രൈബല്‍ പ്രമോട്ടര്‍മാരുടെ സെമിനാര്‍ ആഹ്വാനം ചെയ്തു. മാനന്തവാടിയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച പട്ടികവര്‍ഗ വിഭാഗങ്ങളുടെ ആരോഗ്യ ജീവനം എന്ന സെമിനാറിലാണ് ജില്ലയിലെ ആദിവാസി വിഭാഗക്കാരുടെ സമൂലമായ പരിവര്‍ത്തനത്തിലേക്ക് വിരല്‍ചൂണ്ടുന്ന വിഷയാവതരണം നടന്നത്. 130ലധികം പ്രമോട്ടര്‍മാരും കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മാനന്തവാടി കാംപസിലെ ട്രൈബല്‍ സോഷ്യോളജി വിഭാഗത്തിലെ 25ഓളം വിദ്യാര്‍ഥികളും സന്നദ്ധ പ്രവര്‍ത്തകരും ഐടിഡിപി, എക്‌സൈസ് ഉദ്യോഗസ്ഥരും സെമിനാറില്‍ പങ്കെടുത്തു. ആദിവാസികളുടെ ജീവിതത്തില്‍ കാലാനുസൃതമായ പരിവര്‍ത്തനം ഉണ്ടായിട്ടുണ്ട്. എന്നാല്‍, ചില പ്രാക്തന വിഭാഗക്കാര്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും തയ്യാറാവാത്തത് കാലഘട്ടത്തിന്റെ ന്യൂനതയാണെന്ന് ആദിവാസി ജീവിതങ്ങളെ അപഗ്രഥിച്ച് ക്ലാസെടുത്ത മുന്‍ ഐടിഡിപി ജോയിന്റ് ഡയറക്ടര്‍ ഇ ജി ജോസഫ് പറഞ്ഞു. ആദിവാസി വിഭാഗങ്ങളുടെ ജീവിത പുരോഗതിക്കായി കാലാകാലങ്ങളില്‍ സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ അനുവദിക്കാറുണ്ട്. മിക്കപ്പോഴും തുക പരമാവധി ചെലവഴിക്കപ്പെടുമ്പോഴും ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അതേ പോലെ നിലനില്‍ക്കുന്ന അവസ്ഥകളുണ്ട്. പലതരത്തിലുള്ള ചൂഷണത്തിന് വിധേയമാവുന്നതും പതിവു കാഴ്ചയാണ്. ഇതിനെല്ലാം പിന്നില്‍ അവകാശബോധത്തിന്റെ അഭാവമുണ്ട്. സ്വയം തിരിച്ചറിവിന്റെ പാതയിലേക്ക് ഇവരെല്ലാം നയിക്കപ്പെടണം. ആദിവാസി കോളനികളുടെ ചുറ്റുവട്ടങ്ങളെക്കുറിച്ചുള്ള പഠനം അനിവാര്യമാണ്. ബാഹ്യമായ ഇടപെടലുകള്‍ ഇവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യങ്ങളെക്കുറിച്ച് ജാഗ്രത വേണം. ദേശീയ തലത്തില്‍ പഞ്ചവല്‍സര പദ്ധതികളില്‍ പോലും മാറ്റം വരികയാണ്. എന്നാല്‍, സംസ്ഥാനം അടുത്ത പഞ്ചവല്‍സര പദ്ധതിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് കാര്യമായ മുന്നൊരുക്കങ്ങള്‍ നടത്തുകയാണ്. ഇപ്പോള്‍ മൂപ്പന്‍മാര്‍ പോലും ഇല്ലാത്ത കോളനികളാണ് പെരുകുന്നത്. ഈ സാഹചര്യത്തില്‍ ഊരുകൂട്ടത്തെ ശക്തിപ്പെടുത്തുക എന്നതായിരിക്കണം ലക്ഷ്യം. പെസ പോലുള്ള നിയമങ്ങളുടെ പിന്തുണ ആദിവാസി മേഖലകളില്‍ കൂടുതല്‍ അധികാര വികേന്ദ്രീകരണം നടത്താന്‍ സഹായകമാവുമെന്നും സെമിനാര്‍ വിലയിരുത്തി. മദ്യം കോളനികളെ വിഴുങ്ങുന്നതിനെതിരേ ശക്തമായ ചെറുത്തുനില്‍പ് അനിവാര്യമാണെന്നു ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍ ജോസഫ് പറഞ്ഞു. ‘ആദിവാസികളും ലഹരി ഉപഭോഗവും’ എന്ന വിഷയത്തില്‍ എക്‌സസൈസ് പ്രിവന്റീവ് ഓഫിസര്‍ എസ് ബൈജു ക്ലാസെടുത്തു. ആദിവാസികളെ ചൂഷണം ചെയ്യുന്നത് ഏറെയും മദ്യവും ലഹരിവസ്തുക്കളും വാഗ്ദാനം ചെയ്താണ്. മദ്യപാനാസക്തി ആരോഗ്യത്തിലുപരി സാമൂഹിക അന്തരീക്ഷം കൂടി തകര്‍ക്കുകയാണ്. ഇവര്‍ക്കിടയിലിറങ്ങി ബോധവല്‍ക്കരണത്തിലൂടെ പടിപടിയായുള്ള മാറ്റത്തിന് തുടക്കമിടുകയാണ് ജനമൈത്രി എക്‌സെസ് സേനയും. ഇതിനോട് സഹകരിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക