|    Sep 20 Thu, 2018 10:47 pm
FLASH NEWS

ആദിവാസി ഊരുകളിലും തൊഴിലാളി ലയങ്ങളിലും പട്ടിണി ഓണം

Published : 25th August 2018 | Posted By: kasim kzm

കെ മുഹമ്മദ് റാഫി

നെടുമങ്ങാട്: മഴ തിമര്‍ത്തു പെയ്തപ്പോള്‍ പട്ടിണിയിലായത് ജില്ലയിലെ മലയോര ഗ്രാമങ്ങളും ആദിവാസി ഊരുകളും തൊഴിലാളി ലയങ്ങളും. തിരുവോണ നാളില്‍ ഇവര്‍ പട്ടിണിയിലാണ്. ബോണക്കാട് എസ്റ്റേറ്റ്, ബ്രൈമൂര്‍ എസ്റ്റേറ്റ്, പൊടിയാക്കാല, ഞാറനീലി തുടങ്ങിയ ആദിവാസി ഊരുകളിലായി ആയിരത്തോളം പേരാണ് ഇത്തവണ പട്ടിണിയിലായിട്ടുള്ളത്. ബോണക്കാട്, ബ്രൈമൂര്‍ മേഖലകളില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി.
തുടര്‍ന്ന് ഇവിടേക്കുള്ള ഗതാഗതം പൂര്‍ണമായും അധികൃതര്‍ നിരോധിച്ചിരുന്നു. ഇതോടെ ഇവിടേക്ക് ഭക്ഷണമോ അവശ്യ വസ്തുക്കളോ എത്തിക്കാന്‍ വോളന്റിയര്‍മാര്‍ക്കോ മറ്റു ജീവനക്കാര്‍ക്കോ കഴിഞ്ഞിരുന്നില്ല. മഴ ശക്തമായ സാഹചര്യത്തില്‍ തൊഴിലെടുക്കാനും പറ്റാത്ത അവസ്ഥയായിരുന്നു. ബ്രൈമൂര്‍ എസ്റ്റേറ്റിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ദുരിതാശ്വാസ ക്യാംപിലേക്ക് മാറാന്‍ അവസരം ലഭിച്ചത്. ക്യാംപിലാവട്ടെ രാഷ്ട്രീയ പാര്‍ട്ടികളുടെ വടം വലി കാരണം ദുരിത ജീവിതമായിരുന്നു.
ഇവിടുണ്ടായിരുന്ന അംഗങ്ങള്‍ തൊട്ടടുത്ത ദിവസം തന്നെ ക്യാംപ് വിട്ടു. ഇതിനിടയില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കാതെ വന്നപ്പോള്‍ പാലോട് പെരിങ്ങമ്മലയിലെ ഒരു കൂട്ടം യുവാക്കള്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് അവിടെയെത്തി അത്യാവശ്യം ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തിരുന്നു.
എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇവര്‍ പട്ടിണിയിലാണ്. നൂറോളം വരുന്ന ആദിവാസി ഊരുകള്‍ പൂര്‍ണമായും പട്ടിണിയില്‍ കഴിയുകയാണ്. ആദിവാസി ഊരുകളില്‍ ഇപ്പോഴും ആരും എത്തിയിട്ടില്ലെന്നും സഹായം എത്തിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്്. നദികള്‍ കരകവിഞ്ഞൊഴുകിയതും പേപ്പാറ ഡാമില്‍ ജലനിരപ്പുയര്‍ന്നതും ആദിവാസി ഊരുകള്‍ തീരാ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
പലയിടത്തും വെള്ളം ഇറങ്ങാത്ത അവസ്ഥയാണ്. തോട്ടം, ആദിവാസി മേഖലകളില്‍ ഇറക്കിയിരുന്ന കൃഷികള്‍ പൂര്‍ണമായും നശിച്ചു. ഓണം ലക്ഷ്യമാക്കി മാസങ്ങള്‍ കൊണ്ട് നടത്തി വന്ന കൃഷി നശിച്ചത്് പലരെയും കടക്കെണിയിലാഴ്ത്തിയിരിക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss