|    Dec 17 Mon, 2018 8:51 pm
FLASH NEWS

ആദിവാസി ഊരുകളില്‍ കമ്മ്യൂണിറ്റി പഠന മുറികള്‍ തുടങ്ങും: മന്ത്രി

Published : 15th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഊര് അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി പഠന മുറികള്‍ തുടങ്ങുമെന്നു പട്ടികജാതി -വര്‍ഗ വികസന മന്ത്രി എകെ ബാലന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ആദിവാസി വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു പോവുന്ന അവസ്ഥയ്ക്ക് അറുതി വരുത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വല്‍വട്ടി പട്ടികവര്‍ഗ കോളനിയില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഓണക്കിറ്റ്, ഓണക്കോടി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും നല്‍കി പട്ടിക വിഭാഗങ്ങളെ പിന്നാക്കാവസ്ഥയി ല്‍നിന്നു കരകയറ്റുന്നതിനുള്ള പദ്ധതികളാണു സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ബിഎഡ്, ടിടിസി എന്നിവ പാസായ മുഴുവന്‍ ആദിവാസികള്‍ക്കും തൊഴില്‍ നല്‍കും.
വയനാട്ടില്‍ ഗോത്രഭാഷ അറിയാവുന്ന 241 പേരെ തിരഞ്ഞെടുത്ത് അധ്യാപക ജോലി നല്‍കി. ഇവര്‍ വഴി ആദിവാസി ഊരുകളില്‍ ഗോത്ര ഭാഷയില്‍ വിദ്യാഭ്യാസം നല്‍കുന്നത് ആരംഭിച്ചു. നൈപുണ്യ വികസനത്തിലൂടെ പ്രത്യേക പരിശീലനം നല്‍കി വിദേശ ജോലിയടക്കം തരപ്പെടുത്തിക്കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണ്. നൂറോളം പേരെ ഇതിനോടകം വിദേശത്തേക്ക് അയച്ചുകഴിഞ്ഞു. 1350 പേരെ ഉടന്‍ അയക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ ദാതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്താകെ 1,59,541 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റ് നല്‍കുന്നത്. 15 കിലോ അരി, 500 ഗ്രാം ചെറുപയര്‍, 500 ഗ്രാം പഞ്ചസാര, 200 ഗ്രാം മുളകുപൊടി, 500 ഗ്രാം ശര്‍ക്കര, ഒരു കിലോ വെളിച്ചെണ്ണ, ഒരു കിലോ ഉപ്പ്, 250 ഗ്രാം പരിപ്പ്, 200 ഗ്രാം ചായപ്പൊടി എന്നിവയടങ്ങുന്നതാണ് ഓണക്കിറ്റ്.
പൊതു വിപണിയില്‍ 1000 രൂപയ്ക്കു മേല്‍ വില വരുന്ന സാധനങ്ങളാണ് ഓണക്കിറ്റായി വിതരണം ചെയ്യുന്നത്. 60 വയസ്സിനു മേല്‍ പ്രായമുള്ള 56426 പട്ടിക വര്‍ഗക്കാര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4000 കുടുംബങ്ങള്‍ക്ക് ഇത്തവണ അധികമായി ഓണക്കിറ്റുകള്‍ നല്‍കുന്നുണ്ടെന്നും ഇത്രയും പേരില്‍ ഓണക്കിറ്റുകള്‍ എത്തിക്കുന്നതു ചരിത്രത്തില്‍ ആദ്യമാണെന്നും മന്ത്രി പറഞ്ഞു.
വല്‍വട്ടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സികെ ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സുജാതകുമാരി, കള്ളികാട് പഞ്ചായത്ത് പ്രസിഡന്റ് ജെആര്‍ അജിത, കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി മണികണ്ഠന്‍, അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് ബി ഷാജി, ജില്ലാ പഞ്ചായത്ത് അംഗം അന്‍സജിത റസല്‍, പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം എല്‍കെ കുമാരി, കള്ളിക്കാട് പഞ്ചായത്ത് അംഗങ്ങളായ ചിത്രാ ഉദയന്‍, ആര്‍ ഷിബു, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി പുഗഴേന്തി, പട്ടികജാതി പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ബി വിദ്യാധരന്‍ കാണി, പട്ടിക വര്‍ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍ പ്രസന്നന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ വി ശശീന്ദ്രന്‍, നെടുമങ്ങാട് ഐടിഡിപി പ്രൊജക്ട് ഓഫിസര്‍ സി വിനോദ് കുമാര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss