|    Jan 22 Sun, 2017 1:09 am
FLASH NEWS

ആദിവാസി ഊരുകളിലെ മദ്യനിരോധനം: വനിതകള്‍ രാപകല്‍ സമരത്തിലേക്ക്

Published : 17th February 2016 | Posted By: SMR

പാലക്കാട്: ആദിവാസി ഊരുകളിലെ മദ്യനിരോധനം സര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനയായ തായ്ക്കുലം സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മുതല്‍ 29 വരെ ആനക്കട്ടി ജങ്ഷനില്‍ റോഡരികില്‍ കുടില്‍ കെട്ടി രാപകല്‍ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1996 മുതല്‍ ആദിവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി സര്‍ക്കാ ര്‍ അട്ടപ്പാടിയില്‍ മദ്യനിരോധനം കൊണ്ടുവന്നെങ്കിലും ഇന്നും ഫലപ്രദമായി നടപ്പാവുന്നില്ല.
20 മുതല്‍ 50 വയസ്സുവരേയുള്ള ഭൂരിഭാഗം പേരും മദ്യമുള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ നിരന്തരം ഉപയോഗിക്കുന്നത് തുടരുകയാണ്. ഇതിനെതിരേ ബോധവല്‍ക്കരണ പരിപാടികളും മറ്റും നടത്തിയെങ്കിലും പൂര്‍ണലക്ഷ്യം നേടാനായിട്ടില്ല. അട്ടപ്പാടിയിലേക്ക് മദ്യമെത്തുന്നത് തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആനക്കട്ടിയിലെ വിദേശ മദ്യവില്‍പന ശാലകളില്‍ നിന്നും മണ്ണാര്‍ക്കാട്ടെ കേരള സര്‍ക്കാരിന്റെ വിദേശമദ്യവില്‍പന കേന്ദ്രങ്ങളി ല്‍ നിന്നുമാണ്. ആദിവാസികളുടെ കുടുംബജീവിതം തകര്‍ക്കുന്ന മദ്യ ഉപയോഗത്തിനെതിരെ കേരള എക്‌സൈസുമായും പോലിസുമായും ചേര്‍ന്ന് റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്തി നിരവധി പേര്‍ ശിക്ഷിക്കപ്പെടുന്നുണ്ടെങ്കിലും മദ്യ ഉപഭോഗം ഏറിവരികയാണ്. ഇതിന് പ്രധാന കാരണം തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് യഥേഷ്ടം മദ്യമെത്തുന്നതാണ്.
ആനക്കട്ടിയിലെ തമിഴ്‌നാട് സര്‍ക്കാരിന്റ നിയന്ത്രണത്തിലുള്ള മദ്യവില്‍പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും മണ്ണാര്‍ക്കാട്ടെ കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മദ്യവില്‍പനശാലകള്‍ അടയ്ക്കുകയും ചെയ്താ ല്‍ ഒരുപരിധിവരെ അത് തടയാനാവും. ഇക്കാര്യമാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നിവേദനം സമര്‍പ്പിച്ചിട്ടും ഇതുവരെ യാതൊരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിലാണ് ആദിവാസി വനിതകളുടെ നേതൃത്വത്തില്‍ ആനക്കട്ടി ജങ്ഷനില്‍ റോഡരികില്‍ ഇന്നുമുതല്‍ കുടില്‍കെട്ടി രാപകല്‍ സമരം നടത്തുന്നത്. രാവിലെ 10ന് ആരംഭിക്കുന്ന സമരത്തിലേക്ക് അട്ടപ്പാടിയിലെ ഓരോ ആദിവാസി ഊരുകളില്‍ നിന്നും 10ലേറെ വനിതകള്‍ പങ്കെടുക്കുമെന്നും കുടുംബശ്രീ, അയല്‍കൂട്ടം എന്നിവ വഴിയാണ് സമരപരിപാടിയിലേക്ക് ആളുകളെ അണിചേര്‍ക്കുകയെന്നും ഭാരവാഹികള്‍ അറിയിച്ചു.
നിലവില്‍ അട്ടപ്പാടിയിലുള്ള 192 ഊരുകളില്‍ നിന്ന് സ്ത്രീകള്‍ സമരപരിപാടിയില്‍ പങ്കെടുക്കും. കിഴക്കന്‍ അട്ടപ്പാടിയിലാണ് മദ്യം വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്. അട്ടപ്പാടിക്ക് പുറത്തു നിന്നെത്തിക്കുന്ന മദ്യം കൂടിയ വിലയോടെയും ലഹരി ചേര്‍ത്തുമാണ് വിറ്റഴിക്കുന്നത്. അട്ടപ്പാടിയില്‍ വ്യാപകമായിരുന്ന കള്ള് ചെത്തും വ്യാജവാറ്റും നിറുത്തിയെങ്കിലും പുറത്തുനിന്നുള്ളവര്‍ ആദിവാസികളെ പ്രലോഭിപ്പിച്ച് മദ്യം നല്‍കുന്നുണ്ട്. ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണ പരിപാടികളും തിരുത്തല്‍ നടപടികളും അടിയന്തരമായി ഉണ്ടായില്ലെങ്കില്‍ ആദിവാസികളുടെ ജീവിതത്തിന് തന്നെ അത് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവിലാണ് സമരപരിപാടി.
രാവിലെ 10ന് ആരംഭിക്കുന്ന രാപകല്‍ സമരത്തില്‍ ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികളും സമരത്തോടൊപ്പം അരങ്ങേറുമെന്ന് തായ്ക്കുലസംഘം പ്രസിഡന്റ് വി കെ ഭഗവതി, സെക്രട്ടറി മരുതി, കെ വഞ്ചി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദിവാസി എന്‍ജിഒ സംഘടനയായ തമ്പും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന് രാഷ്ട്രീയമില്ലെന്നും എന്നാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണയുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 93 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക