|    Apr 22 Sun, 2018 9:58 pm
FLASH NEWS
Home   >  Life  >  Health  >  

ആദിവാസി ഊരിലെ കാന്‍സര്‍ രോഗി

Published : 9th August 2015 | Posted By: admin

എന്റെ രോഗി

ഡോ. ഷാജു തോമസ്

നിലമ്പൂരിലെ ഏതോ ആദിവാസി ഊരില്‍ നിന്നാണ് 80 വയസ്സു കഴിഞ്ഞ ആ ആദിവാസി വൃദ്ധന്‍ എന്റെ പരിശോധനാ മുറിയിലെത്തിയത്. മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഒ.പിയിലേക്ക് ഐ.ടി.ഡി.പി. പ്രമോട്ടര്‍മാര്‍ കൊണ്ടുവരുമ്പോള്‍ ഭക്ഷണമൊന്നും കഴിക്കാതെ തീരെ അവശനായിരുന്നു അദ്ദേഹം. എന്നിട്ടും ആദ്യമായി പട്ടണത്തിലെത്തിയതിന്റെ കൗതുകം അയാളുടെ മുഖത്ത് നിറഞ്ഞുനിന്നിരുന്നു. ഭക്ഷണം കഴിക്കാന്‍ കഴിയാത്തതായിരുന്നു ചാത്തന്റെ (പേര് സാങ്കല്‍പ്പികം) രോഗം. വിട്ടുമാറാത്ത ഛര്‍ദ്ദിയായിരുന്നു ഭക്ഷണവിരക്തിക്കു കാരണം. പരിശോധിച്ചപ്പോള്‍ വയര്‍ വീര്‍ത്തിരിക്കുന്നതായി കണ്ടു. രോഗം ഏറക്കുറേ മനസ്സിലായെങ്കിലും എന്‍ഡോസ്‌കോപ്പി ചെയ്യാന്‍ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാന ആശുപത്രിയാണെങ്കിലും എന്‍ഡോസ്‌കോപ്പി സൗകര്യം മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ് അവര്‍ പോയത്. അവിടെ നിന്നുള്ള എന്‍ഡോസ്‌കോപ്പി റിസള്‍ട്ട് എന്റെ സംശയം ശരിവച്ചു.

ചാത്തന്റെ ആമാശയത്തിന് കാന്‍സര്‍ ബാധിച്ചിരിക്കുന്നു.ഐ.ടി.ഡി.പി. പ്രമോട്ടര്‍മാരുമായുള്ള സംസാരത്തിനിടെ കാന്‍സര്‍ എന്നൊക്കെ കേള്‍ക്കുന്നുണ്ടെങ്കിലും അത് ചാത്തനില്‍ വലിയ പരിഭ്രമമൊന്നും ഉണ്ടാക്കിയില്ല. കാന്‍സര്‍ എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. 80 കഴിഞ്ഞ വൃദ്ധന്‍, അതും ആമാശയകാന്‍സര്‍ പിടിമുറുക്കി തീരെ അവശന്‍. ശസ്ത്രക്രിയയിലൂടെ കാന്‍സര്‍ ബാധിച്ച ഭാഗം നീക്കം ചെയ്യുകയാണ് ആദ്യചികിത്സ. അതിവേഗം വളരുന്ന കാന്‍സര്‍ കോശങ്ങളെ നീക്കം ചെയ്യാന്‍ ഇത് എത്രയും വേഗം ചെയ്യേണ്ടിയിരുന്നു. മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ഇത്തരമൊരു ശസ്ത്രക്രിയ ചെയ്യാനുള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. മുന്നിലുള്ള ഏക പോംവഴി രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുക എന്നതായിരുന്നു. നിലമ്പൂരില്‍നിന്നു മഞ്ചേരി ടൗണിലെത്താനുള്ള പ്രയാസം പറയാറുള്ള ചാത്തന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു പോകാന്‍ തയ്യാറായില്ല. പിന്നെയുള്ളത് രോഗിയെ അടുത്തുള്ള ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുക എന്നതാണ്. വണ്ടിക്കൂലിക്കു പോലും പണമില്ലാത്ത ആ അവശരോഗിയോട് സ്വകാര്യ ആശുപത്രിയിലേക്ക് പോകണമെന്നു പറയുന്നതു തന്നെ കടുപ്പമാണല്ലോ.

മഞ്ചേരിയിലെ ചികിത്സ തന്നെ മതിയെന്ന് ഓരോ വരവിലും ചാത്തന്‍ ശാഠ്യം പിടിച്ചു. മറ്റെവിടെയും ചികിത്സക്കു പോകുന്നില്ലെന്നും തീര്‍ത്തുപറഞ്ഞു.ആമാശയശസ്ത്രക്രിയ ചെയ്യണമെങ്കില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു സംഘം തന്നെ വേണം. മെഡിക്കല്‍ കോളജുകളില്‍ പ്രഫസര്‍മാരും പി.ജി. വിദ്യാര്‍ഥികളും ഉള്‍പ്പെട്ട സംഘമാണ് ഇതു ചെയ്യാറുള്ളത്. കൂടെ പരിചയം സിദ്ധിച്ച അസിസ്റ്റന്റുമാരുടെ സഹായവുമുണ്ടാകും. മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ഇതൊന്നുമില്ല. ഒരു സര്‍ജന്‍ മാത്രമാണുള്ളത്. പിന്നെയുള്ളത് ആത്മവിശ്വാസവും. ശസ്ത്രക്രിയയുടെ കാര്യത്തില്‍ തീരുമാനമാവാതെ ദിവസങ്ങള്‍ നീണ്ടു. ഇതിനിടെ ചാത്തന്‍ ആശുപത്രിയില്‍ വന്നുംപോയുമിരുന്നു. മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ തന്നെ ചാത്തനെ ശസ്ത്രക്രിയ നടത്താമെന്നു ചിന്തിച്ചെങ്കിലും അതിന്റെ ഗൗരവം ബോധ്യമായപ്പോള്‍ പിന്മാറി. രോഗിക്ക് അതും ആദിവാസി വൃദ്ധന് ശസ്ത്രക്രിയക്കിടെ എന്തെങ്കിലും സംഭവിച്ചാല്‍ മാധ്യമങ്ങള്‍ക്ക് അതു മതിയാകും. അപ്പോള്‍ പിന്നെ ആശുപത്രിയിലെ സൗകര്യക്കുറവോ രോഗിയുടെ അവസ്ഥയോ ആരും പരിഗണിക്കില്ല. ഡോക്ടര്‍ മാത്രമാകും കുറ്റക്കാരന്‍. ഇത്തരം അനുഭവങ്ങള്‍ ഏറെയുണ്ടല്ലോ.എന്തൊക്കെയായാലും ചാത്തനെ രോഗത്തിന്റെ പിടിയില്‍ വിട്ടുകൊണ്ട് നിസ്സഹായനായി മരിക്കാന്‍ വിടുന്നത് ശരിയല്ല എന്ന ചിന്ത മനസ്സില്‍ വളര്‍ന്നുതുടങ്ങി. ഒരു പക്ഷേ, ദൈവം അദ്ദേഹത്തിന് ആയുസ്സ് നീട്ടിക്കൊടുത്തിട്ടുണ്ടെങ്കിലോ. ഒടുവില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങളില്‍ ശസ്ത്രക്രിയ ചെയ്യാന്‍ തന്നെ തീരുമാനിച്ചു.  ദിവസവും നിശ്ചയിച്ചു.

ഒരു ദിവസം മുമ്പുതന്നെ ആശുപത്രിയിലെത്തിയ ചാത്തന്‍ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി ശസ്ത്രക്രിയമുറിയിലെത്തി. ആമാശയത്തില്‍ കാന്‍സര്‍ ബാധിച്ച ഭാഗം എടുത്തുകളയുന്ന ശസ്ത്രക്രിയ മൂന്നര മണിക്കൂര്‍ നീണ്ടു. തനിച്ചാണ് എല്ലാം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ അണുബാധയുണ്ടാവാതിരിക്കാന്‍ ഐ.സി.യുവിലും പോസ്റ്റ് ഓപറേറ്റീവ് വാര്‍ഡിലുമാണ് കിടത്താറുള്ളത്. ദിവസങ്ങള്‍ കഴിഞ്ഞ ശേഷമേ മുറിയിലേക്കു മാറ്റുകയുള്ളൂ. മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ഇതൊന്നും ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയയ്ക്കു ശേഷം ബോധം തെളിഞ്ഞ ചാത്തനെ ഉടന്‍ തന്നെ ജനറല്‍ വാര്‍ഡിലേക്കു മാറ്റി. ഏതാനും ദിവസങ്ങള്‍ക്കകം അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു. അതിനു ശേഷം മൂന്നു വര്‍ഷം കഴിഞ്ഞു. ഇപ്പോഴും ചാത്തന്‍ കാണാന്‍ വരാറുണ്ട്. പല്ലില്ലാത്ത മോണകാട്ടി വെളുക്കെ ചിരിച്ച് വിശേഷങ്ങള്‍ പറയാറുമുണ്ട്. കാന്‍സറിനുള്ള മറ്റു ചികിത്സകള്‍ തുടരുന്നുണ്ടെങ്കിലും സന്തോഷവാനാണ് അദ്ദേഹം. ആമാശയ കാന്‍സറെന്ന ഗുരുതര രോഗമാണ് തന്നെ ബാധിച്ചതെന്ന് അദ്ദേഹം ഇപ്പോഴും അറിഞ്ഞിട്ടുണ്ടാവില്ല. മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ വച്ചു ചെയ്തത് നിസ്സഹായനായ ഒരു രോഗിക്കു വേണ്ടിയുള്ള ഡോക്്ടറുടെ ഞാണിന്‍മേല്‍ കളിയായിരുന്നുവെന്നും അദ്ദേഹത്തോട് ആരും പറഞ്ഞിട്ടുമുണ്ടാവില്ല.

(മഞ്ചേരി മെഡിക്കല്‍ കോളജിലെ അസി. പ്രഫസറാണ് ഡോ. ഷാജു തോമസ് )

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss